അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കി: മോദി വിരുദ്ധതയുമായി അന്തസ്സ് കളയരുതെന്ന് അബ്ദുള്ളക്കുട്ടി
Recommended Video
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് ഫലംപുറത്തുവന്നതിന് പിന്നാലെ നരേന്ദ്രമോദിയെ സ്തുതിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട മുന്‍ എംഎല്‍എ അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി പ്രവര്‍ത്തകരുടെ പൊതുവികാരത്തിനും താല്യപര്യങ്ങള്‍ക്കുമെതിരായി പ്രവര്‍ത്തിച്ചതിനാണ് അബ്ദുള്ളക്കുട്ടിക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.
പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണത്തില്‍ താന്‍ മോദിയെ പുകഴ്ത്തിക്കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഉറച്ചുനില്‍ക്കുന്നതായി അബ്ദുള്ളക്കുട്ടി വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി. അബ്ദുള്ളക്കുട്ടിയുടെ വിശദീകരണം പരിഹാസപൂര്‍ണമായിരുന്നെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടത്. വിശദാംശങ്ങള്‍ ഇങ്ങനെ..

അപകീര്‍ത്തികരമായ പ്രസ്താവനകള്‍
മോദി അനുകൂല ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ പാര്‍ട്ടിയുടെ അന്തസ്സിനേയും അച്ചടക്കത്തിനേയും ബാധിക്കുന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ തരത്തില്‍ പ്രസ്താവനകള്‍ തുടര്‍ന്നു. പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കളെ പരസ്യമായി അവഹേളിക്കുന്നത് തുടര്‍ന്നു. ഈ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി.

അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം
അതേസമയം താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു കോണ്‍ഗ്രസ് നടപടിയില്‍ അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. ഞാന്‍ ഗുജറാത്ത് മോഡല്‍ പ്രസംഗം നടത്തിയെന്നാണ് മുല്ലപ്പള്ളി പറയുന്നത്. അതിന്‍റെ പേരിലാണ് ഞാന്‍ സിപിഎമ്മില്‍ നിന്ന് പുറത്തായതെന്ന് നിങ്ങള്‍ക്ക് ഓര്‍മ്മയില്ലെ. ആ വിഷയത്തില്‍ മാപ്പ് പറയാന്‍ പല കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടും ഞാന്‍ നിലപാട് മാറ്റിയിട്ടില്ല.

മോദിയെ അല്ല
ഞാന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ യഥാര്‍ത്ഥ്വത്തില്‍ മോദിയെ അല്ല. ഗാന്ധിജിയെയാണ് അഭിനന്ദിക്കുന്നത്. സ്വച്ഛ് ഭാരത് മഹാത്മാഗാന്ധിയുടെ സ്വപ്നമാണ്. അത് മോദി നടപ്പിലാക്കുകയാണ്. ഗ്യാസ് സബ്സിഡികളിലെ നടപടി മോദി സര്‍ക്കാറിന്‍റെ വിജയത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വികാരപരം
തനിക്കെതിരായ കോണ്‍ഗ്രസ് സ്വീകരിച്ച നടപടി വികാരപരമാണ്. ഞാന്‍ അധികാരമോഹിയെന്നാണ് ചിലര്‍ കുറ്റപ്പെടുത്തുന്നത്. അങ്ങനെയെങ്കില്‍ സിപിഎം കോട്ടയില്‍ നിന്ന് ഞാന്‍ കോണ്‍ഗ്രസില്‍ ചേരുമായിരുന്നു. മോദി വിരോധവുമായി നടന്ന് കേരളത്തിന്‍റെ അന്തസ് കളയരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിയില്‍ ചേരുമോ
ഞാന്‍ പണ്ടും പറഞ്ഞ നിലപാടില്‍ തന്നെയാണ് ഇപ്പോഴും ഉറച്ചു നില്‍ക്കുന്നത്. വിശ്വാസം വികസനം എന്നീ വിഷയങ്ങളില്‍ ഞാന്‍ മുമ്പ് പറഞ്ഞ നിലപാടുകള്‍ സിപിഎം ഇപ്പോള്‍ ഏറ്റെടുക്കുന്നതാണ് കാണാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയില്‍ ചേരുമോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.

ഫേസ്ബുക്ക് പോസ്റ്റിലൂടെ
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അബ്ദുള്ളക്കുട്ടിയുടെ നരേന്ദ്ര മോദി സ്തുതി. പ്രതിപക്ഷക്കാർ മാത്രമല്ല, ബിജെപിക്ക് അകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് ഉണ്ടായതെന്ന് അബ്ദുള്ളകുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

ജനപ്രിയനാക്കിയതിന്റെ രഹസ്യം
നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരം തന്നെയാണിത്. വളരെ കൗതുകരായ ഒരു കാര്യം ഇദ്ദേഹത്തിനെ ജനപ്രിയനാക്കിയതിന്റെ രഹസ്യം ഒരു ഗാന്ധിയൻ മൂല്യം ഗാന്ധിയുടെ നാട്ടുകാരൻ മോദി തന്റെ ഭരണത്തിൽ പ്രയോഗിച്ചു എന്നുള്ളതാണെന്നായിരുന്നു അബ്ദുള്ളിക്കുട്ടി പറഞ്ഞത്.

സൗജന്യമായി എല്‍പിജി
നിങ്ങൾ ഒരു നയം ആവിഷ്ക്കരിക്കുമ്പോൾ ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓർമ്മിക്കണം. ശ്രീ മോദി അത് കൃത്യമായി നിർവ്വഹിച്ചു. സ്വച്ച് ഭാരത് സ്കീമിൽ 9.16 കോടി കുടുംബങ്ങൾക്ക് സ്വന്തം ടോയ് ലെറ്റ് നൽകി. പ്രധാനമന്ത്രി ഉജ്വലയോജന സ്കീമിൽ 6 കോടി കുടുംബങ്ങൾക്കാണ് സൗജന്യമായി എല്‍പിജി ഗ്യാസ് കണക്ഷൻ നൽകിയെന്നും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു.

രാഷ്ടീയ അജണ്ടയിൽ
കേരളം വിട്ടാൽ നാമെല്ലാം കണ്ട സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ദയനീയമായ കാഴ്ചയായിരുന്നു വെളി പ്രദേശത്ത് മലമൂത്ര വിസർജനത്തിനിരിക്കുന്ന പാവങ്ങളുടെ ചിത്രം. മോദി ഒരുപരിധിവരെ അതിനോട് നീതി കാണിച്ചു. ചാണകം ഉണക്കി, ഉണക്ക ചില്ല കമ്പുകൾ ശേഖരിച്ച് അടുപ്പു ഊതി തളർന്നു പോയ 6 കോടി അമ്മമാർക്ക് മോദി നൽകിയ ആശ്വാസം എത്ര ഹൃദ്യമാണ്. ജനകോടികളിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കിയത് ഇതൊക്കെ ഒരു കാരണമല്ലെ ? സ്മാർട്ട് സിറ്റികളും ബുള്ളൻ ട്രെയിൻ ഉൾപ്പെടെ നിരവധിസ്വപ്ന പദ്ധതികൾ രാഷ്ടീയ അജണ്ടയിൽ കൊണ്ടുവന്നത് കാണാതേ പോകരുതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

വിമര്‍ശനങ്ങള്‍ ശക്തമായിട്ടും
ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ അബ്ദുള്ളക്കുട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡീന്‍ കുര്യാക്കോസും കെ മുരളീധരനും അടക്കമുള്ള നേതാക്കാള്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. വിമര്‍ശനങ്ങള്‍ ശക്തമായിട്ടും പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറാവാതിരുന്നു അബ്ദുള്ളക്കുട്ടി സുധീരന്‍ ഉള്‍പ്പെടേയുള്ള നേതാക്കള്‍ക്കെതിരെ വീണ്ടും പരസ്യമായി രംഗത്ത് എത്തിയത് പാര്‍ട്ടി നടപടി വേഗത്തിലാക്കി.

സിപിഎമ്മിന് പുറത്ത് എത്തിച്ചത്
മോദി അനുകൂല പ്രസ്താവനകളുടെ പേരില്‍ തന്നെയായിരുന്നു അബ്ദുള്ളക്കുട്ടിയെ നേരത്തെ സിപിഎമ്മിന് പുറത്ത് എത്തിച്ചത്. 2009 ല്‍ പാര്‍ലമെന്‍റ് അംഗമായിരിക്കെിയെ നടത്തിയ അനുകൂല പരാമര്‍ശങ്ങളായിരുന്നു എപി അബ്ദുള്ളക്കുട്ടിക്കെതിരായ സിപിഎം നടപടിയില്‍ കലാശിച്ചത്. നരേന്ദ്ര മോദിയുടെ വികസനനയങ്ങള്‍ കേരളം മാതൃകയാക്കണമെന്ന പ്രസ്താവനയായിരുന്നു അന്നത്തെ വിവാദങ്ങള്‍ക്ക് കാരണം.
ഫേസ്ബുക്ക് പോസ്റ്റ്
വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ച അബ്ദുള്ളക്കുട്ടിയുടെ കുറിപ്പ്












Click it and Unblock the Notifications