'വോട്ട് മോഷ്ടിച്ച് മോദി രാജ്യത്തെ ഹൈജാക്ക് ചെയ്തു ,ഒരാളെ പോലും രക്ഷപ്പെടാൻ അനുവദിക്കില്ല'; രാഹുൽ ഗാന്ധി
ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണറുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധത്തിനിടെ കേന്ദ്രസർക്കാരിനെതിരെ തുറന്നടിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ജനാധിപത്യം പൂർണമായി തകർക്കപ്പെട്ടുവെന്നും വോട്ട് മോഷ്ടിച്ച് നരേന്ദ്ര മോദി രാജ്യത്തെ ഹൈജാക്ക് ചെയ്തുവെന്നും രാഹുൽ ആരോപിച്ചു. ജനാധിപത്യ വ്യവസ്ഥയ്ക്ക് മേലുള്ള കടന്നുകയറ്റത്തെ പൂർണമായും തകർത്തെറിയുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
'ഞങ്ങൾ കേന്ദ്രസർക്കാരിനെ വെറുതെ എതിർക്കുകയല്ല. അവരെ തകർത്തെറിയാൻ തന്നെയാണ് ഉദ്ദേശം. ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റം എന്താണെന്ന് ഇവിടുത്തെ യുവാക്കൾക്ക് വ്യക്തമായി അറിയാം. എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഞങ്ങളെ കാണാൻ തയ്യാറാവാത്തത്? എന്താണ് അവരെ അതിൽ നിന്നും തടയുന്നത്.ഞങ്ങൾ ജനപ്രതിനിധികളാണ്', അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് ഹൈജാക്ക് ചെയ്യാൻ മോദിയേയും അമിത് ഷായേയും മോഹൻ ഭാഗവതിനേയും തിരഞ്ഞെടുപ്പ് കമ്മീഷൻ സഹായിച്ചു. അവർ ജനാധിപത്യത്തെ തകർത്തു. അവർ ചെയ്തത് രാജ്യദ്രോഹമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും ഗ്യാനേഷ് കുമാറിനേയും വെറുതെ വിടില്ല',അദ്ദേഹം പറഞ്ഞു.
എന്തിനാണ് ഡൽഹി പോലീസ് തങ്ങളെ തടസുന്നതെന്നും ഭീഷണിപ്പെടുത്തുന്നതെന്നും രാഹുൽ ചോദിച്ചു. ഞങ്ങൾ ജനപ്രതിനിധികളാണ്', രാഹുൽ പറഞ്ഞു.
'300 ഓളം എംപിമാർ ഇവിടെ എത്തി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണറേയും മറ്റ് രണ്ട് അംഗങ്ങളേയും കാണണമെന്നതായിരുന്നു ഞങ്ങളുടെ ആവശ്യം. എന്നാൽ പോലീസ് ഞങ്ങളെ തടഞ്ഞു. ഞങ്ങൾ രാജ്യത്തെ ജനപ്രതിനിധികളല്ലേ, ജനങ്ങളുടെ ശബ്ദമാണ് ഞങ്ങൾ. എന്തുകൊണ്ടാണ് അവർ ഞങ്ങളെ തടഞ്ഞതെന്ന് മനസിലാകുന്നില്ല. ഞങ്ങളോട് ഇവിടെ ഇരിക്കാനാവശ്യപ്പെട്ടു, ഇവിടെ നിന്ന് വെറും 50 യാർഡ് അപ്പുറത്താണ് കമ്മീഷൻ ഇരിക്കുന്നത്. പക്ഷെ ഞങ്ങളെ പോകാൻ മാത്രം അവർ അനുവദിക്കില്ല.
ഞങ്ങൾ ബി.ജെ.പിയെ മാത്രമല്ല എതിർക്കുന്നത്. അവരെ ഞങ്ങൾ പൂർണമായും ഇല്ലാതാക്കും. ബിജെപി പറയുന്നതിനെ ഞാൻ കാര്യമാക്കുന്നില്ല. ജനാധിപത്യത്തെ സംരക്ഷിക്കാനാണ് ഞാൻ ഇവിടെ നിൽക്കുന്നത്. എൻ്റെ കൂടെ 300 എം.പിമാരാണ് ഉള്ളത്. അവർ ജനാധിപത്യത്തെ തകർക്കുകയാണെന്ന് ജനങ്ങൾക്കറിയാം. യുവാക്കൾക്ക് അറിയാം. എന്തിന് ഇവിടുത്തെ പോലീസുകാർക്കും അറിയാം', രാഹുൽ കൂട്ടിച്ചേർത്തു.
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണറുടെ ഓഫീസിലേക്ക് ഇന്ന് രാവിലെയാണ് ഇന്ത്യ സഖ്യ നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടന്നത്. രാഹുൽ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. എംപിമാരും പ്രവർത്തകരും ഉൾപ്പെടെ ആയിരക്കണക്കിനാളുകളാണ് മാർച്ചിൽ പങ്കെടുത്തത്.
ഗ്യാനേഷ് കുമാർ ഉടൻ രാജിവയ്ക്കുക, എസ്ഐആറിന് മുൻപും ശേഷവും വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയവരുടെ പേര് വിവരങ്ങൾ പുറത്തുവിടുക, എസ്ഐആറിന് മുൻപുള്ള വോട്ടർപട്ടിക ഭാവി തിരഞ്ഞെടുപ്പുകൾക്ക് ഉപയോഗിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം.


Click it and Unblock the Notifications
