മോദി ആര്‍എസ്എസിന്റെ കാര്യം നോക്കിയാല്‍ മതി: കോണ്‍ഗ്രസ്
ഡെറാഡൂണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍ എസ് എസിന്റെ കാര്യം നോക്കിയാല്‍ മതിയെന്ന് കോണ്‍ഗ്രസ്. നെഹ്‌റുവിന്റെയും ഗാന്ധിയുടെയും പട്ടേലിന്റെയും കാര്യങ്ങള്‍ നോക്കാന്‍ കോണ്‍ഗ്രസുണ്ട്. ആര്‍ എസ് എസിന്റെ പൈതൃകമാണ് മോദിക്ക് ചേരുന്നത്. ഗാന്ധിയുടെയും നെഹ്‌റുവിന്റെയും പട്ടേലിന്റെയുമല്ല - കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് പറഞ്ഞു.
അധികാരക്കൊതിയാണ് ബി ജെ പിക്ക്. അതുകൊണ്ടാണ് മഹാരാഷ്ട്രയില്‍ എന്‍ സി പിയുമായി ബി ജെ പി കൂട്ടുകൂടിയിരിക്കുന്നത്. ഭരണം കിട്ടാന്‍ വേണ്ടി ബി ജെ പി ഏതറ്റം വരെയും പോകും. ദില്ലിയില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മജ്‌ലിസ് ഇ ഇത്തിഹാദുള്‍ മുസ്ലിമീന്‍ പാര്‍ട്ടിയുമായി ബി ജെ പി രഹസ്യമായി കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടുണ്ട് - സിംഗ് ആരോപിച്ചു.

ബാബ രാംദേവ് വെറും ഒരു ബിസിനസുകാരനാണ്. അദ്ദേഹത്തിന്റെ പതഞ്ജലി യോഗപീഠത്തിനെതിരെ അന്വേഷണം നടത്തണമെന്ന് ദിഗ്‌വിജയ് സിംഗ് ആവശ്യപ്പെട്ടു. ആളുകളെ പറ്റിക്കാന്‍ ബാബ രാംദേവിനെ അനുവദിക്കരുത്. രാംദേവിനെതിരെ ഉത്തരാഖണ്ടില്‍ നൂറോളം കേസുകള്‍ നിലവിലുണ്ട് - സിംഗ് പറഞ്ഞു.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, സര്‍ദാര്‍ പട്ടേല്‍ തുടങ്ങിയവരുടെ ജന്മദിനങ്ങള്‍ ബി ജെ പി സര്‍ക്കാര്‍ ആഘോഷിച്ചതാണ് ദിഗ്‌വിജയ് സിംഗിനെ ചൊടിപ്പിച്ചത്. രാഷ്ട്രപിതാവിന്റെ പേരില്‍ സ്വച്ഛ് ഭാരത് അഭിയാന്‍ പ്രചരിപ്പിക്കുന്ന എന്‍ ഡി എ സര്‍ക്കാര്‍ സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനം ദേശീയ ഏകതാ ദിനമായി ആഘോഷിച്ചിരുന്നു. ഇതിന് പകരമായി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനത്തിന് വന്‍ പരിപാടികളാണ് കോണ്‍ഗ്രസ് ഒരുക്കിയത്.












Click it and Unblock the Notifications