മുസ്ലിങ്ങളെ ആർഎസ്എസ് ശാഖയില്‍ കൊണ്ടുവരാമോ? ഭാരത് മാതാ കീ ജയ് വിളിക്കുന്ന ആർക്കും വരാം: മോഹൻ ഭാഗവത്
ഡല്‍ഹി: മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ പിൻഗാമികളെന്ന് കരുതുന്നവർ ഒഴികെയുള്ള മറ്റെല്ലാ ഇന്ത്യക്കാർക്കാും വേണ്ടി രാഷ്ട്രീയ സ്വയംസേവക സംഘം (ആർഎസ്‌എസ്) ന്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. ഇന്ത്യയിലെ എല്ലാ വിഭാഗങ്ങളിലും, സമുദായങ്ങളിലും, ജാതികളിലും പെട്ട ആളുകളേയും സംഘ ശാഖകളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'എല്ലാ ഇന്ത്യക്കാർക്കും സംഘ ശാഖകളിലേക്ക് സ്വാഗതം, ജാതി, സമ്പ്രദായം (മതം, ജാതി, വിഭാഗം) എന്നിവയുടെ ആരാധനാ രീതികൾ വ്യത്യസ്തമാണെങ്കിലും എല്ലാവരുടേയും സംസ്കാരം ഒന്നാണ്' വാരണാസിയിലെ ഒരു പരിപാടിയിൽ പങ്കെടുക്കവെ ഒരു ആർ എസ് എസ് പ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി മോഹൻ ഭാഗവത് പറഞ്ഞു. മുസ്ലീമായ അയല്‍ക്കാരനെ ശാഖകളിലേക്ക് കൊണ്ടുവരാൻ കഴിയുമോ എന്നായിരുന്നു ആർ എസ് എസ് വളണ്ടിയറുടെ ചോദ്യം.

'ഭാരത് മാതാ കീ ജയ് വിളിക്കുകയും കാവി പതാകയോട് ബഹുമാനം കാണിക്കുകയും ചെയ്യുന്ന എല്ലാവർക്കും ശാഖകളുടെ വാതിലുകൾ തുറന്നിരിക്കും. ആരാധനാ രീതിയുടെ അടിസ്ഥാനത്തിൽ സംഘത്തിന്റെ പ്രത്യയശാസ്ത്രം ഒരു വിവേചനവും കാണിക്കുന്നില്ല. അഖണ്ഡ ഭാരതം അപ്രായോഗികമാണെന്ന് കരുതുന്നവർ സിന്ധ് പ്രവിശ്യയുടെ (പാകിസ്താന്‍) ദുരവസ്ഥ കാണണം.
ഇന്ത്യയിൽ നിന്ന് വിച്ഛേദിക്കപ്പെട്ട ഭാഗങ്ങൾ ഇന്ന് വലിയ ദുരവസ്ഥ നേരിടുന്നു, അതിനാൽ അഖണ്ഡ ഭാരതം പ്രായോഗികമാണെന്നും ആർ എസ് എസ് മേധാവി പറഞ്ഞു.
മുനിസിപ്പൽ കമ്മീഷണർ അക്ഷത് വർമ, ചീഫ് ഡെവലപ്‌മെൻ്റ് ഓഫീസർ ഹിമാൻഷു നാഗ്പാൽ എന്നിവരുമായി വാരണാസി നഗരത്തെക്കുറിച്ച് ചർച്ച നടത്തിയ മോഹന്‍ഭഗവത് ലജ്പത് നഗർ പാർക്കിൽ വേപ്പിന്‍ തൈ കൂടി നട്ടതിന് ശേഷമാണ് മടങ്ങിയത്. ഏരിയ പ്രചാരക് അനിൽ കുമാർ, ആർഎസ്എസ് കാശി പ്രവിശ്യ സർ കാര്യവാഹ് വീരേന്ദ്ര ജയ്സ്വാൾ, കാശി പ്രവിശ്യാ പ്രചാരക് രമേഷ് കുമാർ, കാശിയിലെ മറ്റ് ആർഎസ്എസ് ഭാരവാഹികളായ ഡോ. ഹേമന്ത് ഗുപ്ത, വകുപ്പ് പ്രചാരക് നിതിൻ, ഡോ. ശിവേശ്വര് റായ്, രാജേഷ് ത്രിവേദി, ദിനേഷ് കൽറ, രജനീഷ് കനൗജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഹിന്ദുക്കൾ ഇംഗ്ലീഷ് ഭാഷ സംസാരിക്കരുതെന്നും പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾ ധരിക്കണമെന്നും മോഹന്‍ഭഗവത് നേരത്തെ പറഞ്ഞിരുന്നു. പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ ഹിന്ദുക്കൾ പടിഞ്ഞാറൻ വസ്ത്രങ്ങൾ ധരിക്കരുത്. പാരമ്പര്യ ഭക്ഷണം കഴിക്കണം. ആളുകളിൽ സ്വാർഥതയും വെറുപ്പും ഉണ്ടാവുമ്പോഴാണ് സംഘർഷങ്ങൾ ഉണ്ടാകുന്നത്. ഹിന്ദു മതം സമത്വത്തിന്റെ കാഴ്ചപ്പാടാണ് മുന്നോട്ടുവെക്കുന്നതെന്നും പത്തനംതിട്ടയിൽ നടന്ന ഹിന്ദു ഐക്യ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തില്‍ മോഹന്‍ ഭാഗവത് പറഞ്ഞു.












Click it and Unblock the Notifications