അമ്മയെയും മകനെയും ജനക്കൂട്ടം തല്ലിക്കൊന്നു; മരുമകളുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍
ഗുവാഹത്തി: അസമിലെ തിന്‍സുകിയ ജില്ലയില്‍ അമ്മയെയും മകനെയും ജനക്കൂട്ടം തല്ലിക്കൊന്നു. മരുമകളെ കൊലപ്പെടുത്തിയെന്ന് ആരോപിച്ചാണ് അക്രമികള്‍ ഇരുവരെയും തല്ലിയത്. ജമുന താന്തി, മകന്‍ അജയ് എന്നിവരാണ് ക്രൂരതയ്ക്ക് ഇരയായത്. വെള്ളിയാഴ്ചയാണ് സംഭവം. മര്‍ദ്ദനമേറ്റ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജമുന വെള്ളിയാഴ്ചയും അജയ് ശനിയാഴ്ച രാവിലെയുമാണ് മരിച്ചത്.

അമ്മയെയും മകനെയും അടിച്ചവശരാക്കുന്ന വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വടിയും കമ്പിയും ഉപയോഗിച്ചാണ് മര്‍ദ്ദിച്ചത്. അമ്മയും മകനും നിലത്ത് വീണിട്ടും മര്‍ദ്ദനം തുടര്‍ന്നു.
അജയുടെ ഭാര്യ രാധയെ കഴിഞ്ഞ ബുധനാഴ്ച മുതല്‍ കാണാതായിരുന്നു. വെള്ളിയാഴ്ച മൃതദേഹം വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെടുത്തു. രാധയ്‌ക്കൊപ്പം കാണാതായ രണ്ടുമാസം പ്രായമുള്ള മകളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കേസെടുത്ത് പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്ന് തിന്‍സുകിയ പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് ദീപക് തമുലി പറഞ്ഞു.
രണ്ടു വര്‍ഷം മുമ്പാണ് അജയുടെയും രാധയുടെയും വിവാഹം കഴിഞ്ഞത്. പതിവായി തര്‍ക്കമുണ്ടായിരുന്നു. ബുധനാഴ്ച അജയ് തന്നെയാണ് ഭാര്യയെയും മകളെയും കാണാനില്ല എന്ന് നാട്ടുകാരെ അറിയിച്ചത്. രാധയുടെ വീട്ടുകാര്‍ എത്തി പലയിടത്തും പരിശോധിച്ചു. ഒടുവില്‍ മൃതദേഹം ടാങ്കില്‍ നിന്ന് കണ്ടെത്തി. പിന്നീട് അജയുടെ വീട്ടുകാരുമായി തര്‍ക്കമുണ്ടായി. സംഭവം പ്രചരിച്ചതോടെ നാട്ടുകാര്‍ സംഘടിച്ചെത്തി മര്‍ദ്ദിക്കുകയായിരുന്നു.












Click it and Unblock the Notifications