ചെങ്കോലില്‍ കേന്ദ്ര വാദം സത്യമാണോ? അമിത് ഷാ പറഞ്ഞതിനൊന്നും തെളിവില്ല, സംഭവം ഇങ്ങനെ
ദില്ലി: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാപിക്കാന്‍ പോകുന്ന ചെങ്കോലിനെ കുറിച്ചുള്ള ചരിത്ര സംശയങ്ങള്‍ തീരുന്നില്ല. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ പ്രതീകമായിട്ടാണ് ഈ സ്വര്‍ണ ചെങ്കോലിനെ കാണുന്നത്. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യ അധികാരം നേടിയ നിമിഷം അധികാര ചിഹ്നമായി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഏറ്റുവാങ്ങിയ ചെങ്കോലാണിത്.
കഴിഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ധനകാര്യ മന്ത്രി നിര്‍മല സീതാരാമനും ചെങ്കോലിനെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഇത് തമിഴ്‌നാടിന്റെ അഭിമാനമാണെന്നും കുറിച്ചിരുന്നു.തിരുവാവാടുതുറൈ അദീനമാണ് ഈ ചെങ്കോല്‍ നിര്‍മിച്ചത്. കേന്ദ്ര സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ഇതിനെ കുറിച്ചുള്ള വിവരങ്ങളുണ്ട്.

ഇന്ത്യയുടെ അധികാര കൈമാറ്റത്തിന്റെ ചിഹ്നമാണിതെന്നും ആ രേഖയില്‍ പറയുന്നു. അധികാരം കൈമാറുന്നതിന് എന്തെങ്കിലും നടപടി ക്രമങ്ങളുണ്ടോ എന്ന് മൗണ്ട്ബാറ്റന്‍ നെഹ്‌റുവിനോട് ചോദിച്ചുവെന്നാണ് ഇതില്‍ പറയുന്നത്. ഇന്ത്യയിലെ അവസാന ഗവര്‍ണര്‍ ജനറലായ രാജഗോപാലാചാരിയോട് നെഹ്‌റു തുടര്‍ന്ന് ഉപദേശം തേടിയെന്നും പറയുന്നു.
തിരുവാവാടുതുറൈ അദീനം ചെങ്കോല്‍ നിര്‍മിച്ച കാര്യവും, അത് അധികാരത്തിന്റെ ചിഹ്നത്തിന്റെ സൂചകമായി മാറിയതുമെല്ലാം രാജഗോപാലാചാരി നെഹ്‌റുവിനെ അറിയിച്ചുവെന്നും സര്‍ക്കാര്‍ രേഖയില്‍ പറയുന്നു. ഈ ചെങ്കോല്‍ പ്രത്യേക വിമാനത്തിലാണ് എത്തിച്ചതെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.
രാജ്യത്തിന്റെ അധികാരം ഏറ്റെടുക്കുന്ന വേളയില്‍ രാജാക്കന്മാര്‍ രാജഗുരുവില്‍ നിന്ന് ചെങ്കോല്‍ ഏറ്റുവാങ്ങുന്ന സമ്പ്രദായ ദക്ഷിണേന്ത്യയില്‍ ഉണ്ടായിരുന്നതായിട്ടാണ് രാജഗോപാലാചാരി നെഹ്രുവിനെ അറിയിച്ചത്. ഇത് ഇഷ്ടപ്പെട്ട നെഹ്‌റു ചെങ്കോല്‍ തയ്യാറാക്കാന്‍ രാജാജിയെ ചുമതലപ്പെടുത്തി എന്നാണ് സര്‍ക്കാര്‍ രേഖയിലുള്ളത്.
അഥീനത്തിന്റെ തലവനായ ആംബലവന പണ്ഡാരസന്നധി സ്വാമികള്‍ ഈ ചെങ്കോല്‍ നെഹ്‌റുവിന് സമ്മാനിച്ചുവെന്നതിന് തെളിവുകളുണ്ട്. എന്നാല്‍ സ്വാതന്ത്ര്യത്തിന്റെ ഭാഗമായുള്ള അധികാര കൈമാറ്റത്തിന് വേണ്ടിയായിരുന്നോ എന്ന കാര്യത്തിലാണ് കൃത്യമായ തെളിവില്ലാത്തത്.
നിരവധി രേഖകള്‍ തെളിവായി ഉണ്ടെന്നാണ് ധനമന്ത്രിപറഞ്ഞത്. ഇവ മാധ്യമങ്ങള്‍ക്ക് ധനമന്ത്രി കൈമാറുകയും ചെയ്തു. പുസ്തകങ്ങള്‍, ലേഖനങ്ങള്‍, മാധ്യമ റിപ്പോര്‍ട്ട്, സോഷ്യല്‍-ബ്ലോഗ് പോസ്റ്റുകള്‍ എന്നിവ ചേര്‍ത്താണ് ഈ രേഖകള്‍ തയ്യാറാക്കിയിരിക്കുന്നത്. നിരവധി ദിനപത്രങ്ങളില്‍ ഈ ചെങ്കോല്‍ കൈമാറുന്നതിന്റെ റിപ്പോര്‍ട്ടുകളും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ഒരു പത്രവും അധികാര കൈമാറ്റത്തിന്റെ ചിഹ്നമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം ചെങ്കോലുമായി വന്ന പ്രതിനിധി സംഘം ട്രെയിനിലാണ് വന്നത്. പ്രത്യേക വിമാനത്തിലാണ് എന്നത് തെറ്റായ കാര്യമാണ്. ടൈം മാഗസിന്റെ റിപ്പോര്‍ട്ടിലോ, സ്വാതന്ത്ര്യം അര്‍ധ രാത്രിയില്‍ എന്ന പുസ്തകത്തിലോ അധികാര കൈമാറ്റ ചിഹ്‌നമാണ് ചെങ്കോല്‍ എന്ന് അവകാശപ്പെടുന്നില്ല. എന്നാല്‍ തുഗ്ലക് മാഗസിനില്‍ എഡിറ്റര്‍ ഗുരുമൂര്‍ത്തി 2021ല്‍ എഴുതിയ ലേഖനത്തില്‍ സര്‍ക്കാരിന്റെ ഇപ്പോഴത്തെ വാദം അതേപടിയുണ്ട്.
കാഞ്ചി കാമകോടി പീഠത്തിന്റെ 68ാമത് അധിപനായിരുന്ന ചന്ദ്രശേഖരേന്ദ്ര സരസ്വതി തന്റെ ശിഷ്യനോട് ഓര്‍മയില്‍ നിന്നെടുത്ത് പറഞ്ഞ കാര്യങ്ങളാണ് ഇത്. തമിഴ് എഴുത്തുകാരനായ ജയമോഹന്‍ ഈ വാദങ്ങളെല്ലാം തള്ളുന്നു. നെഹ്‌റുവിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ച സമ്മാനങ്ങളിലൊന്നായിരുന്നു ചെങ്കോല്‍ എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications