ആഗോള സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി ഒന്നിച്ച് പ്രവർത്തിക്കും: ട്രംപുമായി ഫോണില്‍ സംസാരിച്ച് മോദി
ഡല്‍ഹി: അമേരിക്കൻ പ്രസിഡൻ്റായി അധികാരമേറ്റ് ഒരാഴ്ച തികയുന്നതിന് പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി ഡൊണാൾഡ് ട്രംപ്. "ചരിത്രപരമായ രണ്ടാം ടേമിൽ പ്രിയ സുഹൃത്തിനെ" അഭിനന്ദിക്കുന്നതായി ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞു. അമേരിക്കയുമായി "പരസ്പരം പ്രയോജനകരവും വിശ്വസനീയവുമായ പങ്കാളിത്തത്തിന്" ഇന്ത്യ എക്കാലത്തും പ്രതിജ്ഞാബദ്ധമാണെന്നും നരേന്ദ്ര മോദി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.
'എൻ്റെ പ്രിയ സുഹൃത്ത് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപുമായി സംസാരിക്കുന്നതിൽ സന്തോഷമുണ്ട്. ചരിത്രപരമായ രണ്ടാം ടേമിൽ അദ്ദേഹത്തെ അഭിനന്ദിച്ചു. പരസ്പര പ്രയോജനകരവും വിശ്വസനീയവുമായ പങ്കാളിത്തത്തിന് നമ്മള്‍ എക്കാലത്തും പ്രതിജ്ഞാബദ്ധരാണ്. നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിനും ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും സമൃദ്ധിക്കും വേണ്ടി ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും' പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഫോൺ സംഭാഷണത്തിനിടെ ചർച്ചയായതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്ക് സ്ഥാനാർത്ഥിയായിരുന്ന ട്രംപ് വിജയിച്ചതിന് പിന്നാലെ നവംബർ 7 നാണ് അവസാനമായി ഇരുവരും ഫോണിലൂടെ സംസാരിച്ചത്. ജനുവരി 20ന് നടന്ന ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പങ്കെടുക്കുകയും ചെയ്തു.
ഗുരുദ്വാരകളിലും പരിശോധന
അനധികൃത കുടിയേറ്റത്തിനെതിരായ നടപടികള്‍ അമേരിക്ക ശക്തമാക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ന്യൂയോർക്കിലെയും ന്യൂജഴ്സിയിലെയും ഗുരുദ്വാരകളില്‍ വരെ പരിശോധന നടന്നു. സിഖ് സംഘടനകളിൽനിന്ന് ശക്തമായ എതിർപ്പ് പരിശോധനയ്ക്ക് എത്തിയ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്മെന്റിൽനിന്നുള്ള ഉദ്യോഗസ്ഥർക്ക് നേരിടേണ്ടി വന്നതായും റിപ്പോർട്ട് പറയുന്നു.
ജന്മവകാശ പൗരത്വ നിയമം എടുത്തുകളയുന്നത് അടക്കമുള്ള ഉത്തരവുകളില്‍ അധികാരമേറ്റെടുത്തതിന് പിന്നാലെ ട്രംപ് ഒപ്പിട്ടിരുന്നു. യുഎസിൽ ജനിച്ചുവീഴുന്ന, രാജ്യത്തെ പൗരത്വമുള്ള ആളുകളുടെ കുട്ടികൾക്ക് പൗരത്വം നൽകുന്ന നിയമമായിരുന്നു ജന്മവകാശ പൗരത്വ നിയമം. യുഎസിൽ ജനിച്ചവരാണെങ്കിലും അതിന്റെ അധികാരപരിധിക്ക് വിധേയരല്ലാത്തവർ ജന്മാവകാശ പൗരത്വത്തിൽ നിന്ന് ഒഴിവാക്കപ്പെടുമെന്ന് പുതിയ നിയമം പറയുന്നു.
എച്ച്-1ബി വിസ ഉടമകൾ, ഗ്രീൻ കാർഡ് ഉടമകൾ (നിയമപരമായ സ്ഥിരതാമസക്കാർ), വിദ്യാർത്ഥി അല്ലെങ്കിൽ സന്ദർശക വിസയിലുള്ളവർ പോലുള്ള താൽക്കാലിക വിസ ഉടമകൾ, രേഖകളില്ലാത്ത കുടിയേറ്റക്കാർ എന്നിവർക്ക് യുഎസിൽ ജനിക്കുന്ന കുട്ടികളെ നിയമം ബാധിക്കും. അതേസമയം, ജന്മാവകാശ പൗരത്വ നിയമത്തിന് ഉപാധികള്‍ വെച്ചുകൊണ്ടുള്ള ഉത്തരവ് നടപ്പാക്കുന്നത് യു എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ജോൺ കൗഗ്നൂർ കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിട്ടുമുണ്ട്.












Click it and Unblock the Notifications