കുംഭമേളയ്ക്കിടെ കൊറോണ ബാധിച്ചത് 1700 പേര്‍ക്ക്; തിരിച്ചെത്തുന്നവര്‍ക്ക് നിയന്ത്രണം വന്നേക്കും
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടക്കുന്ന കുംഭമേളയ്ക്കിടെ കൊറോണ രോഗം ബാധിച്ചത് 1700 പേര്‍ക്ക്. ഏപ്രില്‍ 10 മുതല്‍ 14 വരെയുള്ള കണക്കാണിത്. ലക്ഷക്കണക്കിന് ആളുകളാണ് കുംഭമേളയുടെ പ്രധാന ചടങ്ങായ പുണ്യ സ്‌നാനത്തിന് എത്തുന്നത്. ഇതിനിടെ ഇത്രയും പേര്‍ക്ക് രോഗം ബാധിച്ചത് കൊറോണ വ്യാപനത്തിന് ഇടയാക്കുമോ എന്നാണ് ആശങ്ക. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കുംഭമേള നിര്‍ത്തിവെക്കുന്ന കാര്യം ആലോചിച്ചിരുന്നു. എന്നാല്‍ മത നേതാക്കള്‍ സമ്മതിക്കാത്തത് കാരണം ഈ മാസം 30 വരെ തുടരുമെന്നാണ് പുതിയ വിവരം.

കുംഭമേള കൊറോണ വ്യാപന കേന്ദ്രമായി മാറുമെന്ന് ചില പ്രമുഖര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വിശ്വാസം അവഗണിക്കാന്‍ സാധിക്കില്ല എന്നാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പ്രതികരിച്ചത്. കുംഭമേള കഴിഞ്ഞ് തിരിച്ചെത്തുന്നവരെല്ലാം ക്വാറന്റൈനില്‍ കഴിയണമെന്നും കൊറോണ രോഗമില്ലെന്ന് ഉറപ്പാക്കുകയും വേണമെന്ന് കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മറ്റു സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് സൂചന.
ഹരിദ്വാറില്‍ വിവിധ ഇടങ്ങളില്‍ കൊറോണ പരിശോധന നടക്കുന്നുണ്ടെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ശംഭു കുമാര്‍ ഝാ പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് പരിശോധന നടത്തിയിട്ടുണ്ട്. ഫലം വന്നിട്ടില്ല. അതുകൂടി വരുമ്പോള്‍ രോഗികളുടെ എണ്ണം 2000 കടക്കുമെന്ന് ശംഭു കുമാര്‍ പറഞ്ഞു. ഹരിദ്വാറിലെ വിവിധ ഇടങ്ങളിലായി 670 ഹെക്ടറിലാണ് കുംഭമേള നടക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന മത ചടങ്ങുകളില്‍ ഒന്നാണിത്.
രണ്ടു പുണ്യ സ്‌നാനങ്ങള്‍ കഴിഞ്ഞു. ഇതില്‍ 48 ലക്ഷം പേര്‍ പങ്കാളികളായി. ഇനിയും ഒരു പുണ്യ സ്‌നാനം കൂടിയുണ്ട്. തീര്‍ഥാടകള്‍ മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും എത്തുന്നത് പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ പ്രതികരണം.












Click it and Unblock the Notifications