അപകീർത്തി കേസില്‍ രാഹുലിന് ആശ്വാസം: വിധിക്ക് സ്റ്റേ, എംപി സ്ഥാനം തിരികെ ലഭിക്കും
ദില്ലി: അപകീർത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസമായി സുപ്രീം കോടതി വിധി. രാഹുല്‍ ഗാന്ധിക്ക് രണ്ട് വർഷം ശിക്ഷ വിധിച്ച വിധിക്ക് സുപ്രീം കോടതി സ്റ്റേ അനുവദിച്ചു. ഇതോടെ എംപി സ്ഥാനത്ത് നിന്നുള്ള രാഹുലിന്റെ അയോഗ്യത നീങ്ങുകയും എംപി സ്ഥാനം അദ്ദേഹത്തിന് തിരിച്ച് കിട്ടുകയും ചെയ്യും. വിചാരണ കോടതി വിധിക്ക് പിന്നാലെ രാഹുലിനെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിക്കൊണ്ട് പാർലമെന്റ് സെക്രട്ടറി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കേസിൽ രണ്ട് വർഷത്തെ പരമാവധി ശിക്ഷയാണ് വിചാരണ ജഡ്ജി വിധിച്ചത്, ശിക്ഷ ഒരു ദിവസത്തിൽ കുറവായിരുന്നെങ്കിൽ അയോഗ്യത വരില്ലായിരുന്നുവെന്നും സുപ്രീം കോടതി വിധിയിൽ നിരീക്ഷിച്ചു. "അയോഗ്യതയുടെ അനന്തരഫലങ്ങൾ വ്യക്തിയുടെ അവകാശത്തെ മാത്രമല്ല, വോട്ടർമാരെയും ബാധിക്കുന്നു," സുപ്രീം കോടതി വിധിയിലൂടെ വ്യക്തമാക്കി. ഹരജിക്കാരന്റെ വാക്കുകൾ നല്ല രീതിയിലുള്ളതല്ലെന്നതിൽ സംശയമില്ലെന്നും, പ്രസംഗം നടത്തുന്നതിൽ ഹർജിക്കാരൻ കൂടുതൽ ശ്രദ്ധാലുവായിരിക്കണമായിരുന്നുവെന്നും കോടതി പറഞ്ഞു.

അരമണിക്കൂറിലേറെ നീണ്ട രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് സുപ്രീം കോടതി രാഹുലിന്റെ ഹർജിയില്‍ വിധി പുറപ്പെടുവിച്ചത്. പാർലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുമായി രാഹുൽ ഗാന്ധിയെ കുറ്റവിമുക്തനാക്കാനുള്ള അവസാന അവസരമാണിതെന്നും രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വി കോടതിയില്‍ വാദിച്ചു. കോടതി വിധി കാരണം പാർലമെന്റിന്റെ രണ്ട് സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
മോദി സമുദായത്തിൻ്റെ മതിപ്പിന് കോട്ടം വരുത്തുന്ന പ്രസ്താവനയെന്ന പരാതിക്കാരന്റെ വാദം നില നിൽക്കില്ലെന്നും മനു അഭിഷേക് സിംഗ്‌വി വാദിച്ചു. കേസിലെ സാക്ഷി പോലും അപകീർത്തി പെടുത്താനാണ് പരാമർശം എന്ന് പറഞ്ഞിട്ടില്ല. ഒരു സമുദായത്തിനോ സമൂഹത്തിനോ എതിരായ കുറ്റമല്ല, രാഹുല്‍ ഗാന്ധി ചെയ്തിരിക്കുന്നത്. 2 വർഷം തടവ് എന്ന പരമാവധി ശിക്ഷ നൽകാൻ മാത്രമുള്ള ഗുരുതരമായ കുറ്റമല്ല ചെയ്തത്. ജനാധിപത്യത്തിലെ വിയോജിപ്പ് മാത്രമാണ് പ്രകടിപ്പിച്ചതെന്നും രാഹുല്‍ വാദിച്ചു.
അതേസമയം, യഥാർത്ഥ വിഷയങ്ങൾ പറയുന്നില്ലെന്നും രാഹുൽ നടത്തിയ 50 മിനിറ്റ് പ്രസംഗത്തിന്റെ പൂർണരൂപമുണ്ടെന്നുമായിരുന്നു പരാതിക്കാരന് വേണ്ടി ഹാജരായ മഹേഷ് ജത് മലാനി വ്യക്തമാക്കിയത്. രാഹുലിന്റെ പ്രസ്താവന മനഃപ്പൂർവ്വമാണ്. പ്രധാനമന്ത്രിയോടുള്ള വിരോധത്തെ ഒരു സമുദായത്തെ മുഴുവനായി അധിക്ഷേപിക്കാൻ ഉപയോഗിച്ചു.പ്രസംഗം ഓർമ്മയില്ലെന്ന് രാഹുൽ പറഞ്ഞത് നുണയാണെന്നും അവർ വാദിച്ചു. എന്നാല്‍ ഒരു ദിവസം അമ്പത് പ്രസംഗം നടത്തുന്നവർ ഇതെല്ലാം എങ്ങനെ ഓർത്തിരിക്കാനാണെന്നായിരുന്നു കോടതി തിരിച്ച് ചോദിച്ചത്.












Click it and Unblock the Notifications