75 വയസ് തികഞ്ഞാൽ വിരമിക്കണമെന്ന് മോഹൻ ഭാഗവത്; ഉന്നം മോദിയെ എന്ന് പ്രതിപക്ഷം
75 വയസ്സ് തികഞ്ഞൽ മാറി നിന്ന് മറ്റുള്ളവർക്ക് വഴിയൊരുക്കണമെന്ന ആർ എസ് എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശം ചർച്ചയാകുന്നു.ആർ എസ് എസ് നേതാവ് മോറാപന്ത് പിംഗ്ലയെ കറിച്ചുള്ള പുസ്തക പ്രകാശനത്തിനിടെയാണ് മോഹൻ ഭാഗവത് ഇത്തരത്തിൽ പ്രതികരിച്ചത്. അതേസമയം ആർ എസ് എസ് മേധാവിയുടെ പരാമർശം ആയുധമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. ഈ വർഷം 75 വയസ് പൂർത്തിയാകുന്ന മോദിയെ ഉന്നം വെച്ചാണ് ഭാഗവത് സംസാരിച്ചത് എന്നാണ് പ്രതിപക്ഷം പറയുന്നത്.
'മോറോപന്ത് പിംഗ്ലെ ഒരിക്കൽ പറഞ്ഞത് 75 വയസ്സ് കഴിഞ്ഞ നിങ്ങൾക്ക് ഒരു ഷാൾ നൽകി ആദരിച്ചാൽ, അതിനർത്ഥം നിങ്ങൾ ഇനി നിർത്തണം, നിങ്ങൾക്ക് വയസായി മാറി നിൽക്കൂ, മറ്റുള്ളവർ വരട്ടെ എന്നാണ്. ദേശീയ സേവനത്തോടുള്ള ഭക്തി ഉണ്ടായിരുന്നിട്ടും, പ്രായം അതിന്റെ സൂചന നൽകിക്കഴിഞ്ഞാൽ വിവേകത്തോടെ പിന്മാറണമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു', മോഹൻ ഭാഗവത് പറഞ്ഞു.

അതേസമയം ഭാഗവതിന്റെ ഉന്നം തന്നെയാണെന്നാണ് പ്രതിപക്ഷവാദം. എല്‍കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ജസ്വന്ത് സിങ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ 75 വയസ് പരിധി ചൂണ്ടിക്കാട്ടി നിർബന്ധപൂർവ്വം മാറ്റി നിർത്തിയ ആളാണ് മോദി. എന്തായാലും സ്വന്തം കാര്യത്തിൽ അദ്ദേഹം ഇത് പാലിക്കുമോയെന്ന് കാത്തിരുന്ന് കാണാം', ശിവസേന രാജ്യസഭ എംപി സഞ്ജയ് റൗത്ത് പറഞ്ഞു.
ഇക്കഴിഞ്ഞ മാർച്ചിൽ മോദി ആർ എസ് എസ് ആസ്ഥാനത്ത് എത്തിയപ്പോഴും മോദിയുടെ വിരമിക്കലിനെ കുറിച്ച് റൗത്ത് പ്രതികരിച്ചിരുന്നു. 'മോദി വിരമിക്കൽ പ്രഖ്യാപിക്കാനാണ് ആർ എസ് എസ് ആസ്ഥാനത്ത് എത്തിയത്. എന്റെ അറിവ് അനുസരിച്ച് കഴിഞ്ഞ 11 വർഷത്തിനിടയിൽ ഒരിക്കൽ പോലും അദ്ദേഹം ആർ എസ് എസ് ആസ്ഥാനത്ത് പോയിട്ടില്ല. ആർ എസ് എസ് നേതൃമാറ്റം ആവശ്യപ്പെടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പോകുകയാണ്', എന്നായിരുന്നു അന്ന് റൗത്ത് പറഞ്ഞത്. നരേന്ദ്ര മോദിയുടെ പിൻഗാമി ആരാകണമെന്ന് ആർ എസ് എസ് തീരുമാനിക്കും, അദ്ദേഹം മഹാരാഷ്ട്രയിൽ നിന്നുള്ള നേതാവായിരിക്കും. ഇക്കാര്യം അടച്ചിട്ട മുറിക്കുള്ളിൽ ചർച്ച ചെയ്യാനാണ് മോദിയെ ആർ എസ് എസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചതെന്നും റൗത്ത് അവകാശപ്പെട്ടിരുന്നു.
അതേസമയം ഭാഗവതിന്റെ പരാമർശത്തിൽ കോൺഗ്രസും മോദിക്കെതിരെ പരിഹാസം ഉയർത്തി. പ്രവൃത്തിയിൽ വരുത്താതെ വെറുതെ പ്രസംഗം മാത്രം ആകുന്നത് അപകടകരമാണെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് സിങ്വി പറഞ്ഞു. 75 വയസ്സ് പ്രായപരിധി ബാധകമാക്കി മാർഗ്ഗദർശക് മണ്ഡലിന് നിർബന്ധിത വിരമിക്കൽ നൽകിയത് തത്വവിരുദ്ധമാണ്. എന്നാൽ ഇപ്പോഴത്തെ വ്യവസ്ഥിതിക്ക് ഈ നിയമത്തിൽ നിന്ന് ഇളവ് ലഭിക്കുമെന്ന സൂചനകളാണ് നാം കാണുന്നത്', സിങ്വി പരിഹസിച്ചു.
ഈ വർഷം സപ്റ്റംബറിലാണ് മോദിക്ക് 75 വയസ് പൂർത്തിയാകുന്നത്. നേരത്തേ വിരമിക്കൽ വാർത്തകൾ ചർച്ചയായപ്പോൾ ഇത് തള്ളി ബി ജെ പി നേതൃത്വം രംഗത്തെത്തിയിരുന്നു. ബി ജെ പിയിൽ വിരമിക്കലിന് പ്രായം നിശ്ചയിച്ചിട്ടില്ലെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. 2029 ലും മോദി ജി തന്നെ രാജ്യത്തെ നയിക്കുമെന്നും ഷാ വ്യക്തമാക്കി.












Click it and Unblock the Notifications