മോഡിയെ സല്‍മാന്‍ഖാനും ഷാരൂഖും സഹായിക്കുമോ?
മുംബൈ: 2014 ല്‍ പ്രധാനമന്ത്രി സ്ഥാനത്തെത്താന്‍ ബി ജെ പി നേതാവ് നരേന്ദ്രമോഡിയെ ബോളിവുഡ് സൂപ്പര്‍സ്റ്റാറുകള്‍ സഹായിക്കുമോ? ഇന്ത്യയിലെ ഓണ്‍ലൈന്‍ യൂസേഴ്‌സിലെ പ്രശസ്തമായ പേരുകളിലൊന്നായ ഗുജറാത്ത് മുഖ്യമന്ത്രി ട്വിറ്ററിലൂടെയാണ് ബോളിവുഡ് താരങ്ങളുടെ പിന്തുണ തേടിയത്.
തനിക്ക് വോട്ടുചെയ്യണം എന്നൊന്നുമല്ല കേട്ടോ സിനിമാതാരങ്ങളോട് മോഡി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. തനിക്കും പാര്‍ട്ടിക്കും വേണ്ടി ക്യാംപയ്ന്‍ ചെയ്യണം എന്നുമല്ല. മറിച്ച് വോട്ടവകാസം വിനിയോഗിക്കാന്‍ വേണ്ടി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാനാണ് മോഡിക്ക് സൂപ്പര്‍ താരങ്ങളുടെ സഹായം വേണ്ടത്.

ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, ഹൃതിക് റോഷന്‍, ദീപിക പദുക്കോണ്‍, അക്ഷയ് കുമാര്‍, പ്രിറ്റി സിന്റ, അമിതാഭ് ബച്ചന്‍, എന്നിങ്ങനെ പോകുന്നു ഇതിനായി മോഡി സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്ന താരങ്ങളുടെ നിര.
നമോ എന്ന ചുരുക്കപ്പേരിലാണ് നരേന്ദ്രമോഡി ഓണ്‍ലൈന്‍ ലോകത്ത് കൂടുതലും വിശേഷിക്കപ്പെടുന്നത്. ഇന്റര്‍നെറ്റ് ലോകത്തെ ഏറ്റവും പ്രശസ്തരായ രാഷ്ട്രീയ നേതാക്കളുടെ കൂട്ടത്തിലാണ് മോഡിയുടെ സ്ഥാനം. ട്വിറ്ററിലും മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും ലക്ഷക്കണക്കിന് ആളുകളാണ് മോഡിയെ പിന്തുടരുന്നത്.
18 നും 24 നും ഇടയിലുള്ള യുവാക്കളെ വോട്ടവകാശം വിനിയോഗിക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കിക്കാനാണ് മോഡിയുടെ ശ്രമം. എന്തായാലും മോഡിയുടെ ശ്രമത്തിന് ബോളിവുഡ് താരങ്ങളുടെ പിന്തുണയുണ്ടാകുമോ എന്നതാണ് ചോദ്യം. ഉത്തരം കാത്തിരുന്ന് തന്നെ കാണണം.












Click it and Unblock the Notifications