മോദിക്ക് കുറച്ചുകൂടി സമയം കൊടുക്കണം: മന്‍മോഹന്‍ സിംഗ്
ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിനെ എഴുതിത്തള്ളാറായിട്ടില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. രാജ്യത്തെ സാമ്പത്തികരംഗം ശക്തിപ്പെടുത്താന്‍ പുതിയ സര്‍ക്കാരിന് കുറച്ചുകൂടി സമയം കൊടുക്കണം എന്നാണ് മന്‍മോഹന്‍ സിംഗ് പറഞ്ഞത്. അവശ്യസാധനങ്ങളുടെ വിലക്കയറ്റവും ട്രെയിന്‍ യാത്രക്കൂലി വര്‍ദ്ധനവും കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുമ്പോഴാണ് മോദിക്ക് ആശ്വാസമായി സിംഗ് രംഗത്തെത്തിയത്.
മദ്രാസ് ഹൈക്കോടതി ജഡ്ജി നിയമനത്തില്‍ പ്രധാനമന്ത്രിയാരിക്കേ താന്‍ പരിധിവിട്ട് ഇടപെട്ടു എന്ന വിവാദത്തില്‍ പ്രതികരിക്കാന്‍ മന്‍മോഹന്‍ സിംഗ് തയ്യാറായില്ല. സുപ്രീം കോടതി ജഡ്ജിയായിരുന്ന മാര്‍ക്കണ്ഡേയ കട്ജുവാണ് പ്രധാനമന്ത്രിക്കും അന്നത്തെ നിയമമന്ത്രി എച്ച് ആര്‍ ഭരദ്വാജിനും എതിരെ ആരോപണവുമായി രംഗത്തുവന്നത്. കാമ്പില്ലാത്ത ആരോപണമാണ് ഇതെന്നും താന്‍ ഇതില്‍ അഭിപ്രായം പറയേണ്ട കാര്യമില്ല എന്നുമാണ് സിംഗ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്.

അഴിമതിക്കാരനായ ആളെ മദ്രാസ് ഹൈക്കോടതി ജഡ്ജിയാക്കാന്‍ വേണ്ടി യു പി എ സര്‍ക്കാരിന്റെ കാലത്ത് മുന്‍ സുപ്രീം കോടതി ജഡ്ജി ഇടപെട്ടു എന്നാണ് പരാതി. നിയമമന്ത്രിയും പ്രധാനമന്ത്രിയും അറിഞ്ഞുകൊണ്ടായിരുന്നു ഇത്. സഖ്യകക്ഷിയായിരുന്ന ഡി എം കെയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കോണ്‍ഗ്രസ് ഇത് ചെയ്തത് എന്നും കട്ജു കുറ്റപ്പെടുത്തി. ജഡ്ജി നിയമനം സംബന്ധിച്ച് തന്റെ മേല്‍ സമ്മര്‍ദമുണ്ടായിരുന്നു എന്ന് മന്‍മോഹന്‍ സിംഗ് നേരത്തെ സമ്മതിച്ചിരുന്നു.
വിവാദ വിഷയത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്രം ഭരിക്കുന്ന എന്‍ ഡി എ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അറ്റോര്‍ണി ജനറലായിരുന്ന സോളി സൊറാബ്ജി ഇക്കാര്യത്തില്‍ മറുപടി പറഞ്ഞിട്ടുണ്ടെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു. സഹറന്‍പൂരിലെ കലാപങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉത്തര്‍ പ്രദേശിലെ സ്ഥിതി പേടിപ്പിക്കുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications