'മോഹന്‍ലാല്‍' കരംചന്ദ് ഗാന്ധിയും മോഡിയും!
ജയ്പൂര്‍: ഇന്ത്യയിലെ ഏത് കൊച്ചുകുട്ടിക്കും അറിയാവുന്ന കാര്യമാണ് രാഷ്ട്രപിതാവിന്റെ മുഴുവന്‍ പേര് മോഹന്‍ദാസ് കരം ചന്ദ് ഗാന്ധി എന്നാണെന്ന്. അപ്പോള്‍പിന്നെ ദേശീയ പാര്‍ട്ടിയായ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്ക് അത് അറിയില്ല എന്ന് കരുതാന്‍ ന്യായമില്ല. ഗാന്ധിജി പിറന്ന ഗുജറാത്തിന്റെ ഇന്നത്തെ മുഖ്യമന്ത്രി കൂടിയാണ് നരേന്ദ്രമോഡി എന്നും ഓര്‍ക്കണം.
എന്നിട്ടും ഗാന്ധിജിയെ മോഹന്‍ലാല്‍ കരം ചന്ദ് ഗാന്ധി എന്ന് നരേന്ദ്രമോഡി വിളിച്ചുപോയത് എങ്ങിനെയായിരിക്കും. നാക്ക് പിഴച്ചതാണോ? അതോ രാഷ്ട്രീയറാലിയില്‍ പ്രവര്‍ത്തകരുടെ ആവേശം കൊണ്ട് സ്വയം മറന്നുപോയതോ? അതുമല്ലെങ്കില്‍ ആളുകളെ ആകര്‍ഷിക്കാനുള്ള ഒരു തന്ത്രം? അവസാനം പറഞ്ഞതിനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാന്‍ പറ്റില്ല എന്ന് പറയുന്നവരുമുണ്ട്.
രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോഡിക്ക് നാക്കില്‍ ഗുളികന്‍ കയറിയത്. മധ്യപ്രദേശില്‍ അവസാന ദിവസങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് പൊതുശ്രദ്ധ കുറയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മോഡി ഒരേയൊരു പരാമര്‍ശത്തിലൂടെ മാധ്യമശ്രദ്ധയുടെ റഡാര്‍ വീണ്ടും തന്നിലേക്കെത്തിച്ചത്. കോണ്‍ഗ്രസിന്റെ കോട്ടകള്‍ തകര്‍ക്കാനുള്ള വെല്ലുവിളി ഏറ്റെടുത്ത ഗുജറാത്ത് മുഖ്യമന്ത്രിയുടെ തന്ത്രങ്ങളില്‍ പലതും എതിര്‍പാളയങ്ങളെ ആശങ്കപ്പെടുത്തുന്നതാണ് എന്നതും ഇതിനോട് കൂട്ടിവായിക്കണം.
മോഡിക്ക് ചരിത്രമറിയില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗും സല്‍മാന്‍ ഖുര്‍ഷിദും മറ്റും പറഞ്ഞേക്കാം. യൂത്ത് കോണ്‍ഗ്രസുകാര്‍ ചരിത്രപുസ്തകങ്ങള്‍ മോഡിക്ക് പാര്‍സലായി അയച്ചുകൊടുത്തേക്കാം. പക്ഷേ പബ്ലിസിറ്റി പോസിറ്റീവായാലും നെഗറ്റീവായാലും അതെങ്ങനെ മാര്‍ക്കറ്റ് ചെയ്യണമെന്നറിയുന്ന തന്ത്രജ്ഞനാണ് മോഡി. കോണ്‍ഗ്രസും പരിവാരങ്ങളും കൂട്ടത്തോടെ ആക്രമിക്കുമ്പോഴും പ്രതീക്ഷയോടെ മോഡി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നതിന് കാരണവും മറ്റൊന്നല്ല.
മോഡിയുടെ പ്രസംഗങ്ങളിലെ 'ചരിത്രപരമായ മണ്ടത്തരങ്ങളിലേക്ക്,

മോഹല്‍ലാല്‍ കരംചന്ദ് ഗാന്ധി
പട്ടികയില്‍ ഏറ്റവും ഒടുവിലത്തേത് ഇതാണ്. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് മോഡിക്ക് ഭീമമായ ഈ നാക്ക് പിഴവ് സംഭവിച്ചത്.

ആരാണീ ശ്യാമപ്രസാദ് മുഖര്‍ജി
ജനസംഘം സ്ഥാപകനായ ശ്യാമപ്രസാദ് മുഖര്‍ജിയുടെ മരണത്തീയതിയും വിവരങ്ങളും തെറ്റിച്ചതാണ് മോഡിയുടെ ശ്രദ്ധേയമായ മറ്റൊരു അബദ്ധം

എവിടെയാണീ തക്ഷശില
തക്ഷശില ബിഹാറിലാണ് എന്ന് മോഡി പറഞ്ഞു എന്നാണ് വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍ നളന്ദ -തക്ഷശില എന്ന് ഒരൊഴുക്കിന് വേണ്ടി പറഞ്ഞതാണ് എന്ന് മോഡിയെ ന്യായീകരിക്കുന്നവര്‍ വാദിക്കുന്നു.

സര്‍ദാര്‍ പട്ടേലും നെഹ്‌റുവും
പട്ടേലിന്റെ സംസ്‌കാരചടങ്ങുകള്‍ക്ക് നെഹ്‌റു പങ്കെടുത്തില്ല എന്നായിരുന്നു മോഡിയുടെ ആക്ഷേപം. എന്നാല്‍ ഇത് തെറ്റാണെന്ന് ചരിത്രപണ്ഡിതര്‍ പറയുന്നു.

ചൈനയിലെ വിദ്യാഭ്യാസം
ചൈന ജിഡിപിയുടെ 20 ശതമാനം വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നു എന്നായിരുന്നു മോഡിയുടെ ഒരു പരാമര്‍ശം. എന്നാലിത് നാല് ശതമാനം മാത്രമാണെന്നാണ് കേന്ദ്രം പറയുന്നത്.

രക്തത്തില്‍ മുങ്ങിയ കൈ
കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തിയെ രക്തം പുരണ്ടത് എന്ന് വിശേഷിപ്പിച്ച് ഇലക്ഷന്‍ കമ്മീഷന്റെ നോട്ടീസ് കൈപ്പറ്റിയിരിക്കുകയാണ് മോഡി.

രാജകുമാരാ...
രാഹുല്‍ ഗാന്ധിയെ ഷെഹ്‌സാദ എന്ന് വിളിച്ച് മോഡി കളിയാക്കുന്നു എന്ന് കോണ്‍ഗ്രസുകാര്‍ക്ക് പരാതിയുണ്ട്. മോഡിയുടെ പ്രസംഗം കേള്‍ക്കുന്നവര്‍ക്കും ഇത് തോന്നിയാല്‍ അത്ഭുതപ്പെടാനില്ല.

ആള്‍ക്കൂട്ടത്തിന്റെ നായകന്‍
ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ മോഡിയ കാണാനും കേള്‍ക്കാനുമായി അഭൂതപൂര്‍വ്വമായ ആള്‍ക്കൂട്ടമാണ് ഓരോ സമ്മേളനസ്ഥലത്തും തടിച്ചുകൂടുന്നത്.












Click it and Unblock the Notifications