റണ്‍ മോദി റണ്‍, റണ്‍ ഫോര്‍ യൂണിറ്റി 31ന്
ദില്ലി: അപൂര്‍വ്വമായി മാത്രം വാ തുറക്കാറുള്ള മന്‍മോഹന്‍ സിംഗിനെ പോലെയല്ല ഇപ്പോഴത്തെ നരേന്ദ്ര മോദി. സ്വച്ഛ് ഭാരത് ക്യാംപെയ്‌ന് വേണ്ടി ചൂലെടുത്തും പ്രളയബാധിത പ്രദേശങ്ങളില്‍ പാഞ്ഞെത്തിയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മുന്നില്‍ നിന്ന് നയിച്ച് വിജയിപ്പിച്ചും ആകെ ആക്ടീവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി ജെ പി നയങ്ങളോട് എതിര്‍പ്പുള്ളവര്‍ പോലും സമ്മതിക്കുന്ന കാര്യമാണ് മോദിയുടെ ഊര്‍ജ്വസ്വലതയും വേഗവും.
സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പിറന്നാള്‍ ദിനവുമായി ബന്ധപ്പെട്ട റണ്‍ ഫോര്‍ യൂണിറ്റി പരിപാടിയാണ് മോദിയുടെ ക്യാംപെയ്‌നുകളില്‍ അടുത്തത്. ഒക്ടോബര്‍ 31 നാണ് ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെടുന്ന പട്ടേലിന്റെ പിറന്നാള്‍. രാജ്യം ഒറ്റക്കെട്ടായി രൂപീകരിക്കപ്പെട്ടതിന് പിന്നിലെ സര്‍ദാര്‍ പട്ടേലിന്റെ പങ്കിനെക്കുറിച്ച് ജനങ്ങള്‍ക്ക് തിരിച്ചറിവുണ്ടാകാനാണ് റണ്‍ ഫോര്‍ യൂണിറ്റി സംഘടിപ്പിക്കുന്നത്.

ഒക്ടോബര്‍ 31 ദേശീയ ഐക്യ ദിനമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനം ഒരു ഉത്സവം പോലെ ആഘോഷിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. സ്‌കൂളിലെ ചരിത്ര പുസ്തകങ്ങളില്‍ പോലും പട്ടേലിനെ വളരെ കുറച്ച് മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ എന്നും മോദി പറഞ്ഞു. രാഷ്ട്രനിര്‍മാണത്തിന്റെ പട്ടേലിന്റെ സംഭാവനകള്‍ കണക്കിലെടുത്താണ് ഒക്ടോബര്‍ 31 രാഷ്ട്രീയ ഏകതാ ദിവസ് ആയി ആചരിക്കുന്നത്
ഓട്ടം മാത്രമല്ല, ഒക്ടോബര്‍ 31 ന് മോദി റേഡിയോയിലൂടെ പ്രസംഗവും നടത്തും. സര്‍ദാര്‍ പട്ടേല്‍ ജന്മദിനത്തോട് അനുബന്ധിച്ച് പോലീസ് പരേഡും ഉണ്ടാകും. ഗുജറാത്തില്‍ സര്‍ദാര്‍ പട്ടേലിന്റെ പേരില്‍ ഭീമാകാരമായ പ്രതിമാ നിര്‍മാണവും മോദി സര്‍ക്കാരിന്റെ അജണ്ടയിലുള്ള കാര്യമാണ്. 1875 ഒക്ടോബര്‍ 31 നാണ് പട്ടേല്‍ ജനിച്ചത്. ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രിയായിരുന്ന അദ്ദേഹം 1950 ഡിസംബര്‍ 25ന് അന്തരിച്ചു.












Click it and Unblock the Notifications