രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭയിലെത്താന്‍ സാധിക്കുമോ? ഫൈസലിന്റെ അവസ്ഥ വന്നാല്‍ തിരിച്ചടി
ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരായ ശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തതോടെ വലിയ ആവേശത്തിലാണ് കോണ്‍ഗ്രസ്. എംപി സ്ഥാനം അദ്ദേഹത്തിന് ഉടന്‍ തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷ. എന്നാല്‍ പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം നടക്കുകയാണ്. ഈ സമ്മേളനത്തില്‍ ഇനി അഞ്ച് ദിവസമാണ് ബാക്കി. ഈ വേളയില്‍ സഭയിലെത്താന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
ഒട്ടേറെ സുപ്രധാന ബില്ലുകള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വന്നിരുന്നു. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നെങ്കിലും ഡല്‍ഹി ഭരണ ബില്ല് പാസാകുകയാണ് ചെയ്തത്. ഈ വേളയില്‍ രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം പ്രതിപക്ഷ ബെഞ്ചില്‍ മുഴച്ചുനിന്നു. എന്നാല്‍ മണിപ്പൂര്‍ വിഷത്തില്‍ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയത്തിന്മേല്‍ എട്ടാം തിയ്യതി മുതല്‍ ചര്‍ച്ച നടക്കും.

സുപ്രീംകോടതി വിധി വന്നതു കൊണ്ടു മാത്രം രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭയില്‍ എത്താന്‍ സാധിക്കില്ല. ലോക്‌സഭാ സെക്രട്ടേറിയറ്റ് അദ്ദേഹത്തിന്റെ അയോഗ്യത എടുത്തുമാറ്റി വിജ്ഞാപനം ഇറക്കേണ്ടതുണ്ട്. 24 മണിക്കൂറിനകം സ്പീക്കര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടതാണെന്നും എന്താണ് സംഭവിക്കുക എന്ന് നോക്കാമെന്നുമാണ് കെസി വേണുഗോപാല്‍ ഏഷ്യാനെറ്റിനോട് പ്രതികരിച്ചത്.
ലോക്‌സഭാ സെക്രട്ടേറിയറ്റ് നടപടികള്‍ വൈകിപ്പിക്കുകയാണെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് വീണ്ടും സുപ്രീംകോടതിയെ സമീപിക്കാം. ശനി, ഞായര്‍ ദിവസങ്ങള്‍ കാത്തിരുന്ന ശേഷമാകും കോണ്‍ഗ്രസ് തുടര്‍ നടപടി സ്വീകരിക്കുക എന്നാണ് വിവരം. അതേസമയം, ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ കാര്യത്തില്‍ ഒരു മാസം കഴിഞ്ഞാണ് നടപടി സ്വീകരിച്ചിരുന്നത്.
വധശ്രമ കേസിലാണ് മുഹമ്മദ് ഫൈസലിനെ കവരത്തി സെഷന്‍സ് കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചത്. കഴിഞ്ഞ ജനുവരി 11നായിരുന്നു വിധി. 13ന് അദ്ദേഹത്തെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കി. അപ്പീല്‍ പരിഗണിച്ച കേരള ഹൈക്കോടതി 25ന് ശിക്ഷ റദ്ദാക്കിയെങ്കിലും അയോഗ്യത നീക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് വേഗത്തില്‍ ഉത്തരവിറക്കിയില്ല. ഇതിനെതിരെ അദ്ദേഹം മാര്‍ച്ചില്‍ സുപ്രീംകോടതിയെ സമീപിച്ച ശേഷമാണ് വിജ്ഞാപനം ഇറക്കിയത്.
സമാനമായ സാഹചര്യം രാഹുല്‍ ഗാന്ധിയുടെ വിഷയത്തില്‍ വരുമോ എന്ന് വ്യക്തമല്ല. നടപടി വൈകിയാല്‍ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സൂചന. ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം ഇറക്കിയാല്‍ രാഹുല്‍ ഗാന്ധിക്ക് തിങ്കളാഴ്ച മുതല്‍ സഭയിലെത്താന്‍ സാധിക്കും. മോദിക്കെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാനും സാധിക്കും.












Click it and Unblock the Notifications