രാമക്ഷേത്രത്തിന് സംഭാവനകള്‍ ഒഴുകുന്നു; 15 ദിവസത്തിനിടെ ലഭിച്ചത് കോടിക്കണക്കിന് രൂപ!!
ക്ഷേത്ര സമുച്ചയത്തിന് 1000 കോടി രൂപയാണ് നിര്‍മാണ ചെലവ് വരിക എന്നാണ് കണക്കുകൂട്ടല്‍. 110 ഏക്കറിലായി വ്യാപിച്ചു കിടക്കുന്നതായിരിക്കും ക്ഷേത്രം

അയോധ്യ: കഴിഞ്ഞ 15 ദിവസത്തിനിടെ ക്ഷേത്രത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന സംഭാവന പെട്ടിയില്‍ ഒരു കോടിയിലേറെ രൂപ രാമക്ഷേത്ര നിര്‍മാണത്തിനായി ലഭിച്ചതായി രാമക്ഷേത്ര ട്രസ്റ്റ് ഉദ്യോഗസ്ഥന്‍. 2023 ജനുവരി മുതല്‍ സംഭാവനകള്‍ മൂന്നിരട്ടിയായി വര്‍ധിച്ചു എന്നും അദ്ദേഹം പറഞ്ഞു.
സംഭാവനകള്‍ എണ്ണുന്നതിനും നിക്ഷേപിക്കുന്നതിനും ചുമതലപ്പെടുത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ ആണ് രാം മന്ദിര്‍ ട്രസ്റ്റിനെ ഇക്കാര്യം അറിയിച്ചത് എന്ന് രാമജന്മഭൂമിയിലെ രാം മന്ദിര്‍ ട്രസ്റ്റിന്റെ ഓഫീസ് ഇന്‍ചാര്‍ജ് പ്രകാശ് ഗുപ്ത പറഞ്ഞു. ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടില്‍ പണം എണ്ണുന്നതിനും നിക്ഷേപിക്കുന്നതിനും വേണ്ടി മാത്രമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രണ്ട് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട് എന്നും പ്രകാശ് ഗുപ്ത കൂട്ടിച്ചേര്‍ത്തു.
അതേസമയം രാമക്ഷേത്രത്തിലേക്ക് ഉള്ള സംഭാവനകള്‍ അതിവേഗം വര്‍ധിച്ച് വരികയാണ് എന്ന് രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. വരും നാളില്‍ തിരുപ്പതി ബാലാജിയുടെ മാതൃകയില്‍ എല്ലാ ദിവസവും നൂറു കണക്കിന് തൊഴിലാളികള്‍ പണം എണ്ണുന്നതിന് വേണ്ടിയുള്ള ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
അതേസമയം 2023 ഡിസംബറോടെ അയോധ്യയിലെ രാമക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്നു നല്‍കിയേക്കും എന്നാണ് റിപ്പോര്‍ട്ട്. അയോധ്യ ക്ഷേത്ര നിര്‍മാണം 2025 ആകുന്നതോടെ പൂര്‍ണമായി പൂര്‍ത്തിയാകും എന്നാണ് കണക്കുകൂട്ടല്‍. 110 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ക്ഷേത്ര സമുച്ചയത്തിന് 1000 കോടി രൂപയാണ് നിര്‍മാണ ചെലവ് വരിക എന്നാണ് കണക്കുകൂട്ടല്‍.
രാജസ്ഥാന്‍ കല്ലുകളും മാര്‍ബിളുമാണ് ക്ഷേത്ര നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. 360 അടി നീളവും 235 അടി വീതിയുമാണ് ക്ഷേത്രത്തിന് ഉണ്ടാകുക. ക്ഷേത്രത്തിന് 20 അടി ഉയരുമുള്ള മൂന്ന് നിലകള്‍ ഉണ്ടായിരിക്കും.












Click it and Unblock the Notifications