ഇന്ത്യയുടെ ഒരുക്കം ഒട്ടും മോശമല്ല; അക്കമിട്ട് വിശദീകരിച്ച് പ്രധാനമന്ത്രി
ദില്ലി: വിവിധങ്ങളായ ആഘോഷങ്ങള്‍ നടക്കുന്ന രാജ്യമായ ഇന്ത്യയില്‍, എല്ലാം മാറ്റിവച്ച് സഹനത്തിന്റെ പാത സ്വീകരിച്ച ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. രാജ്യത്ത് ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടിയ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. കൊറോണ ഹേട്ട് സ്‌പോട്ട് ആയി കണ്ടെത്തിയ സ്ഥലങ്ങളില്‍ നിയന്ത്രണം തുടരാനാണ് തീരുമാനം എന്നും അദ്ദേഹം പറഞ്ഞു. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ ഒരുക്കം ഒട്ടും മോശമല്ലെന്ന് മോദി പറഞ്ഞു.

കൊറോണക്കെതിരെ തുടക്കം മുതല്‍ ഇന്ത്യ കടുത്ത പ്രതിരോധം തീര്‍ത്തു. രാജ്യത്ത് ഒരു കൊറോണ കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത വേളയില്‍ വിമാനത്താവളങ്ങളില്‍ പരിശോധന തുടങ്ങിയിരുന്നു. 100 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വേളയില്‍ വിദേശ യാത്രക്കാര്‍ക്ക് പ്രത്യേക പരിശോധന തുടങ്ങി. 550 കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ നാം 21 ദിവസം ലോക്ക് ഡൗണ്‍ ആചരിച്ചു. കര്‍ശനവും പഴുതില്ലാത്തതുമായ പ്രതിരോധ മാര്‍ഗങ്ങളാണ് രാജ്യം സ്വീകരിച്ചതെന്നും മോദി പറഞ്ഞു.
മറ്റു രാജ്യങ്ങളുമായി ഇന്ത്യയെ താരതമ്യം ചെയ്യുമ്പോള്‍ ചില സത്യങ്ങള്‍ അവഗണിക്കാന്‍ സാധ്യമല്ല. വളരെ വിഭവങ്ങള്‍ കൈവശമുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്താല്‍ പോലും ഇന്ത്യയുടെ നില ഏറെ മെച്ചമാണെന്നും മോദി പറഞ്ഞു. കൊറോണക്കെതിരായ പോരാട്ടത്തില്‍ ഏറ്റവും നിര്‍ബന്ധമായത് സാമൂഹിക അകലം പാലിക്കലാണ്. വളരെ പ്രയാസമേറിയതാണെങ്കിലും സാമൂഹിക അകലം പാലിച്ചേ മതിയാകൂ. സംസ്ഥാനങ്ങള്‍ സ്വീകരിച്ച പ്രതിരോധ നടപടികള്‍ പ്രശംസനാര്‍ഹമാണ്. നേരിയ സാമ്പത്തിക പ്രതിസന്ധി നേരിടാതെ എങ്ങനെയാണ് ഈ യുദ്ധം ജയിക്കുക. ലോകം മൊത്തം വ്യാപിച്ചതാണ് കൊറോണ വൈറസ് എന്നും മോദി പറഞ്ഞു.
മെയ് മൂന്ന് വരെയാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയതായി മോദി പ്രഖ്യാപിച്ചത്. ഇനിയും മരണം സംഭവിച്ചാല്‍ ആശങ്ക വര്‍ധിക്കും. കൊറോണ ഹോട്ട് സ്‌പോട്ടുകളില്‍ കര്‍ശന നിയന്ത്രണം വേണം. ഇനിയും പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഉണ്ടായാല്‍ പ്രതിസന്ധി ഇരട്ടിയാകുമെന്നും മോദി ഉണര്‍ത്തി. ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണം തുടരണം. ചില പ്രദേശങ്ങളില്‍ നേരിയ ഇളവുകള്‍ അനുവദിക്കും. ഈ മേഖലകളില്‍ ഇനിയും കൊറോണ റിപ്പോര്‍ട്ട് ചെയ്താല്‍ ഇളവുകള്‍ റദ്ദാക്കുമെന്നും മോദി പറഞ്ഞു.












Click it and Unblock the Notifications