കോണ്‍ഗ്രസും സമ്മതിച്ചു; ഇത് മോഡിപ്രഭാവം തന്നെ
ജയ്പൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ പോലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ നരേന്ദ്രമോഡിക്ക് കോണ്‍ഗ്രസ് ഒരു വിലയും കല്‍പിച്ചിരുന്നില്ല. അല്ലെങ്കില്‍ വില കല്‍പിക്കുന്നില്ല എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അഭിനയിച്ചു. ടി വിയിലും ഗുജറാത്തിലും മാത്രമുള്ളതെന്ന് തങ്ങള്‍ കളിയാക്കിയ മോഡിയുടെ പ്രഭാവമെന്തെന്ന് കോണ്‍ഗ്രസ് ശരിക്കും തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞു എന്ന് മാത്രമല്ല, നേതാക്കള്‍ തന്നെ തുറന്ന് സമ്മതിക്കുകയും ചെയ്തു.
രാജസ്ഥാനിലെ 'തോറ്റ മുഖ്യമന്ത്രി' അശോക് ഗെഹ്ലോട്ടാണ് മോഡി പ്രഭാവം തുറന്നുസമ്മതിച്ച കോണ്‍ഗ്രസ് നേതാക്കളില്‍ പ്രധാനി. രാജസ്ഥാനില്‍ കോണ്‍ഗ്രസിന് വിനയായതും ബി ജെ പിക്ക് തുണയായതും നരേന്ദ്രമോഡി ഇഫക്ടാണ്. വസുന്ധര രാജ സിന്ധ്യെ രാജസ്ഥാനില്‍ വോട്ട് വോട്ട് ചോദിച്ചത് മോഡിയുടെ പേര് പറഞ്ഞാണ്. മോഡി കാരണമാണ് ജനങ്ങള്‍ ബി ജെ പിക്ക് വോട്ടുകൊടുത്തതും - ഗെഹ്ലോട്ട് പറഞ്ഞു.

ഭരണപരാജയമല്ല രാജസ്ഥാനില്‍ തിരിച്ചടിയായത് എന്നാണ് അശോക് ഗെഹ്ലോട്ടിന്റെ വിശ്വാസം. സര്‍ക്കാര്‍ ജനോപകാരമായ ഒരുപാട് പദ്ധതികള്‍ കൊണ്ടുവന്നു. എന്നാല്‍ ഇവയെ തെറ്റായി ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വിജയിക്കുകയായിരുന്നു ബി ജെ പി എന്നും അശോക് ഗെഹ്ലോട്ടിന് അഭിപ്രായമുണ്ട്.
ദിഗ് വിജയ് സിംഗിനെപ്പോലുള്ള കോണ്‍ഗ്രസ് വക്താക്കളും രാഹുല്‍ ഗാന്ധിയെപ്പോലുള്ള ദേശീയ നേതാക്കളും നരേന്ദ്രമോഡിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ മോഡി നേതൃത്വം നല്‍കിയ ചിട്ടയായ പ്രവര്‍ത്തനമാണ് ബി ജെ പിക്ക് തുണയായത്. സോണിയാ ഗാന്ധിയെ വിദേശി എന്ന് വിളിച്ച സുഷമ സ്വരാജിനെ തിരുത്തിയ മോഡിയുടെ നിലപാട് എത്ര ശരിയായിരുന്നു എന്ന് നോക്കൂ, ജനങ്ങളുടെ പ്രശ്‌നം കോണ്‍ഗ്രസ് കാട്ടിക്കൂട്ടിയ അഴിമതിയായിരുന്നു. അതിനെതിരെയാണ് അവര്‍ വോട്ട് ചെയ്തത്. അല്ലാതെ സോണിയാ ഗാന്ധിയുടെ പൗരത്വത്തിന് എതിരെയല്ല.












Click it and Unblock the Notifications