• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊറോണ രോഗികളെ കൈകാര്യം ചെയ്യുമ്പോൾ അറിയേണ്ടത് എന്തെല്ലാം? സർക്കാർ ആശുപത്രികൾക്കുള്ള നിർദേശങ്ങൾ

ദില്ലി: രാജ്യത്ത് കൊറോണ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ ദിനം പ്രതി വർധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യയിൽ സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ചാണ് കൊറോണ ചികിത്സയും പുരോഗമിക്കുന്നത്. എന്നാൽ കൊറോണ ബാധിതരെ പ്രവേശിപ്പിക്കുന്ന ആശുപത്രികൾ പിന്തുടരേണ്ടത് കർശന മാനദണ്ഡങ്ങളാണ്. സർക്കാർ ആശുപത്രികളിലെ കൊറോണ ബാധിതരെ ചികിത്സിക്കുന്ന എമർജൻസി റെസ്പോൺസ് ടീം പിന്തുടരേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

അമേരിക്കയില്‍ നിന്നെത്തിയ എംഎല്‍എ ആഘോഷങ്ങളില്‍ പങ്കെടുത്ത് അടിച്ചുപൊളിച്ചു, ഒടുവില്‍ മുട്ടന്‍പണിയും

രോഗികളെ പരിശോധിക്കുന്ന മുറിയിൽ ഡോക്ടറും നഴ്സും ഉൾപ്പെടെയുള്ള ആരോഗ്യവകുപ്പ് ജീവനക്കാരാണ് ഉണ്ടാകേണ്ടത്. ഇവിടെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെടുന്നവരടെ ശാരീരിക പരിശോധനക്ക് ആവശ്യമായ സൌകര്യങ്ങൾ, സ്വയം രക്ഷാ ഉപകരണങ്ങൾ, മരുന്നുകൾ, കൈ കഴുകുന്നതിനും അണുനശീകരണത്തിനുമുള്ള സംവിധാനങ്ങൾ എന്നിവ ഉണ്ടായിരിക്കണം. ശ്വസന പ്രശ്നങ്ങൾ അനുഭവപ്പെടുന്ന രോഗികൾ ചികിത്സ തേടി എത്തിയാൽ അതിന് ശേഷം അണുനാശിനികൾ ഉപയോഗിച്ച് വൃത്തിയാക്കണം. ഈ മുറി വായുസഞ്ചാരമുള്ളതും എക്സ്ഹോസ്റ്റ് ഫാനുകൾ ഘടിപ്പിച്ചിട്ടുള്ളതുമായിരിക്കണം.ഇവിടെ ശുചീകരണ പ്രവർത്തനങ്ങൾക്കായി ഒരാൾ നിർബന്ധമായും ഉണ്ടായിരിക്കണം.

അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനുള്ള മുറികളിലും ഐസൊലേഷൻ വാർഡുകളിലും സ്വയം രക്ഷാ ഉപകരണങ്ങൾ, മരുന്നുകൾ, ഡിസ്പോസിബിൾ ഓക്സിജൻ അപ്പാരറ്റസ്, സക്ഷൻ മെഷീൻ, കൈ കഴുകുന്നതിനും അണുനശീകരണം നടത്തുന്നതിനുമുള്ള സംവിധാനങ്ങൾ എന്നിവ ഉണ്ടായിരിക്കണമെന്നാണ് ചട്ടം. ഓരോ തവണയും കൊറോണ ബാധിതർ പ്രവേശിക്കുമ്പോഴും മുറി ശുചിയാക്കണം. ശ്വസന സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവരിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്നതിനായി ഒരു ലാബ് ടെക്നീഷ്യനും ഈ മുറിയിൽ ഉണ്ടായിരിക്കണം.

ഐസിയുവിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കൈകാര്യം ചെയ്യുന്ന വിദഗ്ധൻ, അനസ്തേഷ്യോളജിസ്റ്റ്, നഴ്സുമാർ, ഓപ്പറേഷൻ തിയേറ്റർ ടെക്നീഷ്യൻ എന്നിവർ ഉണ്ടായിരിക്കണം. സ്വയം രക്ഷാ ഉപകരണങ്ങൾ, പ്രോട്ടോകൾ അനുസരിച്ചുള്ള അവബോധം കഴിവ് എന്നിവയുള്ള ജീവനക്കാരെയാണ് ഐസിയുവിൽ നിയോഗിക്കേണ്ടത്. ഓക്സിജൻ സംവിധാനം, എമർജൻസി മരുന്നുകൾ, മോണിട്ടറുകൾ, വെന്റിലേറ്ററുകൾ, ഡിഫ്രിബിലേറ്ററുകൾ എന്നിവയും ഐസിയുവിൽ തയ്യാറാക്കി വെച്ചിരിക്കണം. വാഹനത്തിൽ രോഗികളെ കൊണ്ടുവരുമ്പോൾ രോഗിയെയും ഡ്രൈവറുടെയും ഇടയിലുള്ള ഭാഗം കെട്ടി മറച്ചിരിക്കണം. ഓരോ തവണയും രോഗികളെ കൊണ്ടുവന്ന ശേഷവും വാഹനം വൃത്തിയാക്കുകയും അണുനാശനം നടത്തുകയും ചെയ്യേണ്ടത് നിർബന്ധമാണ്.

പൊതുവായി പാലിക്കേണ്ട നിർദേശങ്ങൾ

1. സ്വയം രക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് പുറമേ എപ്പോഴും കൈകളുടേയും ശ്വസന സംവിധാനത്തിന്റെയും വൃത്തി ഉറപ്പാക്കേണ്ടത് നിർബന്ധമാണ്. ഉപയോഗ ശേഷം ഗ്ലൌസ്, മാസ്ക് എന്നിവ അടപ്പുള്ള വേസ്റ്റ് ബിന്നിൽ നിക്ഷേപിച്ച് കൈകൾ ശുചിയാക്കേണ്ടതുണ്ട്. ഓരോ തവണയും മാസ്കും ഗ്ലൌസും ഇടുന്നതിനും നീക്കം ചെയ്യുന്നതിനും മുമ്പായും കൈകൾ വൃത്തിയാക്കി കഴുകുന്നത് അനിവാര്യമാണ്.

2. ആശുപത്രിയിൽ സന്ദർശകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തണം. കൊറോണ ബാധിതരെ സന്ദർശിക്കാനെത്തുന്നവർക്ക് മാസ്കും, ഗ്ലൌസും ഉൾപ്പെടെയുള്ള സ്വയം രക്ഷാ ഉപകരണങ്ങൾ എങ്ങനെയാണ് ഇടേണ്ടതെന്നും എങ്ങനെയാണ് സുരക്ഷിതമായി നീക്കം ചെയ്യേണ്ടത് എന്നതിനെക്കുറിച്ചും വ്യക്തമായ നിർദേശങ്ങൾ നൽകണം. ഇക്കാര്യം ആരോഗ്യ വകുപ്പ് ജീവനക്കാരുടെ മേൽനോട്ടത്തിലായിരിക്കണം നടക്കേണ്ടത്.

3. നോ ടച്ച് തെർമോമീറ്ററുകൾ, തെർമൽ ഇമേജിംഗ് ക്യാമറകൾ എന്നിവയെ കൊറോണ ബാധിതരിൽ നിന്ന് ഒരു മീറ്റർ അകലത്തിലാണ് സൂക്ഷിക്കേണ്ടത്.

4. എല്ലാ ദ്രുതകർമ സംഘാംഗങ്ങൾക്കും കൈകൾ വൃത്തിയായി സൂക്ഷിക്കുന്നത് എങ്ങനെയാണെന്നും സ്വയം രക്ഷാ ഉപകരണങ്ങൾ ഇടുന്നതും നീക്കം ചെയ്യുന്നതും എങ്ങനെയാണെന്നുമുള്ള പരീശീലനം നൽകിയിരിക്കണം.

കൊറോണ രോഗികളിൽ നിന്നോ രോഗമുണ്ടെന്ന് സംശയിക്കുന്നവരിൽ നിന്നോ സാമ്പിളുകൾ ശേഖരിക്കുന്നതിനുള്ള വിടിഎമ്മുകൾ, സിപ് ലോക്ക് ബാഗ്, കോൾഡ് എന്നിങ്ങനെയുള്ള എല്ലാത്തരം കിറ്റുകളും ലഭ്യമാണ്. കൊറോണ രോഗമുണ്ടെന്ന് സംശയിക്കുന്ന രോഗിയുടെ പരിശോധ സംബന്ധിച്ച വിവരങ്ങൾ വളരെ കുറച്ച് ആളുകൾ മാത്രമാണ് അറിയുന്നത് എന്നുറപ്പാക്കണം. കൊറോണ സ്ഥിരീകരിക്കുന്ന പരിശോധനകൾ നടക്കുമ്പോൾ അത് സ്ഥിരീകരിക്കുന്നതിന് ഒരു ഫിസിഷ്യന്റെ സാന്നിധ്യവും ഉണ്ടായിരിക്കണം. രോഗം സ്ഥിരീകരിച്ച ശേഷം എല്ലാത്തരത്തിലുള്ള സുരക്ഷാ മാർഗ്ഗങ്ങളും ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ജീവനക്കാർ കൈക്കൊള്ളണം.

ആരോഗ്യ രംഗത്തെ ജീവനക്കാരെ നിരീക്ഷിക്കൽ

ഡോക്ടമാർ, നഴ്സുമാർ, ടെക്നീഷ്യൻമാർ എന്നിവർക്ക് ആവശ്യമായ നിർദേശങ്ങളും വൈജ്ഞാനികമായ പരിശീലനങ്ങളും നൽകിയ ശേഷം കുറവുള്ള ജീവനക്കാരുടെ ഒഴിവ് നികത്തുന്നതിനായി ഉപയോഗിക്കാം. രോഗികളിൽ നിന്ന് ശരിയായ രീതിയിൽ സാമ്പിളുകൾ ശേഖരിക്കുന്നതിനുള്ള മേൽനോട്ടത്തിന് ആവശ്യമെങ്കിൽ മൈക്രോ ബയോളജിസ്റ്റുകളുടെ സേവനം ഉപയോഗപ്പെടുത്താം. ഇതിന് പുറമേ സാമ്പുകൾ പരിശോധന നടത്തുന്ന ലാബുകളിലെത്തിക്കുന്നതിനും ഇവരെ ഉപയോഗിക്കാം.

പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റുകൾ ആശുപത്രികൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊറോണ വൈറസ് ബാധ കുറച്ച് കൊണ്ടുവരുന്നതിനുള്ള ഉപദേശങ്ങൾ നൽകുന്നതിൽ വ്യാപൃതരായിരിക്കണം. രോഗം ഭേദമായി മടങ്ങുന്ന രോഗികളെ നിരീക്ഷണ സംഘത്തിന് കൈമാറുന്നതിനും മേൽനോട്ടം വഹിക്കണം. ഈ സംഘമാണ് നിശ്ചിത കാലയളവ് പൂർത്തിയാവുന്നത് വരെ രോഗബാധിതരെ നിരീക്ഷിക്കുക.

English summary
Mock Drill for Emergency Response for Handling Coronavirus cases in Govt Hospitals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X