മകളുമായി ഒളിച്ചോടി; മരുമകനെ അമ്മായിയമ്മ സ്‌റ്റേഷനിലിട്ട് കത്തികൊണ്ട് പലതവണ കുത്തി
മരുമകനെ അമ്മായിയമ്മ സ്‌റ്റേഷനിലിട്ട് കുത്തി
ഭോപാല്‍: തന്റെ എതിര്‍പ്പ് മറികടന്ന് മകളെ വിവാഹം ചെയ്തയാളെ സ്ത്രീ സ്റ്റേഷനിലിട്ട് പലതവണ കുത്തി. മധ്യപ്രദേശിലെ ഖര്‍ഗാവ് ജില്ലയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. ഒളിച്ചോടിയ മകളും മരുമകനും വിവാഹിതരായി മൂന്നുദിവസത്തിനുശേഷമാണ് സ്‌റ്റേഷനിലെത്തിയത്. ഇവിടെവെച്ചായിരുന്നു സ്ത്രീയുടെ അപ്രതീക്ഷിതമായ ആക്രമണം.
ഭവ്‌സാര്‍ കോളനിയിലെ പ്രേരണ മഹാജന്‍ അതേ കോളനിയിലെ സാഗര്‍ ധരേയുമായി പ്രണയത്തിലായിരുന്നു. ഇവരുടെ പ്രണയത്തെ അമ്മ സീമ എതിര്‍ത്തതോടെ ഓഗസ്ത് 17 ഇരുവരും ഒളിച്ചോടി വിവാഹിതരായി. ഇതേതുടര്‍ന്ന് മകളെ കാണാതായെന്നുകാട്ടി പ്രേരണയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

നാട്ടില്‍ തിരിച്ചെത്തിയ പ്രേരണയും ഭര്‍ത്താവും പോലീസ് കേസുള്ളതിനാല്‍ സ്‌റ്റേഷനില്‍ ഹാജരായി വിവാഹിതരായെന്ന് അറിയിച്ചു. പോലീസ് പ്രേരണയുടെ രക്ഷിതാക്കളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തുടക്കത്തില്‍ തണുത്തരീതിയില്‍ പ്രതികരിച്ച പ്രേരണയുടെ അമ്മ പൊടുന്നനെ വസ്ത്രത്തില്‍ ഒളിപ്പിച്ച കത്തികൊണ്ട് സാഗറിനെ പലതവണ കുത്തുകയായിരുന്നു.
പോലീസ് സ്ത്രീയെ പിടിച്ചുമാറ്റുമ്പോഴേക്കും ഏഴോളം കുത്തുകള്‍ യുവാവ് ഏറ്റിരുന്നു. രക്തം വാര്‍ന്ന സാഗര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടില്‍ അമ്മയ്ക്ക് മാത്രമാണ് തങ്ങളുടെ പ്രണയത്തോട് എതിര്‍പ്പെന്നും അച്ഛനും സഹോദരനും എതിര്‍പ്പില്ലെന്നും പ്രേരണ പിന്നീട് പറഞ്ഞു. അമ്മയ്‌ക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് യുവതി പരാതി നല്‍കിയിട്ടുമുണ്ട്.












Click it and Unblock the Notifications