കെജ്രിവാളല്ല, മോദി തന്നെ മുന്നില്‍!
മുംബൈ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെടുന്ന രാഷ്ട്രീയ നേതാവ് നരേന്ദ്ര മോദിയെന്ന് ഗൂഗിള്‍. ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ മത്സരത്തില്‍ മോദിയോട് മത്സരിക്കുന്ന അരവിന്ദ് കെജ്രിവാളാണ് ഗൂഗിള്‍ സെര്‍ച്ചില്‍ രണ്ടാമത് എത്തിയിരിക്കുന്നത്. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ഗൂഗിള്‍ 90 ദിവസത്തെ സെര്‍ച്ച് ട്രെന്‍ഡ് പുറത്ത് വിട്ടിരിക്കുന്നത്.
അരവിന്ദ് കെജ്രിവാളിന് പിന്നില്‍ മൂന്നാമതായി ആളുകള്‍ തിരഞ്ഞിരിക്കുന്നത് മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെയെയാണ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി താക്കറെയ്ക്കും പിന്നില്‍ നാലാമതാണ്. അന്തരിച്ച ശിവസേനതലവന്‍ ബാല്‍താക്കറെയെയും ആളുകള്‍ തിരഞ്ഞിട്ടുണ്ട്. ബി ജെ പി - ശിവസേന - എം എന്‍ എസ് ചര്‍ച്ചകളാണ് താക്കറെമാരെ ഗൂഗിള്‍ സെര്‍ച്ചില്‍ മുന്നിലെത്തിച്ചത്.

താക്കറെ കുംടുംബത്തില്‍ നിന്നും ഏറ്റവും കുറച്ച് ആളുകള്‍ തിരഞ്ഞിരിക്കുന്നത് ശിവസേനയുടെ ഇപ്പോഴത്തെ തലവനും ബാല്‍ താക്കറെയുടെ മകനുമായ ഉദ്ധവ് താക്കറെയെയാണ്. മുഖ്യമന്ത്രി പ്രഥ്വിരാജ് ചവാന്‍, എന്‍ സി പി നേതാവ് ശരദ് പവാര്‍, നിതിന്‍ ഗഡ്കരി എന്നിങ്ങനെ പോകുന്നു ഗുഗിള്‍ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം തിരച്ചിലില്‍ മുമ്പില്‍ നില്‍ക്കുന്ന മഹാരാഷ്ട്ര നേതാക്കന്മാര്‍.
48 സീറ്റുകളാണ് മഹാരാഷ്ട്രയില്‍ ഉള്ളത്. നിലവില്‍ കോണ്‍ഗ്രസിന് 17 ഉം ശിവസേനയ്ക്ക് 11 ഉം ബി ജെ പിക്ക് എട്ടും എന്‍ സി പിക്ക് എട്ടും സീറ്റുകളാണ് ഉള്ളത്. മോദി തരംഗത്തിന്റെ പിന്‍ബലത്തില്‍ ഇത്തവണ മഹാരാഷ്ട്രയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാനാകും എന്ന പ്രതീക്ഷയിലാണ് സേന - ബി ജെ പി കൂട്ടുകെട്ട്.












Click it and Unblock the Notifications