പണം പിന്‍വലിക്കല്‍; വീണ്ടും വിശദീകരിച്ച് ഇപിഎഫ്ഒ, ജോലി പോയാല്‍ 75% മാത്രം ഉടനടി കിട്ടും
ഈ മാസം 13ന് ചേര്‍ന്ന യോഗത്തിന്റെ തീരുമാനങ്ങളില്‍ വിശദീകരണവുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ). ചില തീരുമാനങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം. ജീവനക്കാരുടെ ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനങ്ങള്‍ എടുത്തിരിക്കുന്നത്.
ജോലി നഷ്ടമാകുന്ന വ്യക്തിക്ക് ഇപിഎഫിലെ പണം പൂര്‍ണമായി ഒറ്റയടിക്ക് പിന്‍വലിക്കാന്‍ സാധിക്കില്ല. മൂന്ന് ഘട്ടങ്ങളായിട്ടാണ് പണം പൂര്‍ണമായി കൈവശമെത്തുക. ജോലി നഷ്ടമായവര്‍ പണം പൂര്‍ണമയി പിന്‍വലിക്കുകയും മാസങ്ങള്‍ പിന്നിടുമ്പോള്‍ പുതിയ ജോലിയില്‍ പ്രവേശിക്കുകയും പെന്‍ഷന്‍ സീനിയോരിറ്റി നഷ്ടപ്പെടുകയും ചെയ്യുന്നതിനാലാണ് ഇപിഎഫ്ഒ പുതിയ നിബന്ധന കൊണ്ടുവന്നിരിക്കുന്നത്.

തൊഴിലാളിയില്‍ നിന്നും തൊഴിലുടമയില്‍ നിന്നും 12 ശതമാനം വീതം തുകയാണ് പ്രൊവിഡന്റ് ഫണ്ടിലേക്ക് പോകുന്നത്. അതില്‍ തൊഴിലാളിയുടെ പണം പൂര്‍ണമായി പിഎഫിലേക്ക് പോകും. തൊഴിലുടമ നല്‍കുന്നതില്‍ 8.33 ശതമാനം പെന്‍ഷന്‍ ഫണ്ടിലേക്കാണ് നീക്കി വയ്ക്കുന്നത്. ബാക്കി പ്രൊവിഡന്റ് ഫണ്ടിലേക്കും. വിരമിക്കല്‍ പ്രായമാകുന്നതിന് മുമ്പ് അപ്രതീക്ഷിതമായി ജോലി പോകുന്നവരുടെ കാര്യമാണ് ഇനി പറയാന്‍ പോകുന്നത്...
ജോലി നഷ്ടമായ ഉടനെ പിഎഫില്‍ നിന്ന് 75 ശതമാനം തുക പിന്‍വലിക്കാന്‍ സാധിക്കും. 12 മാസം വരെ തൊഴില്‍ രഹിതനായി തുടര്‍ന്നാല്‍ ബാക്കി 25 ശതമാനവും പിന്‍വലിക്കാം. നേരത്തെ ജോലി നഷ്ടമായി 2 മാസം കഴിഞ്ഞാല്‍ മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ സാധിക്കുമായിരുന്നു. ഇനി മുഴുവന്‍ തുകയും പിന്‍വലിക്കണം എങ്കില്‍ 12 മാസം കാത്തിരിക്കണം എന്ന് ചുരുക്കം.
പെന്‍ഷന്‍ ഫണ്ടിലെ പണം പിന്‍വലിക്കാന്‍
പെന്‍ഷന്‍ ഫണ്ടിലെ തുക പിന്‍വലിക്കണം എങ്കില്‍ 36 മാസം വരെ കാത്തിരിക്കണം. നേരത്തെ ഇതും രണ്ട് മാസമായിരുന്നു കാലാവധി. പെന്‍ഷന്‍ ലഭിക്കാന്‍ യോഗ്യനാകണം എങ്കില്‍ തുടര്‍ച്ചയായി 10 വര്‍ഷത്തെ സര്‍വീസ് ആവശ്യമാണ്. എന്നാല്‍ ഇടയ്ക്ക് ജോലി നഷ്ടമാകുകയും പണം പിന്‍വലിക്കുകയും ചെയ്താല്‍ പെന്‍ഷന്‍ ലഭിക്കാനുള്ള യോഗ്യതയായ 10 വര്‍ഷം കാലാവധി ലഭിക്കില്ല. സീനിയോരിറ്റി നഷ്ടം ഒഴിവാക്കാനാണ് 36 മാസമാക്കി നീട്ടിയത്.
പെന്‍ഷന്‍ പിന്‍വലിക്കല്‍ കാറ്റഗറികള്‍ 13ല്‍ നിന്ന് മൂന്നെണ്ണമാക്കി ചുരുക്കുകയാണ് ഇപിഎഫ്ഒ ചെയ്തിരിക്കുന്നത്. മാത്രമല്ല, പിഎഫ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് തുകയായി 25 ശതമാനം എപ്പോഴും വേണ്ടതുണ്ട്. ജോലി പെട്ടെന്ന് നഷ്ടമായവര്‍ക്ക് 75 ശതമാനം പിന്‍വലിച്ചാലും ബാക്കി 25 അക്കൗണ്ടില്‍ തുടരും. 12 മാസത്തിനിടെ പുതിയ ജോലി കിട്ടിയാല്‍ ഇതേ പിഎഫ് അക്കൗണ്ട് തുടരാനും സാധിക്കും.
ജോലി നഷ്ടമായാല്‍ പണം പിന്‍വലിക്കുന്നത് സംബന്ധിച്ച് പിഎഫ് വരിക്കാര്‍ക്കിടയില്‍ ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇപിഎഫ്ഒ വിശദീകരണം നല്‍കിയത്. പിഎഫ് അക്കൗണ്ടിലെ പണം രണ്ട് തവണയായും പെന്‍ഷന്‍ ഫണ്ടിലെ തുക 36 മാസത്തിന് ശേഷവും പിന്‍വലിക്കാമെന്നതാണ് ചുരുക്കം. അതേസമയം, 55 വയസ് കഴിഞ്ഞ ശേഷം ജോലി ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തില്‍ ജോലി മതിയാക്കുന്നവര്‍ക്ക് പ്രത്യേക ഇളവുണ്ടായിരിക്കും.












Click it and Unblock the Notifications