തിരഞ്ഞെടുപ്പ് പ്രചരണത്തിന് കൂടുതൽ ഇളവുകൾ; പദയാത്രകൾക്ക് അനുമതി..പ്രചരണ സമയത്തിനും മാറ്റം
ദില്ലി ; രാജ്യത്തെ കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കൂടുതൽ ഇളവുകൾ അനുവദിച്ചു. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി(എസ് ഡി എം എ) നിർദ്ദേശിക്കുന്ന പരിമിതികൾ അനുസരിച്ച് അനുവദനീയമായ എണ്ണത്തിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളിച്ച് കൊണ്ട് പദയാത്ര നടത്താം. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണുമായി കൊവിഡിന്റെ സ്ഥിതിഗതികൾ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച നടത്തിയിരുന്നു. യോഗത്തിൽ കൊവിഡ് സാഹചര്യം മെച്ചപ്പെടുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പ്രചാരണ സമയം രാത്രി 8 മുതൽ രാവിലെ 8 വരെ എന്നതിന് പകരം രാത്രി 10 മുതൽ രാവിലെ 6 വരെ ആക്കാനും യോഗത്തിൽ തിരുമാനമായി. ഇൻഡോർ, ഔട്ട്ഡോർ പരിപാടികളിൽ പങ്കെടുക്കാൻ കഴിയുന്നവരുടെ എണ്ണവും ഉയർത്തിയിട്ടുണ്ട്. അടച്ചിട്ട ഹാളുകളിൽ നടക്കുന്ന പരിപാടികളിൽ പരമാവധി ശേഷിയുടെ 50 ശതമാനം പേർക്ക് പങ്കെടുക്കാനാണ് അനുമതി ഉള്ളത്. . ഔട്ട്ഡോർ വേദികളിൽ പരമാവധി ശേഷിയുടെ 30 ശതമാനം പേർക്കും.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനവരി 15 വരെയായിരുന്നു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പിന്നീട് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ തുടർന്നും നീട്ടുകയായിരുന്നു. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
അതേസമയം രാജ്യത്ത് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത് 50,407 പേര്‍ക്കാണ്. നിലവില്‍ 6,10,443 പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.43 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,36,962 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,14,68,120 ആയി.
ദേശീയ രോഗമുക്തി നിരക്ക് 97.37 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 46.82 ലക്ഷത്തിലധികം (46,82,662) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 172.29 കോടി (1,72,29,47,688) പിന്നിട്ടു. 1,92,76,398 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5.07 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 3.48 ശതമാനമാണ്.












Click it and Unblock the Notifications