മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം; പേര് ചോദിച്ച ശേഷം വളഞ്ഞിട്ട് മർദ്ദിച്ചു
മംഗളൂരു: മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം. ഉള്ളാൽ സോമേശ്വർ ബീച്ചിൽ വെച്ചാണ് കാസർകോട് സ്വദേശികളായ 3 വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം ഉണ്ടായത്. നഗരത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ് ഇവർ. വ്യാഴാഴ്ച രാത്രി 7.30 നാണ് വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം ഉണ്ടായത്. 3 ആൺകുട്ടികളും ഇവരുടെ പെൺസുഹൃത്തുക്കളുമാണ് ബീച്ചിൽ എത്തിയത്. തൊട്ടുപിന്നാലെ ഒരു സംഘം ആൾക്കാരെത്തി ഇവരോട് പേര് ചോദിക്കുകയായിരുന്നു.
ഇവർ വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ടവരാണെന്ന് മനസ്സിലായതോടെ അക്രമി സംഘം ആൺകുട്ടികളെ മർദ്ദിക്കുകയായിരുന്നു. ഇവരെ തടയാൻ ശ്രമിച്ച പെൺകുട്ടികളേയും അക്രമി സംഘം കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. വിദ്യാർത്ഥികളെ തല്ലിച്ചതച്ച ശേഷം അക്രമി സംഘം സംഭവസ്ഥലത്ത് നിന്നും ഓടിപ്പോയി. പോലീസ് എത്തിയാണ് പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ എത്തിച്ചത്.

PC: Screengrab
പരിക്കേറ്റ 3 വിദ്യാർത്ഥികളേയും ദെർളക്കട്ട മെഡിക്കൽ കോളജ് ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമി സംഘത്തിലെ 4 പേരെ കസ്റ്റഡിയിൽ എടുത്തതായാണ് വിവരം. ബാക്കിയുള്ള പ്രതികൾ ഒളിവിലാണ്. അന്വേഷണത്തിന് 2 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. സമാനമായ സംഭവം കർണാടകയിൽ നേരത്തേയും ഉണ്ടായിട്ടുണ്ട്. ഒരാഴ്ചക്കിടെ കർണാടകയിൽ നടക്കുന്ന മൂന്നാമത്തെ സദാചാര ആക്രമണമാണ് ഇത്. നേരത്തേ ചിക്കമംഗളൂരുവിലും ഇത്തരത്തിൽ ആക്രമണം നടന്നിരുന്നു.












Click it and Unblock the Notifications