മോദിയുടെ കണ്ണ് തുറപ്പിച്ച പോലീസുകാരന്‍!
ദില്ലി: സ്വച്ഛ് ഭാരത് അഭിയാനൊക്കെ നടക്കുകയല്ലേ, സ്റ്റേഷനും പരിസരവുമൊക്കെ വൃത്തിയാക്കി വെച്ചൂടെ എന്ന് പോലീസുകാരോട് ചോദിച്ചതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ ചോദ്യത്തിന് ഒരു പോലീസ് കോണ്‍സ്റ്റബിള്‍ പറഞ്ഞ ഉത്തരം കേട്ട് അമ്പരന്നുപോയി മോദി. പ്രധാനമന്ത്രിയായ താങ്കള്‍ കടന്നുപോകാനിടയുള്ള വഴികളില്‍ കുറഞ്ഞത് 500 പോലീസുകാരാണ് കാവല്‍ നില്‍ക്കുന്നത് എന്നായിരുന്നു രാംകുമാര്‍ (പേര് യഥാര്‍ഥമല്ല) എന്ന് കോണ്‍സ്റ്റബിളിന്റെ മറുപടി.
കൂട്ടത്തിലുള്ള പോലീസുകാര്‍ നിശബ്ദരായി തല താഴ്ത്തി നിന്നപ്പോഴായിരുന്നു രാംകുമാര്‍ പ്രധാനമന്ത്രിയോട് ഈ ഉത്തരം പറഞ്ഞത്. അങ്ങേയ്ക്ക് കാവല്‍ നില്‍ക്കുന്ന തിരക്കിലാണ് പോലീസുകാര്‍. പിന്നെ എപ്പോഴാണ് ഞങ്ങള്‍ പരിസരം വൃത്തിയാക്കാന്‍ സമയം കിട്ടുക. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് രാജ്ഘട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് മോദി സ്‌റ്റേഷനിലെത്തിയത്.

രാഷ്ട്രപിതാവിന് രാജ്ഘട്ടില്‍ പ്രണാമമര്‍പ്പിക്കുമ്പോഴും ക്ലീന്‍ ഇന്ത്യ ക്യാംപെയ്ന്‍ ഉദ്ഘാടനം ചെയ്യുമ്പോഴും നരേന്ദ്ര മോദി രാം കുമാറിന്റെ വാക്കുകള്‍ മറന്നിരിക്കാനിടയില്ല. കാരണം എന്തെന്നോ. പിറ്റേന്ന് (ഒക്ടോബര്‍ മൂന്ന്) മുതല്‍ ടീസ് ജനുവരി മാര്‍ഗ് വഴി പ്രധാനമന്ത്രി കടന്നുപോകുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത് വെറും 50 പോലീസുകാര്‍ മാത്രമാണ്.
പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി അത്യാവശ്യത്തിന് പോലീസുകാരെ മാത്രം നിയോഗിച്ചാല്‍ മതിയെന്ന കര്‍ശന സന്ദേശമാണ് പ്രധാനമന്ത്രി ഓഫീസില്‍ നിന്നും ദില്ലി പോലീസിന് ലഭിച്ചത്. പ്രധാനമന്ത്രിയുടെ യാത്ര കാരണം പൊതുജനങ്ങള്‍ക്കും തടസ്സമുണ്ടാകാന്‍ പാടില്ല. പൊതുജനങ്ങളെ വകഞ്ഞുമാറ്റി മുന്നിലും പിന്നിലും സുരക്ഷാ സംഘവുമായി ചീറിപ്പാഞ്ഞുപോകുന്ന ഓരോ ജനപ്രതിനിധിയും പ്രധാനമന്ത്രിയുടെ ഈ മാതൃക അനുകരിച്ചെങ്കില്‍ എത്ര നന്നായേനെ.












Click it and Unblock the Notifications