മോഹന്‍ലാല്‍ അയോധ്യയിലെത്തിയില്ല, കാരണമെന്ത്? അക്ഷയ് കുമാറും കോലിയും അടക്കം വരാത്തവർ നിരവധി
പ്രത്യേകം ക്ഷണിക്കപ്പെട്ട ആയിരങ്ങളെ സാക്ഷി നിർത്തി അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങുകള്‍ പൂർത്തിയായി കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാംലല്ല വിഗ്രഹത്തിന്റെ കണ്ണു മൂടിക്കെട്ടിയ തുണി അഴിച്ചുമാറ്റിയതോടെയാണ് പ്രതിഷ്ഠാ ചടങ്ങുകൾ പൂർണമായത്. ഇതിന് പിന്നാലെ വായുസേനയുടെ ഹെലികോപ്റ്ററുകൾ ക്ഷേത്രത്തിനു മുകളിൽ പുഷ്പവൃഷ്ടി നടത്തി.
കാശിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിത് ആയിരുന്നു ചടങ്ങുകളുടെ മുഖ്യ കാർമികത്വം വഹിച്ചത്. പ്രധാനമന്ത്രിക്ക് പുറമെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യഗോപാൽ ദാസ് തുടങ്ങിയവരാണ് ഗർഭഗൃഹത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തവർ.

വലിയ സുരക്ഷയോടെ നടന്ന ചടങ്ങിലേക്ക് ക്ഷേത്രം നിൽക്കുന്ന പഴയ അയോധ്യ നഗരപരിധിയിലെ താമസക്കാരെയല്ലാതെ പുറത്തു നിന്നുള്ള ഭക്തരെ പ്രവേശിപ്പിച്ചില്ല. ഇവർക്ക് പുറമെ പ്രാണ പ്രതിഷ്ഠ ചടങ്ങിനു പാസുള്ളവർക്കും മാധ്യമങ്ങൾക്കും മാത്രമായിരുന്നു പ്രവേശനം.
സിനിമാ ലോകത്ത് നിന്നുള്‍പ്പെടെ ക്ഷണിക്കപ്പെട്ട അഥിതികളില്‍ മിക്കവരും ചടങ്ങിലേക്ക് എത്തി. അമിതാഭ് ബച്ചന്‍, രജനികാന്ത്, ധനുഷ്, ഖുഷ്ബു, കങ്കണ റണാവത്ത്, ചിരഞ്ജീവി, ഷെഫാലി ഷാ, ജാക്കി ഷ്റോഫ്, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, കത്രീന കൈഫ്, ആയുഷ് മാൻ ഖുറാന, രാം ചരൺ, രൺദീപ് ഹൂഡ, പവൻ കല്യാൺ തുടങ്ങി വലിയ താര നിര തന്നെ അയോധ്യയിലെത്തി.
കേരളത്തില്‍ നിന്നും മോഹൻലാലിനു ക്ഷണം ലഭിച്ചിരുന്നെങ്കിലും അദ്ദേഹം അയോധ്യയിലെത്തിയില്ലെന്നാണ് റിപ്പോർട്ട്. പുതിയ ചിത്രമായ മലൈക്കോട്ടെ വാലിബന്റെ പ്രമോഷന്‍ തിരക്കുകളായതിനാലാണ് അദ്ദേഹം അയോധ്യയിലേക്ക് പോകാതിരുന്നതെന്നാണ് ഒടിടി പ്ലേ പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്, മെട്രോമാൻ ഇ.ശ്രീധരൻ, ബൈജൂസ് ഗ്രൂപ്പിന്റെ ബൈജു രവീന്ദ്രൻ, പി ടി ഉഷ, സുരേഷ് ഗോപി എന്നിവർ ഉള്‍പ്പെടെ രണ്ടായിരത്തോളം പേർക്കായിരുന്നു രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചവർ. ഇതില്‍ മിക്കവരും അയോധ്യയിലെത്തിച്ചേർന്നു.
എല്‍കെ അധ്വാനിയാണ് പരിപാടിയില്‍ പങ്കെടുക്കാത്ത മറ്റൊരു പ്രധാന വ്യക്തിത്വം. ആരോഗ്യ പ്രശ്നങ്ങളാലാണ് അദ്ദേഹം അവാസന നിമിഷം യാത്ര ഉപേക്ഷിച്ചത്. ക്ഷണിക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ മല്ലികാർജ്ജുന്‍ ഖാർഗെയും സോണിയ ഗാന്ധിയും അധീർ രഞ്ജന്‍ ചൌധരിയും പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ക്രിക്കറ്റ് താരങ്ങളായ കോലി, ധോണി എന്നിവരും ചടങ്ങിലേക്ക് എത്തിയില്ലെന്നാണ് റിപ്പോർട്ട്.
മൻമോഹൻ സിംഗ്, മമത ബാനർജി, അരവിന്ദ് കെജ്രിവാൾ, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, മായാവതി, ലാലു പ്രസാദ് യാദവ്, ഫാറൂഖ് അബ്ദുള്ള, നിതീഷ് കുമാർ, ശരദ് പവാർ തുടങ്ങിയ പ്രതിപക്ഷ നേതാക്കളും പരിപാടിയിലേക്ക് എത്തിയില്ല. നടന്‍ അക്ഷയ് കുമാറും ചടങ്ങിലേക്ക് എത്തിയില്ലെന്നാണ് റിപ്പോർട്ട്. ഷൂട്ടിങ് തിരക്കുകള്‍ കാരണമാണ് അദ്ദേഹം വിട്ടുനില്‍ക്കുന്നത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും പരിപാടിയിൽ പങ്കെടുത്തില്ല. അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാൻ തന്റെ മന്ത്രിമാർ, എംഎല്‍എമാർ, എംപിമാർ എന്നിവരോടൊപ്പം മറ്റൊരു ദിവസം എത്തുമെന്ന് ഷിന്‍ഡെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications