മോദിയുടെ മാസ്റ്റർ സ്ട്രോക്കോ? പിഴച്ചാൽ ക്രൂഡിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും?
ഏറെനാൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണായക വ്യാപാരക്കരാർ സാധ്യമായിരിക്കുകയാണ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് കരാർ സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. നരേന്ദ്രമോദിയുമായി കഴിഞ്ഞ ദിവസം ഫോണിൽ ബന്ധപ്പെട്ടുവെന്നും അതിനുശേഷം അദ്ദേഹത്തിൻ്റെ അഭ്യർത്ഥന പ്രകാരമാണ് കരാറിലെത്തിയതെന്നും ട്രംപ് പറഞ്ഞു. കരാർ പ്രകാരം ഇന്ത്യൻ ഉൽപന്നങ്ങൾക്കുള്ള താരിഫ് 25ശതമാനത്തിൽ നിന്ന് 18 ശതമാനമായി അമേരിക്ക കുറച്ചതായും ട്രംപ് അറിയിച്ചു. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചതിനെ തുടർന്നാണ് ഈ ഇടപാട് സാധ്യമായതെന്നാണ് ട്രംപ് അവകാശപ്പെട്ടത്.
റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ഇന്ത്യ വർധിപ്പിച്ചതിന് പിന്നാലെയാണ് സമ്മർദ്ദ തന്ത്രമെന്ന നിലയ്ക്ക് ഇന്ത്യയ്ക്ക് മേൽ യുഎസ് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയത്. അതേസമയം യുഎസ് ആവശ്യം അംഗീകരിച്ച് റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയാൽ ഇന്ത്യക്ക് അത് ഗുണം ചെയ്യുമോയെന്നാണ് ചോദ്യം. അമേരിക്കയിൽ നിന്ന് എണ്ണ വാങ്ങേണ്ടി വന്നാൽ എത്ര അധിക തുക നൽകേണ്ടി വരുമെന്നും.

യുക്രൈൻ യുദ്ധത്തിന് പിന്നാലെയാണ് റഷ്യയയിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തത്. ഉപരോധത്തിൻ്റെ പശ്ചാത്തലത്തിൽ വിപണി കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ റഷ്യ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് വില കുറച്ച് എണ്ണ വിതരണം ചെയ്യുകയായിരുന്നു. ഇതോടെ 2024 ൽ ഇന്ത്യയുടെ മൊത്തം അസംസ്കൃത എണ്ണ ഇറക്കുമതിയുടെ 36 ശതമാനവും റഷ്യയിൽ നിന്നായിരുന്നു. പ്രതിദിനം ഏകദേശം 1.8 ദശലക്ഷം ബാരൽ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ കഴിഞ്ഞ ഡിസംബറിൽ ഇന്ത്യ സന്ദർശിച്ചപ്പോൾ അസംസ്കൃത എണ്ണ കുറഞ്ഞ നിരക്കിൽ തടസ്സമില്ലാതെ വിതരണം ചെയ്യാമെന്ന് ഉറപ്പ് നൽകിയിരുന്നു.
എന്നാൽ ഇന്ത്യയുടെ ഈ നീക്കത്തിനെതിരെ പലപ്പോഴായി യുഎസ് രംഗത്തെത്തി. റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ 500 ശതമാനം വരെ തീരുവ ചുമത്തുമെന്നായിരുന്നു ഭീഷണി. സമ്മർദ്ദം ശക്തമായതോടെ ഇന്ത്യൻ റിഫൈനറികൾ റഷ്യയിൽ നിന്നുള്ള ഇറക്കുമതി കുത്തനെ കുറച്ചു.
എന്തായാലും വ്യാപാരക്കരാറിൽ എത്തിയതോടെ ഇന്ത്യ യുഎസിൽ നിന്നും കൂടുതലായി എണ്ണ വാങ്ങി തുടങ്ങിയേക്കും. അത് ഇന്ത്യയെ സംബന്ധിച്ച് ചിലവേറിയ നടപടിയാണ്.
ആഗോള വിപണി നിരക്കുകൾക്ക് പുറമെ ഉയർന്ന ഗതാഗതച്ചെലവും ഇന്ത്യക്ക് വഹിക്കേണ്ടി വരും. ഇത് ഒരു ബാരലിന് 5-10 ശതമാനം വരെ അധികമായിരിക്കും. ഇത് കോടിക്കണക്കിന് ഡോളറിന്റെ അധിക ബാധ്യതയായിരിക്കും രാജ്യത്തിന് വരുത്തുക.
റഷ്യൻ എണ്ണ ഒരു ബാരലിന് ഏകദേശം 50-55 ഡോളറായിരുന്നു ഇന്ത്യക്ക് ലഭ്യമായിരുന്നത്. യുഎസ് ഉപരോധങ്ങൾക്ക് ശേഷവും ഗതാഗത, ഇൻഷുറൻസ് ചെലവുകൾ ഉൾപ്പെടെ 62-65 ഡോളറിൽ എണ്ണ ലഭ്യമായിരുന്നു. ഉയർന്ന നിരക്കിൽ യുഎസിൽ നിന്നും ഇറക്കുമതി ചെയ്താൽ ഇന്ത്യയുടെ വാർഷിക എണ്ണ ഇറക്കുമതി ബില്ലിൽ 9-12 ബില്യൺ യുഎസ് ഡോളറിന്റെ അധിക ഭാരം വരുമെന്നാണ് കണക്കാക്കുന്നത്.
എണ്ണവിലയിലെ ഈ കുതിച്ചുചാട്ടം പണപ്പെരുപ്പത്തെ സാരമായി ബാധിക്കും. ഒരു ബാരലിന് 600 രൂപ മുതൽ 1,200 രൂപ വരെ വില വ്യത്യാസം വന്നേക്കും. കോടിക്കണക്കിന് നഷ്ടമായിരിക്കും രാജ്യം സഹിക്കേണ്ടി വരിക. ഉയർന്ന എണ്ണവില പണപ്പെരുപ്പത്തിന് ആക്കം കൂട്ടുമെന്ന കാര്യത്തിൽ സംശയമില്ല.












Click it and Unblock the Notifications