റെയില്‍വേയും സ്വകാര്യവല്‍ക്കരിക്കുന്നു?
കത്ര: റെയില്‍വേ ബജറ്റിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചന നല്‍കുന്നത് റെയില്‍വേ സ്വാകാര്യവല്‍ക്കരണത്തെ കുറിച്ചോ. ജമ്മു കാശ്മീരിലെ കത്രയില്‍ റെയില്‍ ലൈന്‍ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മോദി റെയില്‍വേ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ സൂചനകള്‍ നല്‍കിയത്.
വിമാനത്താവളങ്ങളെക്കാളും സൗകര്യങ്ങളുള്ള റെയില്‍വേ സ്‌റ്റേഷനുകള്‍ നമുക്ക് വേണം. ഇത് നമ്മുടെ സ്വപ്‌നമാണ്. ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ വലിയ പ്രയാസമില്ല. റെയില്‍വേയിലുള്ള സുഹൃത്തുക്കളോട് താന്‍ ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ഉടന്‍ തന്നെ താമസിയാതെ ഒരു മാറ്റം നമുക്ക് കാണാന്‍ പറ്റും. പ്രൈവറ്റ് സ്ഥാപനങ്ങളും റെയില്‍വേയില്‍ നിക്ഷേപം നടത്താന്‍ തയ്യാറായിട്ടുണ്ട്.

ജമ്മു കാശ്മീരിലെ റെയില്‍വേ സ്‌റ്റേഷനുകളെക്കുറിച്ചും തങ്ങള്‍ക്ക് പദ്ധതികളുണ്ട് എന്ന് മോദി പറഞ്ഞു. സംസ്ഥാനം ഭരിക്കുന്നത് തങ്ങള്‍ അല്ലായിരിക്കാം. ജമ്മു പോലുള്ള പ്രധാന നഗരങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള റെയില്‍വേ സ്റ്റേഷനുകള്‍ വേണം. റെയില്‍വേയിലെ ഈ പദ്ധതികള്‍ക്കായി റെയില്‍വേ മന്ത്രാലയം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും മോദി പറഞ്ഞു.
ജൂലൈ എട്ടിനാണ് നരേന്ദ്ര മോദി നയിക്കുന്ന എന്‍ ഡി എ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നത്. റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ ബജറ്റ് അവതരിപ്പിക്കും. ഭരണത്തിലെത്തിയ ഉടന്‍ തന്നെ മോദി സര്‍ക്കാര്‍ റെയില്‍ യാത്രാനിരക്കുകളും ചരക്ക് കൂലിയും വര്‍ദ്ധിപ്പിച്ചിരുന്നു. നിരക്ക് കൂട്ടിയാലും റെയില്‍വേയില്‍ അത്യന്താധുനിക സൗകര്യങ്ങള്‍ ഒരുക്കുമെന്നാണ് മന്ത്രാലയം പറയുന്നത്.












Click it and Unblock the Notifications