കൂലിപ്പണിക്കാര്‍ക്ക് ഇനി ജോലിക്ക് പോകാമോ? ലോക്ക് ഡൗണ്‍ ഗൈഡ് ലൈന്‍ ബുധനാഴ്ച
ദില്ലി: ലോക്ക് ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ തുടര്‍ന്ന് പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച വിശദമായ മാര്‍ഗരേഖ ബുധനാഴ്ച കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കും. ദിവസവും ജോലി ചെയ്ത് ജീവിത വരുമാനം കണ്ടെത്തുന്നവരാണ് ലോക്ക് ഡൗണ്‍ മൂലം ഏറെ പ്രതിസന്ധി നേരിടുന്നത്. അവരെ മനസില്‍ കണ്ടുതന്നെയാണ് മാര്‍ഗരേഖ തയ്യാറാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. കൂലിപ്പണിക്കാരുടെ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിന് നടപടിയുണ്ടാകുമെന്നും മോദി പറഞ്ഞു.

കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജോലിയില്ലാത്തത് കാരണം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ലോക്ക് ഡൗണ്‍ 19 ദിവസം കൂടി നീട്ടിയ സാഹചര്യത്തില്‍ പ്രതിസന്ധിയുടെ ആഴം കൂടും. ഇക്കാര്യം കണക്കിലെടുത്താണ് വിശദമായ മാര്‍ഗ രേഖ ബുധനാഴ്ച കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുന്നത്.
സഹനത്തിന്റെ പാത സ്വീകരിച്ച ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ ഒരുക്കം ഒട്ടും മോശമല്ല. കൊറോണക്കെതിരെ തുടക്കം മുതല്‍ ഇന്ത്യ കടുത്ത പ്രതിരോധം തീര്‍ത്തു. രാജ്യത്ത് ഒരു കൊറോണ കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത വേളയില്‍ വിമാനത്താവളങ്ങളില്‍ പരിശോധന തുടങ്ങിയിരുന്നു. 100 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വേളയില്‍ വിദേശ യാത്രക്കാര്‍ക്ക് പ്രത്യേക പരിശോധന തുടങ്ങി. 550 കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ നാം 21 ദിവസം ലോക്ക് ഡൗണ്‍ ആചരിച്ചുവെന്നും മോദി പറഞ്ഞു.
വളരെ വിഭവങ്ങള്‍ കൈവശമുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്താല്‍ പോലും ഇന്ത്യയുടെ നില ഏറെ മെച്ചമാണ്. കൊറോണക്കെതിരായ പോരാട്ടത്തില്‍ ഏറ്റവും നിര്‍ബന്ധമായത് സാമൂഹിക അകലം പാലിക്കലാണ്. സംസ്ഥാനങ്ങള്‍ സ്വീകരിച്ച പ്രതിരോധ നടപടികള്‍ പ്രശംസനാര്‍ഹമാണ്. നേരിയ സാമ്പത്തിക പ്രതിസന്ധി നേരിടാതെ എങ്ങനെയാണ് ഈ യുദ്ധം ജയിക്കുക എന്നും മോദി ചോദിച്ചു
മെയ് മൂന്ന് വരെയാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയതായി മോദി പ്രഖ്യാപിച്ചത്. ഇനിയും മരണം സംഭവിച്ചാല്‍ ആശങ്ക വര്‍ധിക്കും. കൊറോണ ഹോട്ട് സ്‌പോട്ടുകളില്‍ കര്‍ശന നിയന്ത്രണം വേണം. ഇനിയും പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഉണ്ടായാല്‍ പ്രതിസന്ധി ഇരട്ടിയാകുമെന്നും മോദി ഉണര്‍ത്തി. ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണം തുടരണം. ചില പ്രദേശങ്ങളില്‍ നേരിയ ഇളവുകള്‍ അനുവദിക്കും. ഈ മേഖലകളില്‍ ഇനിയും കൊറോണ റിപ്പോര്‍ട്ട് ചെയ്താല്‍ ഇളവുകള്‍ റദ്ദാക്കുമെന്നും മോദി പറഞ്ഞു.












Click it and Unblock the Notifications