മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍
സമൂഹ മാധ്യമങ്ങളില്‍ ഇന്നലെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് കുംഭമേള വൈറല്‍ താരം മോണാലിസയുടെ വിവാഹമാണ്. മാതാപിതാക്കള്‍ എതിര്‍ത്ത വിവാഹത്തെ കേരള ജനത ഏറ്റെടുത്ത് നടത്തുകയായിരുന്നു. തിരുവനന്തപുരം പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ നടന്ന വിവാഹത്തിന് മന്ത്രിയും സിപിഎം നേതാക്കളും ഉള്‍പ്പെടെ സാക്ഷികളായി. മോണാലിസയുടെ മാതാപിതാക്കള്‍ പങ്കെടുക്കാതിരുന്ന ചടങ്ങില്‍ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.
മഹാരാഷ്ട്ര സ്വദേശിയായ ഫര്‍മാന്‍ ഖാനാണ് മോണാലിസയ്ക്ക് താലി ചാര്‍ത്തിയത്. വിവാഹ ചടങ്ങിന് മുന്നോടിയായി ഇരുവരും തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ അഭയം തേടിയിരുന്നു. തുടര്‍ന്ന് പൊലീസ് സംരക്ഷണയിലായിരുന്നു വിവാഹം നടത്തിയത്. വിവാഹം കഴിഞ്ഞതോടെ ഇതാണ് യഥാര്‍ത്ഥ കേരള സ്റ്റോറി എന്ന് പ്രശംസിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ കല്യാണ വീഡിയോയും ഫോട്ടോയും പങ്കുവെച്ചത്. കേരളത്തില്‍ മാത്രമേ ഇങ്ങനെയൊരു കാര്യം നടക്കൂ എന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു. ആറു മാസത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും കേരളത്തില്‍ അഭയം തേടി വിവാഹിതരായത്. ഇരുവരും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാലിപ്പോള്‍ കല്യാണത്തിന് പിന്നാലെ വലിയൊരു വിവാദം ഉയര്‍ന്നിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലാണ് മോണാലിസയുടെ വിവാഹത്തെ ചൊല്ലി തര്‍ക്കം നടക്കുന്നത്. പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ചാണ് തര്‍ക്കം നടക്കുന്നത്. നിയമപരമായി മോണാലിസയ്ക്ക് വിവാഹം കഴിക്കാനുള്ള പ്രായമായില്ലെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. കുംഭമേളയില്‍ മാല വില്‍ക്കാനെത്തി കഴിഞ്ഞ വര്‍ഷമാണ് മോണാലിസ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. അന്ന് പ്രചരിച്ച വാര്‍ത്തകളില്‍ മോണാലിസയ്ക്ക് 16 വയസ് എന്നാണ് പ്രായം നല്‍കിയിരുന്നത്. അങ്ങനെയാണെങ്കില്‍ ഇപ്പോള്‍ 17 വയസ് മാത്രമാണ് മോണാലിസയ്ക്ക് പ്രായം. എന്നാല്‍ പൊലീസ് ഇക്കാര്യം നിഷേധിക്കുന്നു. പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായിയെന്ന് സ്ഥിരീകരിച്ച ശേഷമാണ് വിവാഹം നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്. എന്തായാലും മോണാലിസയുടെ പ്രായം സംബന്ധിച്ച് വലിയ തര്‍ക്കമാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്.
അതിനിടെ ഈ വിവാഹത്തിന് വര്‍ഗീയ നിറം നല്‍കാനും നിരവധി പേര്‍ ശ്രമിക്കുന്നുണ്ട്. പ്രായം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് ദമ്പതികള്‍ തന്നെ മറുപടിയുമായി എത്തി. പ്രായം സംബന്ധിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു ദമ്പതികളുടെ മറുപടി. ഫര്‍മാന്റെ വാക്കുകള്‍: 'മോണാലിസയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പല ന്യൂസുകളും കണ്ടു. അവള്‍ കുട്ടിയാണെന്നൊക്കെ. അവള്‍ക്ക് പ്രായപൂര്‍ത്തിയായി, 18 പ്ലസ് ആണ്. ജനന സര്‍ട്ടിഫിക്കറ്റിലും ആധാര്‍ കാര്‍ഡിലുമൊക്കെ 18 വയസ് കഴിഞ്ഞു, നിങ്ങള്‍ പരിശോധിച്ചോളൂ'.












Click it and Unblock the Notifications