'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്‍മാന്‍ പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ
തന്റെ മകള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്ന് കുംഭമേള വൈറല്‍ താരത്തിന്റെ അമ്മ. ഫര്‍മാന്‍ ഖാന്‍ മകളെ വശീകരിച്ച് കടത്തിക്കൊണ്ട് പോയതാണ് എന്നും അവര്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ ഐ എന്‍ എന്‍ എസിനോടായിരുന്നു അവരുടെ പ്രതികരണം. 'എന്റെ മകള്‍ പ്രായപൂര്‍ത്തിയാകാത്തവളാണ്. അവര്‍ അവളെ വശീകരിച്ച് കൊണ്ടുപോയി. മകളുടെ ജനനവുമായി ബന്ധപ്പെട്ട രേഖകള്‍ അധികൃതരെ ഏല്‍പ്പിച്ചിട്ടുണ്ട്,' അവര്‍ പറഞ്ഞു.
ഫര്‍മാന്‍ ഖാന്‍ മകള്‍ക്ക് വലിയ സിനിമ ലഭിക്കുമെന്ന് പറഞ്ഞിരുന്നു എന്നും അതിന് വേണ്ടി മകളുടെ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയാല്‍ എല്ലാം ശരിയാകുമെന്ന് പോലും അദ്ദേഹം പറഞ്ഞിരുന്നു എന്നും അവര്‍ ആരോപിച്ചു. ഫര്‍മാനെതിരെ പോക്‌സോ കേസ് എടുത്ത പശ്ചാത്തലത്തില്‍ ആണ് അമ്മയുടെ പ്രതികരണം. മകളെ എത്രയും പെട്ടെന്ന് തിരികെ കൊണ്ടുവരണം എന്നും അവര്‍ ആവശ്യപ്പെട്ടു.

മകള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍, ജനനവുമായി ബന്ധപ്പെട്ട രേഖകള്‍ വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ സഹായിച്ചതായി അമ്മ പറഞ്ഞു. 'എന്റെ മകള്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയിലാണ് ജനിച്ചത്. എന്റെ മകള്‍ പോയെന്ന് ആശുപത്രി അധികൃതരോട് പറഞ്ഞു. ദയവായി അവളുടെ ജനന രേഖകള്‍ നല്‍കാന്‍ എന്നെ സഹായിക്കൂ എന്ന് പറഞ്ഞു. സര്‍ക്കാര്‍ ഇപ്പോള്‍ എല്ലാ രേഖകളും നല്‍കിയിട്ടുണ്ട്. എന്റെ മകള്‍ പ്രായപൂര്‍ത്തിയാകാത്തവളാണെന്ന് അതിലുണ്ട്,'' അവര്‍ പറഞ്ഞു.
എത്രയും വേഗം തന്റെ മകളെ തിരികെ കൊണ്ടുവരാന്‍ സര്‍ക്കാരിനോടും അധികാരികളോടും അഭ്യര്‍ത്ഥിക്കുന്നും എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് പൊലീസ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് കേസ് ഫയല്‍ ചെയ്തത്.
കുംഭമേളയില്‍ വളയും മാലയും വിറ്റ് നടന്ന പെണ്‍കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് അവര്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. പിന്നാലെ സിനിമയിലേക്കും അവര്‍ ക്ഷണിക്കപ്പെട്ടു. കേരളത്തിലേക്ക് ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് വേണ്ടിയും അവര്‍ എത്തിയിരുന്നു. ഇതിനിടെ മാസങ്ങള്‍ക്ക് മുന്‍പ് കേരളത്തിലേക്ക് ഷൂട്ടിംഗിന് വേണ്ടിയെത്തിയ പെണ്‍കുട്ടി സുഹൃത്തിനെ വിവാഹം ചെയ്യുകയായിരുന്നു.
വീട്ടുകാര്‍ ബന്ധുവിനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയാണ് എന്നും കാമുകന്‍ മുസ്ലീം ആയതിനാല്‍ വിവാഹത്തിന് സ്വന്തം നാട്ടില്‍ എതിര്‍പ്പും ഭീഷണിയും നേരിടേണ്ടി വന്നു എന്നുമായിരുന്നു വൈറല്‍ പെണ്‍കുട്ടി പറഞ്ഞത്. പിന്നാലെ കേരളത്തില്‍ വെച്ച് മന്ത്രിമാരുടേയും മറ്റും സാന്നിധ്യത്തില്‍ ഇവരുടെ വിവാഹവും കഴിഞ്ഞിരുന്നു. എന്നാല്‍ ഇത് ലൗജിഹാദാണ് എന്ന് പറഞ്ഞ് ഹിന്ദുത്വശക്തികള്‍ രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച ചോദ്യവും ഉയര്‍ന്നത്. പെണ്‍കുട്ടി 2009 ഡിസംബര്‍ 30 ന് ജനിച്ചതാണെന്നും വിവാഹം നടക്കുമ്പോള്‍ അവള്‍ക്ക് 16 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. ഇതോടെയാണ് പോക്‌സോ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
വിവാഹം നടത്തുന്നതിനായി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതായും കമ്മീഷന്‍ ആരോപിച്ചു. ഏപ്രില്‍ 22 ന് ഡല്‍ഹിയില്‍ ഹാജരാകാന്‍ കേരള, മധ്യപ്രദേശ് പോലീസ് ഡയറക്ടര്‍ ജനറല്‍മാരോട് കമ്മീഷന്‍ സമന്‍സ് അയച്ചിട്ടുണ്ട്. മാര്‍ച്ച് 11 ന് തിരുവനന്തപുരത്തിനടുത്തുള്ള പൂവാറിലെ ഒരു ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം.
അതിനിടെ ഭാര്യയെ കാണാനില്ല എന്ന് പറഞ്ഞ് ഫര്‍മാന്‍ ഖാന്‍ രംഗത്തെത്തി. ഭാര്യയോടൊപ്പം താന്‍ അജ്മീറിലെ പുഷ്‌കറില്‍ എത്തിയിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അവളെ കാണാതായെന്നും അവകാശപ്പെട്ട് ഫര്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്ക് വെച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ അമ്മ ഫര്‍മാന്റെ അവകാശവാദങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു, ആശയക്കുഴപ്പം സൃഷ്ടിക്കാനും പൊലീസ് അന്വേഷണം വഴിതിരിച്ചുവിടാനുമുള്ള മനഃപൂര്‍വമായ ഗൂഢാലോചനയാണ് വീഡിയോയെന്ന് അവര്‍ പറഞ്ഞു.












Click it and Unblock the Notifications