മേഘാലയ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ആക്രമണം; 5 സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
തുറ: മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയുടെ ഓഫീസിന് നേരെ ആള്‍ക്കൂട്ട ആക്രമണം. ആക്രമണത്തില്‍ അഞ്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. മുഖ്യമന്ത്രി സുരക്ഷിതനാണെന്നാണ് റിപ്പോര്‍ട്ട്. ഓഫീസ് വളഞ്ഞ് ഒരു കൂട്ടം കല്ലെറിഞ്ഞെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നൂറുകണക്കിന് ആളുകളാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് ചുറ്റുമുള്ളത്.

ഗാരോ ഹില്‍സ് ആസ്ഥാനമായുള്ള സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ തുറയില്‍ ശീതകാല തലസ്ഥാനം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തി വരികയായിരുന്നു. ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് പുറത്ത് നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടി കല്ലെറിയാന്‍ തുടങ്ങിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ആക്രമണത്തില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. അവരെ സാംഗ്മയുടെ ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്.
ആക്രമണത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥര്‍ തറയില്‍ കിടക്കുന്നതും മുഖ്യമന്ത്രി സാങ്മ അവരെ പരിചരിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. മുഖ്യമന്ത്രി ഓഫീസില്‍ സുരക്ഷിതനാണ്. പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചതിനാല്‍ അദ്ദേഹത്തിന് ഓഫീസില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. സ്ഥിതി നിയന്ത്രണ വിധേയമാണെങ്കിലും സംഘര്‍ഷഭരിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.












Click it and Unblock the Notifications