ബിജെപിയിലെ വിമത ഭീഷണി ഇല്ലാതാക്കി മോദി.... പ്രതിഷേധിച്ചവര്‍ക്കെല്ലാം സീറ്റ് നല്‍കി!!
ദില്ലി: സംസ്ഥാന തിരഞ്ഞെടുപ്പ് അടുത്തതോടെ ആശങ്കയിലായിരുന്നു ബിജെപിയുടെ കേന്ദ്ര നേതൃത്വം. സീറ്റ് കിട്ടാത്ത പല നേതാക്കളും ഒറ്റയടിക്ക് വിമതരായി മാറി. ഇതോടെ തോല്‍ക്കുമെന്ന അവസ്ഥയിലായിരുന്നു ബിജെപി. രാജസ്ഥാനില്‍ മാനവേന്ദ്ര സിംഗും മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്റെ സഹോദരനുമൊക്കെ ഇത്തരത്തില്‍ പാര്‍ട്ടി വിട്ടവരായിരുന്നു. എന്നാല്‍ ഈ പ്രശ്‌നങ്ങളൊക്കെ ഒറ്റദിവസം കൊണ്ട് പരിഹരിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും അദ്ദേഹത്തിന്റെ ഇടപെടല്‍ വിമത ഭീഷണി ഇല്ലാതാക്കിയിരിക്കുകയാണ്. ഇവരുമായി മോദി നേരിട്ട് സംസാരിച്ചെന്നാണ് സൂചന. മധ്യപ്രദേശില്‍ മുന്‍ മുഖ്യമന്ത്രി അടക്കം മോദിയുടെ ഇടപെടലില്‍ സംതൃപ്തി അറിയിച്ചിരിക്കുകയാണ്. തല്‍ക്കാലത്തേക്ക് ബിജെപിക്ക് ആശ്വാസം നല്‍കുന്നതാണ് ഇക്കാര്യങ്ങള്‍.

രാജസ്ഥാനിലെ ഭീഷണി
രാജസ്ഥാനില്‍ മാനവേന്ദ്ര സിംഗും ഹനുമാന്‍ ബേനിവാളുമെല്ലാം ബിജെപിയുടെ നേതൃത്വത്തിനെതിരെ പരസ്യമായ പ്രക്ഷോഭം പ്രഖ്യാപിച്ചവരാണ്. ഇതിന് പുറമേ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ വിമതന്‍മാരുടെ എണ്ണം കൂടുകയും ചെയ്തു. ഇവരെ ഒതുക്കാന്‍ വസുന്ധര രാജെയ്ക്ക് സാധിച്ചിരുന്നില്ല. അതേസമയം പാര്‍ട്ടിയില്‍ പ്രതിഷേധക്കുന്നവരെ മോദി നേരിട്ട് വിളിച്ച് സംസാരിച്ചിരിക്കുകയാണ്. ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. മോദിയുടെ ഉറപ്പില്‍ ഇവര്‍ സംതൃപ്തരാണ്.

മുന്‍ മുഖ്യമന്ത്രിയുടെ പ്രക്ഷോഭം
മധ്യപ്രദേശില്‍ മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ കഴിഞ്ഞ ദിവസം വലിയ പ്രക്ഷോഭം പാര്‍ട്ടിക്കുള്ളില്‍ നടത്തിയിരുന്നു. അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചതാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചത്. പത്ത് തവണ ഒരേ മണ്ഡലത്തില്‍ നിന്ന് ജയിച്ച നേതാവാണ് അദ്ദേഹം. ശിവരാജ് സിംഗ് ചൗഹാന് മുമ്പ് സംസ്ഥാനത്ത് മുഖ്യമന്ത്രിയുമായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് നല്‍കിയ വാക്ക് പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. നേരത്തെ മന്ത്രിസഭയില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു.

ഗോവിന്ദപുരയിലെ മത്സരം
ബാബുലാല്‍ ഗൗര്‍ ഗോവിന്ദപുരയിലെ വലിയ നേതാവാണ്. ഇവിടെ ഭോപ്പാല്‍ മേയര്‍ അലോക് വര്‍മ മത്സരിക്കുമെന്നാണ് ബിജെപി സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ഇവിടെ വേണ്ടി വന്നാല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ബാബുലാല്‍ പ്രഖ്യാപിച്ചതോടെ മോദി ഇടപെടുകയായിരുന്നു. സംസ്ഥാന നേതൃത്വം ഉടന്‍ തന്നെ അദ്ദേഹവുമായി ചര്‍ച്ച നടത്തി. തന്നെ ചില ബിജെപി നേതാക്കള്‍ ചേര്‍ന്ന് രാഷ്ട്രീയത്തില്‍ നിന്ന് ഒഴിവാക്കാനാണ് ശ്രമിച്ചതെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

സത്യഗ്രഹം ആരംഭിച്ചു
മത്സരിക്കാന്‍ ടിക്കറ്റ് ആവശ്യപ്പെട്ട് ബാബുലാല്‍ ഗൗര്‍ സത്യഗ്രഹം ആരംഭിച്ചതോടെ ബിജെപി വലിയ നാണക്കേടിലായിരുന്നു. പൊതുവേദിയില്‍ വെച്ചാണ് തനിക്ക് സീറ്റ് നല്‍കാമെന്ന് മോദി പ്രഖ്യാപിച്ചതെന്ന് ബാബുലാല്‍ ആരംഭിച്ചിരുന്നു. ഭോപ്പാലില്‍ വെച്ച് നടന്ന ബിജെപി കാര്യകര്‍ത്ത യോഗത്തില്‍ വെച്ച് ബാബുലാലിന് ഒരവസരം കൂടി നല്‍കണമെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. ഈ വിഷയം ചൂണ്ടിക്കാണിച്ചതോടെ മോദി സംസ്ഥാന നേതൃത്വവുമായി ഇടപെട്ട് എത്രയും പെട്ടെന്ന് വിഭാഗീയത പരിഹരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

മരുമകള്‍ക്ക് സീറ്റ്
ബാബുലാല്‍ ഗൗറിന്റെ മരുമകള്‍ കൃഷ്ണയ്ക്ക് സീറ്റ് നല്‍കാമെന്ന് ബിജെപി സമ്മതിച്ചിട്ടുണ്ട്. ബാബുലാലിനും ഇത് സമ്മതാണ്. അദ്ദേഹത്തിന് പകരം ഗോവിന്ദപുരയില്‍ നിന്ന് കൃഷ്ണ മത്സരിക്കും. പ്രധാനമന്ത്രിയുടെ ഇടപെടലാണ് തന്റെ കുടുംബത്തിന് സീറ്റ് ലഭിക്കാന്‍ കാരണമെന്ന് അദ്ദേഹം പറയുന്നു. കൃഷ്ണ ഗൗര്‍ മുന്‍ ഭോപ്പാല്‍ മേയറും ബിജെപിയുടെ സംസ്ഥാന സെക്രട്ടറിയുമാണ്. ഗോവിന്ദപുരയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഇവര്‍ക്ക് ജയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications