ശത്രുസ്വത്ത് നിയമഭേദഗതി ബില്‍ വര്‍ഷകാല സമ്മേളനത്തില്‍ പാസാക്കാനൊരുങ്ങി കേന്ദ്രം
ദില്ലി: പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകളെ മറികടന്ന് ശത്രുസ്വത്ത് നിയമഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പാസ്സാക്കിയെടുക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു. 1962ലെ ഇന്ത്യ- പാക് യുദ്ധത്തെ തുടര്‍ന്ന് പാകിസ്താനിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ സ്വത്ത് വകകള്‍ സര്‍ക്കാറിലേക്ക് കണ്ടുകെട്ടാന്‍ നിര്‍മ്മിക്കപ്പെട്ടതാണ് ശത്രു സ്വത്ത് നിയമം.
1968ലാണ് ഇത് സംബന്ധിച്ച ബില്‍ല്‍ പാര്‍ലമെന്റില്‍ പാസാക്കിയത്. ഈ ബില്‍ പ്രകാരം കോടികണക്കിന് രൂപ വിലവരുന്ന സ്വത്തുവകകളാണ് സര്‍ക്കാറിലേക്ക് കണ്ടുകെട്ടിയത്. എന്നാല്‍ വിശദമായ പരിശോധനയും ചര്‍ച്ചയും കൂടാതെ ബില്‍ തിടുക്കത്തില്‍ പാസാക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

പാകിസ്താനിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ സ്വത്ത് വകകള്‍ക്ക് മേല്‍ ഇന്ത്യയിലുള്ള അവരുടെ അനന്തരാവകാശികള്‍ക്ക് പോലും മുന്‍കാല പ്രാബല്യത്തോടെ അവകാശം നിഷേധിക്കുന്നതാണ് ഈ നിയമ ഭേദഗതി. സര്‍ക്കാര്‍ കണ്ടുകെട്ടിയ വസ്തുക്കള്‍ക്ക് മേല്‍ അവകാശവാദം ഉന്നയിച്ച് ഉടമസ്ഥരുടെ ഇന്ത്യക്കാരായ അനന്തരാവകാശികള്‍ കോടതികളെ സമീപിച്ചതോടെ നിയമത്തില്‍ ഭേദഗതി വേണമെന്ന ആലോചനകള്‍ സര്‍ക്കാര്‍ നടത്തിയത്.
2005ല്‍ ഇത്തരമൊരു കേസില്‍ സുപ്രീംകോടതി ഹര്‍ജിക്കാരന് അനുകൂലമായ വിധിയായിരുന്നു പുറപ്പെടുവിച്ചത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കഴിഞ്ഞ മാര്‍ച്ചില്‍ ബില്‍ ലോകസഭ പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭയില്‍ വിശദ പരിശോധന വേണമെന്ന ആവശ്യം ശക്തമായതോടെ സെലക്ട് കമ്മറ്റിക്ക് വിടുകയായിരുന്നു.












Click it and Unblock the Notifications