മോർബി പാലം അപകടം; സംഭവിച്ചത് ഇതാണ്.. ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ദില്ലി: ഗുജറാത്തിൽ 142 പേരുടെ മരണത്തിനിടയാക്കിയ മോർബി തൂക്കുപാല അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് അപകട സമയത്ത് പാലത്തിൽ ഉണ്ടായിരുന്നത്. ചിലർ കയറി നിന്ന് ആടിയതിന് തൊട്ട് പിന്നാലെയാണ് പാലം നദിയിലേക്ക് പതിച്ചത്. ഞായറാഴ്ച വൈകീട്ട് 6:31 ഓടെയായിരുന്നു അപകടം നടന്നത്. നിമിഷ നേരം കൊണ്ടാണ് ആളുകൾ നദിയിലേക്ക് വീണത്.

പുറത്ത് വന്ന വീഡിയോയിൽ പാലത്തിൽ ആളുകൾ തിങ്ങി നിറഞ്ഞ് നിൽക്കുന്നത് കാണാം. ഈ സമയം ഏകദേശം 500 ഓളം പേർ പാലത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ചിലർ പാലത്തിൽ കയറി ഇരുവശത്തേയും കേബിളുകൾ പിടിച്ച് ആടാൻ ശ്രമിക്കുന്നതിനിടെ നിമിഷ നേരം കൊണ്ടാണ് പാലം തകർന്ന് വീഴുന്നതെന്നും ദൃശ്യങ്ങളിൽ ഉണ്ട്. അപകടത്തിൽ പുഴയിൽ വീണ പലരേയും കണ്ടെത്താൻ ഉണ്ടെന്നാണ് വിവരം. കരസേനയുടേയും എൻ ഡി ആർ സംഘത്തിന്റെയുമെല്ലാം നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലും നടത്തുന്നുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ആഭ്യന്തര മന്ത്രി ഹർഷ് സാംഗ്വിയുടെ നേതൃത്വത്തിലാണ് നിലവിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
മോർബിയിലെ മച്ചു നദിക്ക് കുറുകെയാണ് അപകടത്തിൽ പെട്ട തൂക്കുപാലം. ബ്രിട്ടീഷ് ഭരണകാലത്ത് പണിത പാലമാണിത്. അറ്റകുറ്റ പണികൾക്കായി 7 മാസം മുൻപ് അടച്ച പാലം പണികൾ പൂർത്തിയാക്കി ഒക്ടോബർ 26 നാണ് വീണ്ടും തുറന്ന് കൊടുത്തത്. സംഭവത്തിൽ ഗുജറാത്ത് സർക്കാർ അഞ്ചംഗ സമിതി രൂപീകരിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 15 വർഷത്തേക്ക് പാലത്തിന്‍റെ നടത്തിപ്പ് ചുമതല നൽകിയ കമ്പനിക്കെതിരെ നരഹത്യക്കുറ്റമടക്കം ചുമത്തി പോലീസ് കേസെടുത്തിരുന്നു.
അതേസമയം ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് ലഭിക്കാതെയാണ് പാലം പൊതുജനത്തിന് തുറന്ന് കൊടുത്തതെന്ന് പ്രാദേശിക മുനിസിപ്പൽ ബോഡി മേധാവി സന്ദീപ്‌സിംഗ് സാല പറഞ്ഞു. സർക്കാരിന്റെ ടെൻഡർ ആയിരുന്നു. പാലം പണികൾ പൂർത്തിയാക്കി തുറക്കുമ്പോൾ ഒറെവ ഗ്രൂപ്പ് അത് സംബന്ധിച്ചിള്ള വിശദാംശങ്ങളും ഗുണനിലവാര പരിശോധനയും പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ അവരത് ചെയ്തില്ല. സർക്കാരിന് ഇതിനെ കുറിച്ച് അറിയുമായിരുന്നില്ലെന്നും സാല പറഞ്ഞു. അപകടത്തിൽ മരിച്ചവർക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തിലെ മൂന്ന് ദിവസത്തെ പരിപാടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി റദ്ദ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications