മൊജ്തബ ഖാംനഇ എവിടെ? അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞ് ഇറാന്‍; പുതിയ വീഡിയോ പുറത്തുവിട്ടു
ടെഹ്‌റാന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖാംനഇയുടെ ആരോഗ്യത്തിന് യാതൊരു പ്രശ്‌നവുമില്ലെന്ന് ലോകത്തെ അറിയിക്കാന്‍ പുതിയ വീഡിയോ പുറത്തുവിട്ട് ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍. ഖാംനഇ മതപരമായ ക്ലാസുകള്‍ എടുക്കുന്ന വീഡിയോയാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ പിതാവ് അലി ഖാംനഇ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് 56-കാരനായ മൊജ്തബ അധികാരമേറ്റത്.
രാജ്യം യുദ്ധസാഹചര്യത്തില്‍ അതീവ പ്രതിസന്ധി നേരിടുന്ന അവസ്ഥയിലാണ് മൊജ്തബ അധികാരം ഏറ്റെടുക്കുന്നത്. എന്നാല്‍ സ്ഥാനമേറ്റ ശേഷം അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാത്തത് അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് വലിയ തോതിലുള്ള അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്ന് തെളിയിക്കാന്‍ ലക്ഷ്യമിട്ട് പുതിയ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

അറബി ഭാഷയില്‍ മതപഠനം നടത്തുന്ന മൊജ്തബ ഖാംനഇയിയെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. എന്നാല്‍ ഈ ദൃശ്യങ്ങള്‍ എപ്പോള്‍ ചിത്രീകരിച്ചതാണെന്ന് വ്യക്തമാക്കാന്‍ ഇറാനിയന്‍ മാധ്യമങ്ങള്‍ തയ്യാറായിട്ടില്ല. ഇത് പഴയ വീഡിയോ ആണെന്ന സംശയം അന്താരാഷ്ട്ര തലത്തില്‍ ഉയരുന്നുണ്ട്. നേരത്തെ നടന്ന ആക്രമണങ്ങളില്‍ മൊജ്തബയുടെ കാലിന് പരിക്കേറ്റതായും അദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും കൊല്ലപ്പെട്ടതായും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ അദ്ദേഹം കോമയിലാണെന്നും ചികിത്സയ്ക്കായി റഷ്യയിലെ മോസ്‌കോയിലാണെന്നും തരത്തിലുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ മൊജ്തബ ഖാംനഇയുടെ ആരോഗ്യസ്ഥിതിയില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തില്‍ പോലും വ്യക്തതയില്ലെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. എന്നാല്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷാ മേധാവി അലി ലാറിജാനിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് മൊജ്തബയുടെ പേരില്‍ സന്ദേശം പുറത്തുവന്നിരുന്നു. ശത്രുക്കള്‍ ഇതിന് വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം സന്ദേശത്തിലൂടെ മുന്നറിയിപ്പ് നല്‍കി. ഗള്‍ഫ് രാജ്യങ്ങള്‍ക്കു നേരെയും ഇസ്രായേലിനു നേരെയും ഇറാന്റെ പ്രത്യാക്രമണം ശക്തമായി തുടരുകയും ചെയ്യുന്നുണ്ട്. ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും ഇറാന്‍ ഔദ്യോഗികമായി അറിയിച്ചു.
ഇറാനും യുഎസ്-ഇസ്രായേല്‍ സഖ്യവും തമ്മിലുള്ള സംഘര്‍ഷം നാലാം ആഴ്ചയിലേക്ക് അടുക്കുകയാണ്. ഇപ്പോഴും സൈനിക നടപടികളും പ്രത്യാക്രമണങ്ങളും തുടരുകയാണ്. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ വഷളാകുമെന്ന ആശങ്കയും ശക്തമാണ്. ഇപ്പോഴും പശ്ചിമേഷ്യയില്‍ സ്ഥിതിഗതികള്‍ അസ്ഥിരമായി തുടരുകയാണ്. സാമ്പത്തികമായും വലിയ തിരിച്ചടിയാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ നേരിടുന്നത്.












Click it and Unblock the Notifications