പരസ്യമായി കൊല്ലുമെന്ന് ഭീഷണി, സഹായം അഭ്യർത്ഥിച്ച് മോണാലിസയും ഭർത്താവ് ഫർമാനും
മിശ്രവിവാഹത്തിന്റെ പേരിൽ കടുത്ത വിമർശനങ്ങളും വധഭീഷണികളും നേരിടുന്ന മോണാലിസ ഭോസ്‌ലെയും ഭർത്താവ് ഫർമാൻ ഖാനും സഹായം അഭ്യർത്ഥിച്ച് രംഗത്ത്. ലൗ ജിഹാദ് ആരോപിച്ചാണ് വിവാഹത്തിന് പിന്നാലെ ഇരുവർക്കും നേരെ സൈബർ ആക്രമണങ്ങൾ ശക്തമായത്.
കഴിഞ്ഞ മാർച്ച് 11-ന് തിരുവനന്തപുരം അരുമാനൂരിലെ ശ്രീ നൈനാർ ദേവക്ഷേത്രത്തിൽ വെച്ചായിരുന്നു മോണാലിസയുടെയും ഫർമാന്റെയും വിവാഹം. വിവാഹം മാധ്യമശ്രദ്ധ നേടിയതോടെ . വിവാദങ്ങൾ ശക്തിപ്പെട്ടു. ലൗ ജിഹാദ് ആരോപണം കൂടാതെ മോണാലിസയ്ക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന ആരോപണവുമുണ്ട്. വധഭീഷണിയടക്കം ഉയർന്നതോടെ മോണാലിസ മാധ്യമങ്ങൾക്കും മധ്യപ്രദേശ് മുഖ്യമന്ത്രിക്കും കമ്മീഷണർക്കും അയച്ച കത്ത് സഹിതമുള്ള ഒരു വീഡിയോ പുറത്തുവിട്ടു.
ഈ സാഹചര്യത്തിൽ ഇടപെടൽ ആവശ്യപ്പെട്ടാണ് മോണാലിസയുടെ പ്രതികരണം. "ഞാൻ ഒരു കത്ത് സഹിതം ഈ വീഡിയോ എല്ലാവർക്കും അയക്കുകയാണ്, ദയവായി ഞങ്ങളെ സഹായിക്കൂ" എന്ന് മോണാലിസയും ഫർമാനും വീഡിയോയിൽ അഭ്യർത്ഥിച്ചു. "ഞങ്ങളെ പരസ്യമായി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു" എന്നും അവർ കൂട്ടിച്ചേർത്തു.

തങ്ങൾക്ക് ലഭിക്കുന്ന ഭീഷണികളെക്കുറിച്ച് ഇതിനകം അധികാരികളെ അറിയിക്കുകയും സംരക്ഷണം അഭ്യർത്ഥിക്കുകയും ചെയ്തതായി ദമ്പതികൾ വ്യക്തമാക്കി. വിവാഹശേഷം സംസാരിച്ചപ്പോൾ കേരള സർക്കാരിൽ നിന്ന് ലഭിച്ച പിന്തുണയ്ക്ക് അവർ നന്ദി പറഞ്ഞു. "കേരള സർക്കാർ ഞങ്ങളെ ഒരുപാട് പിന്തുണച്ചു. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞങ്ങൾ അവർക്ക് നന്ദി പറയുന്നു. ഞങ്ങൾ എല്ലാ മതങ്ങളിലും വിശ്വസിക്കുന്നു. എനിക്ക് എല്ലാ മതങ്ങളും ഒരുപോലെയാണ്" എന്ന് മോണാലിസ പറഞ്ഞു.
"ഇങ്ങനെയൊരു വലിയ വിവാഹം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. രണ്ടോ നാലോ പേർ മാത്രമേ വിവാഹത്തിനെത്തുമെന്ന് കരുതി. പക്ഷേ ഒരുപാട് പേരുണ്ടായിരുന്നു. മന്ത്രി ഞങ്ങളെ ആശീർവദിക്കാൻ എത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രിയും എത്തിയിരുന്നു", ഫർമാൻ പറഞ്ഞു
2025 ലെ മഹാകുംഭമേളയിൽ രുദ്രാക്ഷ മാലകൾ വിൽക്കുന്ന വീഡിയോകൾ വൈറലായതോടെയാണ് മോണാലിസയ്ക്ക് ദേശീയ ശ്രദ്ധ ലഭിച്ചത്. ഒരു സിനിമയിൽൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോഴാണ് ഫർമാനെ കണ്ടുമുട്ടിയതും പ്രണയത്തിലായതും.
മതപരമായ വ്യത്യാസങ്ങൾ കാരണം മോണാലിസയുടെ കുടുംബത്തിൽ നിന്ന് ശക്തമായ എതിർപ്പുകൾ നേരിടേണ്ടി വന്നിരുന്നു. തുടർന്ന്, തമ്പാനൂർ പോലീസ് സ്റ്റേഷനിൽ സംരക്ഷണം തേടിയ അവർക്ക്, പ്രായപൂർത്തിയായ വ്യക്തി എന്ന നിലയിൽ സ്വന്തം പങ്കാളിയെ തിരഞ്ഞെടുക്കാൻ നിയമപരമായി അവകാശമുണ്ടെന്ന് പോലീസ് ഉറപ്പുനൽകി. ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹച്ചടങ്ങിൽ പ്രാദേശിക നേതാക്കളും വലിയ ജനക്കൂട്ടവും പങ്കെടുത്തു.












Click it and Unblock the Notifications