'മോദിയുടെ ചായ' പോരെന്ന് കാരാട്ട്
പട്‌ന: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയുടെ പേരില്‍ ഇറങ്ങുന്ന ചായയ്‌ക്കെതിരെ സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് രംഗത്ത്. ജനങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ടിയുള്ള ഒരു പ്രചാരണ തന്ത്രം മാത്രമാണ് മോദി ചായ എന്നാണ് കാരാട്ട് പറയുന്നത്. പട്‌ന ഗാന്ധി മൈതാനത്ത് സി പി എം സംഘടിപ്പിച്ച വികല്‍പ് റാലിയില്‍ പങ്കെടുക്കുകയായിരുന്നു കാരാട്ട്.
യു എസ് പ്രതിനിധിയുമായി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയെയും പ്രകാശ് കാരാട്ട് വിമര്‍ശിച്ചു. ഇത് കേവലമൊരു ചായച്ചര്‍ച്ച മാത്രമാണ്. മുതലാളിത്ത മനോഭാവമുള്ള നേതാവാണ് നരേന്ദ്ര മോദി. ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അംബാനിയുമായും അദാനിയുമായും മോദി ഇതുപോലുള്ള ചര്‍ച്ചകള്‍ നടത്തും. കോണ്‍ഗ്രസിനെ മാറ്റൂ, ബി ജെ പിയെ ഓടിക്കൂ എന്ന് മുദ്രാവാക്യം വിളിച്ചാണ് സി പി എം പ്രവര്‍ത്തകര്‍ റാലിയെ ആഘോഷമാക്കിയത്.

രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ മാറാന്‍ വേണ്ടി കേവലം നേതൃമാറ്റം കൊണ്ട് സാധിക്കില്ല എന്നാണ് റാലിയില്‍ പ്രസംഗിച്ച നേതാക്കള്‍ പറഞ്ഞത്. സമൂലമായ മാറ്റം കൊണ്ട് മാത്രമേ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ അവസാനിക്കൂ. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മൂന്നാം മുന്നണി നേതാക്കള്‍ ഫെബ്രുവരി 22 ന് യോഗം ചേരും.
11 പാര്‍ട്ടികളാണ് ഇപ്പോള്‍ മൂന്നാം മുന്നണിയില്‍ ഉള്ളത്. ചാറ്റല്‍ മഴയെയും മോശം കാലാവസ്ഥയെയും അവഗണിച്ചും ഒട്ടേറെ ആളുകള്‍ പട്‌നയിലെ റാലിക്കെത്തിയത് സി പി എമ്മിന് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷ പകരുന്നതാണ്. നരേന്ദ്ര മോദി വരുന്നതിന് മുമ്പ് ഗുജറാത്തിന് പതിനായിരം കോടി രൂപയുടെ കടമാണ് ഉണ്ടായിരുന്നതെന്നും മോദി മൂന്ന് തവണ ഭരിച്ചപ്പോഴേക്കും അത് ഒരു ലക്ഷം കോടി രൂപയായി മാറിയെന്ന് റാലിയില്‍ പ്രസംഗിച്ച സി പി എം നേതാവ് ഹന്നന്‍ മൊല്ല പറഞ്ഞു.












Click it and Unblock the Notifications