'വെറുപ്പിനെതിരെയുള്ള സ്നേഹത്തിന്റെ വിജയമാണിത്'; രാഹുലിന് അനുകൂലമായ വിധിയിൽ കോൺഗ്രസ്
ഡൽഹി: അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന വിധി സുപ്രീ കോടതി സ്റ്റേ ചെയ്തതിൽ പ്രതികരിച്ച് കോൺഗ്രസ് . വെറുപ്പിനെതിരെയുള്ള സ്നേഹത്തിന്റെ വിജയമാണിതെന്നായിരുന്നു കോൺഗ്രസ് പ്രതികരിച്ചത്. ഔദ്യോഗിക ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.
രാഹുൽ ഗാന്ധി എന്ന വ്യക്തിയല്ല, സത്യം തുറന്നുപറയുക എന്ന ആശയമാണ് വിജയിച്ചതെന്നായിരുന്നു കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചത്. രാജ്യത്തെ ജനങ്ങൾക്കുള്ള ആശ്വാസ വിധിയാണിത്. ഭരണകർത്താക്കളെ ചോദ്യം ചെയ്യുന്നവരെ ജയിലിലടച്ച് അവരെ നിരായുധരാക്കുന്ന നടപടികൾക്കെതിരായ മുന്നറിയിപ്പാണിതെന്നും രാഹുൽ ഗാന്ധിയെന്ന വ്യക്തിയുടെ അല്ല അദ്ദേഹം നിലകൊള്ളുന്ന ആശയത്തിന്റെ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാൻ നരേന്ദ്രമോദി കളിച്ച നാണംകെട്ട രാഷ്ട്രീയ കളികളിൽ അന്തിമവിജയം രാഹുലിന് ഒപ്പം തന്നെയാണെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പ്രതികരണം.അദ്ദേഹത്തിന്റെ ചോദ്യശരങ്ങളെ ഭയക്കുന്ന മോദിക്ക് പാർലമെന്റിൽ ഇനിയും ഭയന്നിരിക്കാമെന്നും സുധാകരൻ പറഞ്ഞു.'രാഹുലിന്റെ ആശയം എന്നത് സത്യങ്ങൾ വിളിച്ച് പറയുക എന്നതാണ്. അതിന്റെ പേരിൽ അദ്ദേഹത്തെ ക്രൂശിക്കാനുള്ള ശ്രമങ്ങൾ ശരിയല്ലെന്നത് കൂടി വ്യക്തമാക്കുന്നതാണ് സുപ്രീം കോടതി വിധിയെന്നും വേണുഗോപാൽ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം ഇങ്ങനെ-' സത്യം ജയിച്ചു.ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ലെന്ന് തുടക്കം മുതല്‍ ഞങ്ങള്‍ പറഞ്ഞതാണ്. വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരെ കോണ്‍ഗ്രസ് പോരാട്ടം തുടരും. ഭരണഘടനയിലും നിയമ വ്യവസ്ഥയിലും നിയമവാഴ്ചയിലും ഞങ്ങള്‍ക്കെന്നും വിശ്വാസമുണ്ട്. ജനകോടികള്‍ രാഹുലിനൊപ്പമുണ്ട്.
രാഹുല്‍ ഗാന്ധി എന്ന വ്യക്തിയെ അല്ല, അദ്ദേഹവും കോണ്‍ഗ്രസും മുന്നോട്ട് വയ്ക്കുന്ന ആശയത്തെയാണ് വളഞ്ഞ വഴിയിലൂടെ ഇല്ലാതാക്കാന്‍ ശ്രമിച്ചത്. പരമോന്നത കോടതി അത് തടഞ്ഞു. ഇത് രാഹുലിന്റേയോ കോണ്‍ഗ്രസിന്റേയോ മാത്രം വിജയമല്ല. രാജ്യത്തിന്റേയും ജനാധിപത്യത്തിന്റേയും വിജയമാണ്. ഇന്ത്യ കാത്തിരുന്ന വിധിയാണ്.
സംഘപരിവാറിനെ നഖശിഖാന്തം എതിര്‍ക്കുന്നതും മോദി - അമിത് ഷാ- കോര്‍പറേറ്റ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെ നിരന്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് രാഹുലില്‍ ചിലര്‍ കാണുന്ന അയോഗ്യത. ജനാധിപത്യവാദികളും മതേതരത്വം ജീവവായുവായി കാണുന്നതും രാഹുലില്‍ കാണുന്ന യോഗ്യതയുംഅതു തന്നെ', അദ്ദേഹം പറഞ്ഞു.
ഇന്ന് ഉച്ചയോടോയൊണ് രാഹുൽ ഗാന്ധിയുടെ അയോഗ്യതയിലേക്ക് നയിച്ച അപകീർത്തി കേസുമായി ബന്ധപ്പെട്ട സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്.
കേസിന്റെ മെറിറ്റിലേക്ക് കടക്കാൻ കോടതി താത്പര്യപ്പെടുന്നില്ലെന്നും എന്നാൽ രാഹുൽ ഗാന്ധിക്ക് പരമാവധി ശിക്ഷ നൽകാൻ ഉണ്ടായ കാരണമെന്താണെന്നത് സംബന്ധിച്ച കാര്യങ്ങൾ വിചാരണ കോടതി വ്യക്തമാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. 1 വർഷവും 11 മാസവുമാണ് സൂറത്ത് കോടതിയുടെ ശിക്ഷാ വിധിയെങ്കിൽ അത് രാഹുലിന്റെ അയോഗ്യതയിലേക്ക് നയിക്കുമായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications