ഒരു ലക്ഷം രൂപയ്ക്ക് പതിനഞ്ചുകാരിയായ മകളെ വിറ്റ് അമ്മ: ഒന്നരവയസ്സുകാരനെയും മാസങ്ങൾക്ക് മുമ്പ് വിറ്റു
ദില്ലി: ഒരു ലക്ഷം രൂപയ്ക്ക് വേണ്ടി സ്വന്തം മകളെ വിറ്റ് അമ്മ. ദില്ലിയിലാണ് സംഭവം. പെണ്‍കുട്ടികളെ കടത്തുന്ന സംഘത്തിന് കഴിഞ്ഞ ആഴ്ച അമ്മ വിറ്റ പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ഇന്നലെയാണ് ദില്ലി വനിതാ കമ്മീഷന്‍ രക്ഷപ്പെടുത്തുന്നത്. ഒന്നര വയസ്സുകാരനായ തന്റെ സഹോദരനെയും കഴിഞ്ഞ മാസം അമ്മ വിറ്റതായി രക്ഷപ്പെട്ട പെണ്‍കുട്ടി പറഞ്ഞു.
സംഭവത്തെ കുറിച്ച് കമ്മീഷന്‍ പറയുന്നത് ഇങ്ങനെയാണ്. കഴിഞ്ഞ ആഴ്ച പെണ്‍കുട്ടിയോട് അമ്മ ബദര്‍പൂരിലെ സഹോദരിയുടെ സ്ഥലത്തേക്ക് തന്നോടൊപ്പം പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അങ്ങോട്ട് പോകുന്നതിന് പകരം നിസാമുദ്ദീനിലെ ഒരു ഹോട്ടലിലേക്കാണ് പെണ്‍കുട്ടിയെ കൊണ്ടുപോയത്. ഹോട്ടലില്‍ വെച്ച് കരാര്‍ ഒപ്പിട്ട ശേഷം, താന്‍ എവിടെയോ പോകുകയാണെന്നും ഷാഹിദ് എന്നയാള്‍ അവളെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നും അമ്മ പറഞ്ഞു.

എന്നാല്‍ ഷഹീദ് അവളെ ബവാന ഗ്രാമത്തിലെ ഈശ്വര്‍ കോളനിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഷാഹിദിന്റെ വീട്ടില്‍ ഉണ്ടായിരുന്ന മറ്റ് പെണ്‍കുട്ടികള്‍ പതിനഞ്ചുകാരിയോട് വിവാഹ വസ്ത്രം ധരിക്കാനും 'തയ്യാറാകാനും' ആവശ്യപ്പെട്ടു. ഒരു ലക്ഷം രൂപയ്ക്ക് അമ്മ അവളെ വിറ്റതായും അവര്‍ പെണ്‍കുട്ടിയോട് പറഞ്ഞു. എന്നാല്‍ ഒരു ദിവസത്തിനകം ഷാഹിദിന്റെ വീട്ടില്‍ നിന്നും അവള്‍ രക്ഷപ്പെട്ടു.
ബവാനയിലെ തന്റെ പ്രദേശത്തേക്ക് മടങ്ങിയെത്തിയ അവള്‍ അയല്‍വാസികളോട് സഹായം ചോദിച്ചു. അവര്‍ ദില്ലി കമ്മീഷന്‍ ഫോര്‍ വിമന്‍സ് 181 ഹെല്‍പ്പ് ലൈനില്‍ വിളിച്ച് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുന്നത്. ഡിസിഡബ്ല്യു സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി പെണ്‍കുട്ടിയെ ലോക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പെണ്‍കുട്ടി അമ്മ, രണ്ടാനച്ഛന്‍, നാല് സഹോദരങ്ങള്‍ എന്നിവരോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ മാസം ഒന്നര വയസുള്ള സഹോദരനെയും അമ്മ ഒരാള്‍ക്ക് വിറ്റതായി അവള്‍ അറിയിച്ചു. അമ്മ കടക്കെണിയിലായിരുന്നു, അത് അടയ്ക്കുന്നതിനായാണ് കുട്ടിയെ വിറ്റത്. ഇക്കാര്യത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് അയച്ചതായി ഡിസിഡബ്ല്യു അറിയിച്ചു.


Click it and Unblock the Notifications