
കൊല്ലപ്പെട്ട ഗായകൻ സിദ്ദു മൂസ് വാലയുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയത് രണ്ട് ഡസനിലധികം വെടിയുണ്ടകൾ
ചണ്ഡീഗഡ്: പഞ്ചാബിൽ കൊല്ലപ്പെട്ട ഗായകൻ സിദ്ദു മൂസ് വാലയുടെ ശരീരത്തിൽ നിന്ന് രണ്ട് ഡസനിലധികം വെടിയുണ്ടകൾ കണ്ടെടുത്തതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയോട്ടിയിൽ നിന്ന് ഉൾപ്പെടെ വെടിയുണ്ടകൾ കണ്ടിത്തിയിട്ടുണ്ട്. അഞ്ച് ഡോക്ടർമാർ അടങ്ങുന്ന പാനൽ സംഘമാണ് തിങ്കളാഴ്ച സിദ്ദു മൂസ് വാലയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്. ഈ വർഷത്തെ പഞ്ചാബ് സംസ്ഥാന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ഗായകൻ ഞായറാഴ്ചയാണ് പഞ്ചാബിലെ മാൻസയിൽ വെച്ച് വെടിയേറ്റ് മരിച്ചത്.
ആശുപത്രിയിലെത്തിച്ചെങ്കിലും സിദ്ദുവിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അമിത രക്തസ്രാവമാണ് മരണത്തിന് കാരണമെന്ന് വൃത്തങ്ങൾ പറയുന്നു. ആന്തരാവയവങ്ങളുടെ സാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. രണ്ട് സംഘങ്ങൾ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പഞ്ചാബ് പോലീസ് മേധാവി വികെ ഭാവ്ര പറഞ്ഞു. പഞ്ചാബിലെ മാൻസ പോലീസ് സ്റ്റേഷനിൽ ഫോറൻസിക് സംഘം ഗായകന്റെ കാർ പരിശോധിച്ചുവരികയാണ്. കാറിന്റെ മുൻഭാഗത്തും ഇരുവശങ്ങളിലും ഒന്നിലധികം ബുള്ളറ്റുകൾ തുളച്ചുകയറിയ ദ്വാരങ്ങൾ കാണാൻ സാധിക്കും. ഒന്നിലധികം ആളുകൾ വിവിധ വശത്ത് നിന്ന് കാറിലേക്ക് വെടിയുതിർത്തിട്ടുണ്ടാകാമെന്നാണ് നിഗമനം.
സംഭവം നടക്കുമ്പോൾ മരണപ്പെട്ട ഗായകന്റെ പിതാവ് ബൽക്കൗർ സിംഗ് മറ്റൊരു കാറിൽ സിദ്ദുവിന് പിന്നാലെയുണ്ടായിരുന്നു. " എന്റെ മകൻ അവന്റെ സുഹൃത്തുക്കളായ ഗുർവീന്ദർ സിംഗ്, ഗുർപ്രീത് സിംഗ് എന്നിവരോടൊപ്പം കാറിൽ സഞ്ചരിക്കുമ്പോൾ ആണ് ആക്രമണം ഉണ്ടായത്. ഇവരുടെ കാറിൽ അം ഗരക്ഷകർ ഉണ്ടായിരുന്നില്ല. അവർ എന്റെയൊപ്പം പിന്നാലെ വന്ന കാറിൽ അയിരുന്നു. ഞങ്ങൾ അവരുടെ കാറിനെ പിൻതുടരുകയായിരുന്നു." ബൽക്കൗർ സിംഗ് തന്റെ പരാതിയിൽ പറഞ്ഞു. അതേ സമയം കേസിൽ പ്രധാന പ്രതി എന്ന് സംശയിക്കുന്ന ലോറൻസ് ബിഷ്ണോയി എന്ന ആളെ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്ന് കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. ഇയാൾക്കൊപ്പം മറ്റ് അഞ്ച് പേരെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
സിദ്ദു മൂസ് വാല കൊലപാതകം; അന്വേഷണത്തിന് ജുഡീഷ്യൽ കമ്മീഷൻ രൂപീകരിക്കുമെന്ന് ഭഗവന്ത് മാൻ
ഹേമകുണ്ഡ് സാഹിബ് യാത്രയ്ക്കായി പോകുന്ന തീർഥാടകർക്കിടയിൽ ഒളിച്ചിരുന്ന ഇവരെ പർവതനിരകൾക്ക് സമീപത്ത് നിന്നാണ് പോലീസ് കണ്ടെത്തിയത്. അതേ സമയം കേസ് അന്വേഷിക്കാൻ പുതിയ ജുഡീഷ്യൽ കമ്മീഷൻ രൂപീകരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഇന്നലെ പറഞ്ഞു. പഞ്ചാബ്- ഹരിയാന ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിൽ ആയിരിക്കും കമ്മീഷന്റെ രൂപികരണം. കൊല്ലപ്പെട്ട ഗായകന്റെ പിതാവ് ബൽക്കർ സിംഗ് സിദ്ദുവിന്റെ അഭ്യർത്ഥന അംഗീകരിച്ചാണ് പുതിയ തീരുമാനം. ഇതിനായി പഞ്ചാബ്- ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിക്കുമെന്നും ഭഗവന്ത് മാൻ പറഞ്ഞു.
രാജകുമാരി പോലെ... മമത സാരിയിലും ഒരേ പൊളി, വൈറലായി നടിയുടെ ചിത്രങ്ങൾ