ആര്‍എസ്എസാണ് ബിജെപിയെ നയിക്കുന്നതെന്നു ശാസ്ത്രജ്ഞന്‍ പിഎം ഭാര്‍ഗവ
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും സര്‍ക്കാരിനെതിരെയും ആഞ്ഞടിച്ച് പ്രശസ്ത ശാസ്ത്രജ്ഞന്‍ പി.എം ഭാര്‍ഗവ രംഗത്ത്. ശാസ്ത്ര ലോകത്തെക്കുറിച്ച് ഒന്നും അറിയാത്തവരാണ് ബിജെപി സര്‍ക്കാരെന്ന് ഭാര്‍ഗവ പറയുന്നു. ശാസ്ത്ര ലോകത്തെക്കുറിച്ച് ഏറ്റവും കുറഞ്ഞ അറിവ് മാത്രമേ മോദിക്കുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മതം ആയുധമാക്കുന്നതാണ് ഇപ്പോള്‍ ഇന്ത്യയിലെ ശാസ്ത്രലോകം നേരിടുന്ന വെല്ലുവിളിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശാസ്ത്ര ബോധത്തിനു വിരുദ്ധമായാണ് ആര്‍എസ്എസും ബിജെപിയും പ്രവര്‍ത്തിക്കുന്നത്. സ്ത്രീകള്‍ ജോലിക്കു പോകരുതെന്ന് പറയുന്ന മോഹന്‍ ഭഗവതിന്റെ പ്രസ്താവന അതിനു ഉദാഹരണമാണെന്നും ഭാര്‍ഗവ പറഞ്ഞു.

ഗോവധനത്തിനെക്കുറിച്ചും അദ്ദേഹം പ്രതികരിക്കുകയുണ്ടായി. എന്തു കഴിക്കണം, എന്തു ധരിക്കണം, ആരെ സ്‌നേഹിക്കണമെന്നതും വ്യക്തിപരമാണെന്ന് ഭാര്‍ഗവ അഭിപ്രായപ്പെട്ടു. പല രോഗങ്ങള്‍ക്കും മാട്ടിറച്ചി നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. ആയുര്‍വേദാചാര്യര്‍ പോലും അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
ജനങ്ങള്‍ എന്തു കഴിക്കണമെന്ന കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നത്. ആര്‍എസ്എസാണ് ബിജെപിയെ നയിക്കുന്നതെന്നും പിഎം ഭാര്‍ഗവ കുറ്റപ്പെടുത്തി.












Click it and Unblock the Notifications