മോദി ഇന്ത്യയുടെ മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ് നേതാവ്
ദില്ലി: നരേന്ദ്ര മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഇന്ത്യയുടെ മുഖ്യമന്ത്രിയായി മാറിയിരിക്കുകയാണ് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയായിരുന്നു മുന്‍ ധനകാര്യ മന്ത്രി കൂടിയായ പി ചിദംബരം.
മോദിയുടെ പ്രവര്‍ത്തനം ഒരു മുഖ്യമന്ത്രിയെ പോലെയാണ്. പ്രധാനമന്ത്രിയെ പോലെ അല്ല. എല്ലാ തീരുമാനങ്ങളും എടുക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. ഇത് തന്നെയാണ് മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കേ ചെയ്തത്. ഇത് ഒരു സംസ്ഥാനത്താകുമ്പോള്‍ പറ്റും. എന്നാല്‍ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കേ ഇത് പറ്റില്ല.

ഇത് എന്റെ മാത്രം അഭിപ്രായമല്ല, എല്ലാവരും ഇത് തന്നെയാണ് പറയുന്നത്. അധികാരം മോദിയില്‍ മാത്രം കേന്ദ്രീകൃതമായിരിക്കുകയാണ്. മന്ത്രിമാര്‍ക്ക് യാതൊരു അധികാരവും കൊടുക്കാതെ ഏറെക്കാലം ഇങ്ങനെ മുന്നോട്ട് പോകാന്‍ കഴിയില്ല എന്നും ചിദംബരം പറഞ്ഞു. അധികാരം മോദിയില്‍ മാത്രം കേന്ദ്രീകരിച്ചാല്‍ അത് തീരുമാനങ്ങള്‍ എടുക്കുന്നതിനെ ബാധിക്കും. പുതിയ ആശയങ്ങള്‍ ഉണ്ടാകില്ല.
സോണിയാ ഗാന്ധിയെക്കുറിച്ച് മോദി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. സോണിയ ഗാന്ധി ഭരണത്തില്‍ ഇടപെട്ട ഒരു സാഹചര്യം പോലും ആര്‍ക്കും ചൂണ്ടിക്കാണിക്കാന്‍ പറ്റില്ല. സോണിയാ ഗാന്ധി ഭരണഘടനയില്‍ ഇല്ലാത്ത അധികാരമാണ് യു പി എ സര്‍ക്കാരിന്റെ കാലത്ത് കയ്യാളിയിരുന്നത് എന്നാണ് മോദി പറഞ്ഞത്.












Click it and Unblock the Notifications