ബജറ്റ് സമ്മേളനം തുടങ്ങുന്നു; മോദിക്ക് മുന്നില്‍ കടമ്പകളേറെ
ദില്ലി: മാറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്, നല്ല നാളേക്കുള്ള പ്രതീക്ഷ, വിലക്കയറ്റം നല്‍കിയ നിരാശ ... സമ്മിശ്ര വികാരങ്ങള്‍ക്കിടെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനം തിങ്കളാഴ്ച തുടങ്ങുന്നു. റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ നാളെ (ചൊവ്വാഴ്ച) റെയില്‍ ബജറ്റും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പത്താം തീയതി വ്യാഴാഴ്ച പൊതുബജറ്റും അവതരിപ്പിക്കും.
അച്ഛേ ദിന്‍ ആനേവാലേ ഹേ എന്ന് പറഞ്ഞ് വെറുതെയിരിക്കാന്‍ മോദിയെയും കൂട്ടരെയും പ്രതിപക്ഷം അനുവദിക്കില്ല എന്നുറപ്പാണ്. ബജറ്റിന് മുന്നോടിയായി വിലക്കയറ്റം പോലുള്ള കടുത്ത നടപടികള്‍ക്ക് തുനിഞ്ഞ സര്‍ക്കാര്‍ ജനപ്രിയ ബജറ്റിലൂടെ ഇമേജ് വീണ്ടെടുക്കാനാകും ശ്രമിക്കുക എന്നാണ് സൂചനകള്‍. യാത്രാക്കൂലിയും ചരക്ക് കൂലിയും കൂട്ടിയതിനാല്‍ റെയില്‍ ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉറപ്പാണ്.

വിമര്‍ശനങ്ങള്‍ക്ക് നടുവില്‍
വലിയ മാറ്റങ്ങളുണ്ടാക്കും എന്ന പ്രതീക്ഷ നല്‍കിയ നരേന്ദ്ര മോദി സര്‍ക്കാരിന് അതിനൊപ്പം ഉയരാന്‍ ആദ്യത്തെ ഒന്നരമാസത്തില്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ബജറ്റില്‍ പ്രതീക്ഷയ്ക്ക് വകയുണ്ടാകും എന്ന് തന്നെയാണ് കരുതുന്നത്. മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സെഷനാണിത്.

റെയില്‍വേയില്‍ എന്ത്
തുടര്‍ച്ചയായി രണ്ടാം തവണയാണ് കര്‍ണാടകയ്ക്ക് റെയില്‍ മന്ത്രിയെ കിട്ടുന്നത്. 14 ശതമാനത്തിന് മേല്‍ യാത്രാക്കൂലി കൂട്ടിയ ശേഷമാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ സദാനന്ദ ഗൗഡ റെയില്‍ ബജറ്റ് അവതരിപ്പിക്കുന്നത്. ജനപ്രിയ പ്രഖ്യാപനങ്ങല്‍ ബജറ്റില്‍ ഉറപ്പ്. നാളെയാണ് റെയില്‍ ബജറ്റ്.

പൊതുബജറ്റില്‍ പ്രതീക്ഷ വേണോ
പോപ്പുലിസ്റ്റ് പ്രഖ്യാപനങ്ങളല്ല കടുത്ത നടപടികളും സാമ്പത്തിക അച്ചടക്കവുമാണ് രാജ്യ പുരോഗതിക്ക് ആവശ്യം എന്ന ചിന്താഗതിക്കാരനാണ് അരുണ്‍ ജെയ്റ്റ്‌ലി. അതുകൊണ്ട് തന്നെ പൊതുബജറ്റില്‍ വലിയ പ്രതീക്ഷ വേണ്ട എന്ന് കരുതുന്നവരുണ്ട്.

ആദായ നികുതി പരിധി
ആദായ നികുതി പരിധി ഇപ്പോള്‍ രണ്ട് ലക്ഷമാണ്. ഇത് ഉയര്‍ത്താന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്. അഞ്ച് ലക്ഷമാക്കണം ഇതെന്ന് നേരത്തെ അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞിട്ടുണ്ട്. മൂന്ന് ലക്ഷമാക്കിയേക്കും എന്നാണ് കരുതുന്നത്.

വിദേശ നിക്ഷേപം, ബാങ്കിംഗ്
വിദേശ നിക്ഷേപത്തില്‍ പുതിയ പോളിസി, ബാങ്കിംഗ് മേഖലയില്‍ സമൂലമാറ്റം എന്നിവയും അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റിലുണ്ടാകും. അടിസ്ഥാന സൗകര്യവികസനവും സര്‍ക്കാരിന് കാണാതെ പോകാനാവില്ല.

ഇല്ലാതെ പറ്റില്ല
എന്നാല്‍ ആദ്യമാസം തന്നെ സര്‍ക്കാരിനെതിരെ ജനരോഷം ഉയര്‍ന്നുകഴിഞ്ഞു. പെട്രോള്‍, ഡീസല്‍, പഞ്ചസാര തുടങ്ങിയവയ്ക്ക് വില കൂടി. എല്‍പിജിക്കും മണ്ണെണ്ണയ്ക്കും കൂടിയേക്കും എന്ന് കേള്‍ക്കുന്നു. ജനവികാരം മയപ്പെടുത്താനുള്ള വക ബജറ്റിലുണ്ടായേ പറ്റൂ.












Click it and Unblock the Notifications