മോദി സര്‍ക്കാര്‍: ജോലി 9 മുതല്‍ 5.30 വരെ
ദില്ലി: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാവിലെ കൃത്യം ഒമ്പത് മണിക്ക് ഓഫീസിലെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വക നിര്‍ദ്ദേശം. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം 5. 30 വരെ ഓഫീസിലുണ്ടാകണം. ഉച്ചയ്ക്ക് അരമണിക്കൂര്‍ നേരം ലഞ്ച് ബ്രേക്ക്. യു പി എ ഭരണത്തിന്റെ സമയത്ത് കൈയയച്ചുവിട്ട ബ്യൂറോക്രസിയെ കൂടുതല്‍ പ്രവര്‍ത്തന ക്ഷമമാക്കുന്നതിന് വേണ്ടിയാണ് ഈ നിര്‍ദ്ദേശം.
യു പി എ മന്ത്രിസഭയുടെ കാലത്ത് ജയറാം രമേശിനെ പോലുള്ള ചില വകുപ്പ് മന്ത്രിമാര്‍ മാത്രമാണ് ബ്യൂറോക്രസിയുടെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തിയിരുന്നത്. ഉദ്യോഗസ്ഥ വൃന്ദത്തെക്കൊണ്ട് സഹികെട്ട ജയറാം രമേശ് ഒരിക്കല്‍ പറഞ്ഞത് ലോകത്തെ ഏറ്റവും അപകടകാരികളായ ജന്തുക്കളാണ് ഈ ഉദ്യോഗസ്ഥര്‍ എന്നായിരുന്നു. എന്നാല്‍ ഇതിന് കടകവിരുദ്ധമായി, ബ്യൂറോക്രസിക്ക് ആത്മവിശ്വാസം തോന്നുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനാണ് മോദിയുടെ നിര്‍ദ്ദേശം.

പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്‍സന്റീവും മറ്റ് ആനുകൂല്യങ്ങളും തീരുമാനിക്കുക എന്ന് മോദി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബന്ധപ്പെട്ടവരില്‍ നിന്നും അനുമതിയില്ലാതെ ഓഫീസില്‍ നിന്നും പോകരുതെന്നും, ജോലി സമയത്ത് സീറ്റില്‍ തന്നെ ഉണ്ടായിരിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശമുണ്ട്.
സര്‍ക്കാര്‍ ജീവനക്കാരുടെ പ്രകടനം മെച്ചപ്പെടുത്താനും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും വേണ്ടിയാണ് ഓഫീസ് സമയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബ്യൂറോക്രസിയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാനും ആത്മവിശ്വാസം വളര്‍ത്താനും മോദിയുടെ പത്തിന അജണ്ടിയിലും പരാമര്‍ശമുണ്ടായിരുന്നു.












Click it and Unblock the Notifications