ദില്ലി സ്ത്രീകളുടെ സുരക്ഷയ്ക്കായി മൊബൈല്‍ ആപ് പുറത്തിറക്കി
ദില്ലി: ബലാത്സംഗങ്ങളുടെ തലസ്ഥാനമെന്നറിയിപ്പെട്ടിരുന്ന ദില്ലിയില്‍ സ്ത്രീ സുരക്ഷ ലക്ഷ്യം വെച്ച് പുതിയ മൊബൈല്‍ ആപ് പുറത്തിറക്കി. സര്‍ക്കാര്‍ സഹകരണത്തോടെ തയ്യാറാക്കിയ ആപ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ് ആണ് പുറത്തിറക്കിയത്. ഹിമ്മത് എന്ന് പേരിട്ടിരിക്കുന്ന ആപ് പ്ലേ സ്റ്റോറില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം.
സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് തടയിടുകയാണ് ആപ്പിന്റെ ലക്ഷ്യം. പോലീസ് സ്‌റ്റേഷനുമായും ബന്ധുക്കളുമായും പെണ്‍കുട്ടികള്‍ക്ക് എളുപ്പത്തില്‍ ബന്ധപ്പെടാന്‍ സഹായിക്കുന്ന തരത്തിലാണ് ആപ്പിന്റെ രൂപകല്‍പ്പന. ആപ്പിലൂടെ എത്രയും പെട്ടെന്ന് അടുത്തുള്ള പോലീസുമായി ബന്ധപ്പെടാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഓഡിയോ സന്ദേശമയക്കാനും ആപ്പിന് സാധിക്കും. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പെണ്‍കുട്ടിയുടെ സ്ഥാനം മനസിലാക്കാനും ആപ്പിലൂടെ സാധിക്കും. പോലീസ് സ്‌റ്റേഷനിലേക്കയക്കുന്ന സന്ദേശം ഒരേസമയം ബന്ധുക്കളിലുമെത്തും. ആപ്പില്‍ അഞ്ചു ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ സൂക്ഷിച്ചുവെക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
രാജ്യത്ത് തന്നെ ഇത്തരമൊരു സംവിധാനം ഇതാദ്യമായാണ്. അടുത്തിടെ വനിതാ ഡോക്ടര്‍ക്ക് നേരെയുണ്ടായ ആസിഡ് ആക്രമണത്തിന് ശേഷം യുവതിയെ സഹായിക്കാന്‍ ആരും രംഗത്തെത്താത്തത് വിവാദമായിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ഇവര്‍ക്ക് എത്രയും പെട്ടെന്ന് പോലീസ് സഹായമെത്തിക്കാന്‍ ആപ്പ് വഴിയൊരുക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications