'കേസ് കൊടുക്കാന്‍ കാരണം മൊണാലിസയോടുള്ള അസൂയ'; സംവിധായകനെതിരായ കേസില്‍ വഴിത്തിരിവ്
മുംബൈ: കുംഭമേള വൈറല്‍ താരം മൊണാലിസയ്ക്ക് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത സനോജ് മിശ്രയ്‌ക്കെതിരായ കേസില്‍ വഴിത്തിരിവ്. സനോജ് മിശ്രയ്‌ക്കെതിരെ പരാതി നല്‍കിയ യുവതി താന്‍ ഗൂഢാലോചനയുടെ ഭാഗമായാണ് പരാതി നല്‍കിയത് എന്നും മൊണാലിസയോടുള്ള അസൂയയുടെ പേരില്‍ നല്‍കിയ പരാതി പിന്‍വലിക്കുകയാണ് എന്നും യുവതി വ്യക്തമാക്കി.
സനോജിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആയിരുന്നു അവരുടെ പ്രതികരണം. സനോജ് മിശ്രയ്ക്കെതിരെ വ്യാജ കേസ് ഫയല്‍ ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചത് ചലച്ചിത്ര നിര്‍മ്മാതാവ് വസീം റിസ്വിയും മറ്റ് നാല് പേരുമാണ് എന്നും അവര്‍ വെളിപ്പെടുത്തി. കേസ് പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അവര്‍ ആരോപിച്ചു.

'ഞാന്‍ സനോജ് മിശ്രയോടൊപ്പം 'ദി ഡയറി ഓഫ് വെസ്റ്റ് ബംഗാള്‍' എന്ന ചിത്രത്തില്‍ ജോലി ചെയ്യുകയായിരുന്നു. ആ സിനിമയുടെ ചിത്രീകരണത്തിനുശേഷം ആളുകള്‍ എന്നെ പ്രകോപിപ്പിക്കാന്‍ തുടങ്ങി. അതേ സമയത്താണ്, മൊണാലിസ സനോജ് മിശ്രയ്ക്കൊപ്പം പ്രത്യക്ഷപ്പെടുകയും വൈറലാകുകയും ചെയ്തത്. ആ കാലയളവില്‍ ആളുകള്‍ എനിക്ക് വ്യാജ ഫോട്ടോകള്‍ അയച്ചു തന്ന് എന്നെ പ്രകോപിപ്പിച്ചു.
അവര്‍ അത്തരമൊരു സാഹചര്യം സൃഷ്ടിച്ചു, മാനസികമായി എന്നെ പീഡിപ്പിച്ചു. അതിന്റെ ഫലമായി ഞാന്‍ സനോജ് മിശ്രയ്ക്കെതിരെ കേസ് ഫയല്‍ ചെയ്തു. പിന്നീട്, സത്യം മനസിലാക്കിയപ്പോള്‍ എനിക്ക് ഭയങ്കര കുറ്റബോധം തോന്നി. കേസ് പിന്‍വലിക്കാന്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഞാന്‍ കോടതിയില്‍ പോയപ്പോള്‍ ആളുകള്‍ എന്നെ ഭീഷണിപ്പെടുത്തി. നിന്നെ ജയിലിലടയ്ക്കും എന്ന് ആക്രോശിച്ചു,' യുവതി പറഞ്ഞു.
തന്റെ തെറ്റ് ഇപ്പോള്‍ മനസ്സിലായി എന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വസീം റിസ്വിയും മറ്റ് നാല് പേരും ആയിരിക്കും ഉത്തരവാദികളെന്നും അവര്‍ പറഞ്ഞു. 'ഈ ആളുകള്‍ ഒരു പെണ്‍കുട്ടിയുടെ അന്തസ്സ് കൊണ്ടാണ് കളിക്കുന്നത്. ഞാന്‍ വിസമ്മതിച്ചിട്ടും അവര്‍ എന്റെ എഫ്ഐആര്‍ സോഷ്യല്‍ മീഡിയയില്‍ ചോര്‍ത്തി പലരേയും കള്ളക്കേസില്‍ കുടുക്കുകയാണ്. ദേഷ്യത്തില്‍ ചെയ്ത തെറ്റ് ഞാന്‍ മനസിലാക്കി കേസ് പിന്‍വലിച്ചു,' യുവതി പറഞ്ഞു.
28 കാരിയായ സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 30 ന് ഡല്‍ഹി പോലീസ് സനോജ് മിശ്രയെ അറസ്റ്റ് ചെയ്തിരുന്നു. നാല് വര്‍ഷത്തിനിടെ സനോജ് തന്നെ ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്തുവെന്ന് സ്ത്രീ പരാതിയില്‍ ആരോപിച്ചിരുന്നു. സനോജ് മിശ്ര മൂന്ന് വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്നും അവര്‍ ആരോപിച്ചിരുന്നു. ബലാത്സംഗം, ശാരീരിക ആക്രമണം, നിര്‍ബന്ധിത ഗര്‍ഭം അലസല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്.
സനോജുമായി അഞ്ച് വര്‍ഷമായി ലിവ്-ഇന്‍ റിലേഷനിലാണ് എന്ന് പരാതിക്കാരി പറയുന്നു. തങ്ങള്‍ക്കിടയില്‍ സംഭവിച്ചതെല്ലാം ഇരുവരുടെയും സമ്മതത്തോടെയാണെന്നും പരാതിക്കാരി പറഞ്ഞു. സനോജ് ഒരിക്കലും തന്നെ ബലാത്സംഗം ചെയ്യുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് പരാതിക്കാരി പറഞ്ഞു.












Click it and Unblock the Notifications