മോഡി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി
ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
രാജസ്ഥാന്, ഛത്തിസ്ഗഡ്, മധ്യപ്രദേശ്, ദില്ലി, മിസോറാം തുടങ്ങിയ അഞ്ചു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മോഡിയുടെ പേര് ബിജെപി പ്രഖ്യാപിക്കരുതെന്ന നിലപാടായിരുന്നു സീനിയര്‍ നേതാക്കളായ എല്‍കെ അഡ്വാനിയ്ക്കും സുഷമാ സ്വരാജിനും മുരളി മനോഹര്‍ ജോഷിയ്ക്കുമുണ്ടായിരുന്നത്.
എന്നാല്‍ പിന്നീട് ഇവരും ഭൂരിപക്ഷ തീരുമാനത്തെ അംഗീകരിച്ചതോടെ മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാട്ടാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിങാണ് തീരുമാനം പ്രഖ്യാപിച്ചത്.
അഡ്വാനിയെ അനുനയിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും ബിജെപി നേതൃത്വം അവസാന നിമിഷം വരെ കൈകൊണ്ടിരുന്നു. അനുഗ്രഹം വാങ്ങാന്‍ മോഡി ഉടന്‍ തന്നെ അഡ്വാനിയുടെ വസതിയിലേക്ക് പോകുമെന്ന് സിങ് വ്യക്തമാക്കിയിരുന്നു.