ഉത്തര്‍ പ്രദേശില്‍ 115 വര്‍ഷം പഴക്കമുള്ള പള്ളി പൊളിച്ചു; വന്‍ പ്രതിഷേധം, 'ഇതാണോ സനാതന ധര്‍മം'
ഉത്തര്‍ പ്രദേശിലെ സഹാറന്‍പൂരില്‍ 115 വര്‍ഷം പഴക്കമുള്ള മുസ്ലിം പള്ളി പൊളിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രിയ്ക്ക് ശേഷം ബുള്‍ഡോസര്‍ എത്തിച്ച് വന്‍ സുരക്ഷ ഒരുക്കിയാണ് ഇന്ന് രാവിലെ പള്ളി പൊളിച്ചത്. സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാക്കള്‍ രംഗത്തുവന്നു. ഭരണകൂടം ജനങ്ങളെ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിന് പകരം മതം പറഞ്ഞ് ഭിന്നിപ്പിക്കുകയും ഭയപ്പെടുത്തുകയുമാണ് എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
സഹാറന്‍പൂര്‍ ജില്ലാ ഭരണകൂടമാണ് പള്ളി പൊളിച്ചത്. ജില്ലാ കളക്ട്രേറ്റ് പരിസരത്താണ് പള്ളി. ഇത് സര്‍ക്കാര്‍ ഭൂമിയിലാണെന്നും നിയമ വിരുദ്ധമായി നിര്‍മിച്ചതാണെന്നും ആരോപിച്ച് ബജറംഗ്ദള്‍ നേതാവ് വികാസ് ത്യാഗി നല്‍കിയ ഹര്‍ജിയിലാണ് നടപടി. പള്ളി പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട മജിസ്‌ട്രേറ്റ് കോടതി പള്ളി കമ്മിറ്റി ആറ് കോടി രൂപ പിഴയടക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

ഇത് സംബന്ധിച്ച അപ്പീല്‍ ഹര്‍ജി ജില്ലാ കോടതി തള്ളിയ പിന്നാലെയാണ് പള്ളി പൊളിച്ചത്. വെള്ളിയാഴ്ച രാത്രി നിരവധി ബുള്‍ഡോസറുകള്‍ കളക്ട്രേറ്റ് വളപ്പില്‍ എത്തിയിരുന്നു. വന്‍ പോലീസ് സുരക്ഷയും ഒരുക്കി. കളക്ട്രേറ്റിലേക്കുള്ള അഞ്ച് കവാടങ്ങളും അടച്ചിട്ടു. പുറത്തുനിന്ന് ആരെങ്കിലും കളക്ട്രേറ്റിലേക്ക് പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. പ്രതിഷേധ സാധ്യത മുന്നില്‍ കണ്ടായിരുന്നു ഈ മുന്‍കരുതല്‍ നടപടികള്‍.
മാര്‍ച്ച് 25നാണ് ബജറംഗ്ദള്‍ നേതാവ് പള്ളി പൊളിച്ചു മാറ്റണം എന്ന് ആവശ്യപ്പെട്ട് സിറ്റി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ഹര്‍ജിയിലെ ആവശ്യം കോടതി ശരിവെക്കുകയും അനധികൃത നിര്‍മണത്തിന് പള്ളി കമ്മിറ്റിക്ക് 6.41 കോടി രൂപ പിഴ ചുമത്തുകയും ചെയ്തു. ഇതിനെതിരെ പള്ളി കമ്മിറ്റി ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ബുധനാഴ്ച തള്ളി. വെള്ളിയാഴ്ച ബുള്‍ഡോസറുള്‍ എത്തി. ശനിയാഴ്ച അതിരാവിലെ പള്ളി പൊളിക്കുകയും ചെയ്തു.
സംഭവത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ എസ്പി നേതാവ് അഖിലേഷ് യാദവ്, ബിഎസ്പി അധ്യക്ഷ മായാവതി, മജ്‌ലിസ് പാര്‍ട്ടി അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി എന്നിവര്‍ രംഗത്തുവന്നു. ഇതാണോ സനാതന ധര്‍മം എന്ന് അഖിലേഷ് യാദവ് ചോദിച്ചു. മറ്റു മതങ്ങളെയും ബഹുമാനിക്കുകയല്ലേ വേണ്ടത്. മറ്റു മതങ്ങളെ അപമാനിക്കാന്‍ യഥാര്‍ഥ സനാതനിക്ക് ഒരിക്കലും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്പിയുടെ കൈരാന എംപി ഇഖ്‌റ ഹസന്‍ സഹാറന്‍പൂരിലേക്ക് പുറപ്പെടാനിരിക്കെ യുപി പോലീസ് അവരെ വീട്ടുതടങ്കലിലാക്കി. അണികളോടൊപ്പം സഹാറന്‍പൂരിലേക്ക് പോകാനായിരുന്നു അവരുടെ നീക്കം. മുസ്ലിങ്ങള്‍ക്ക് മതസ്വാതന്ത്രമില്ല എന്നതിന് തെളിവാണ് ഈ സംഭവം എന്ന് അസദുദ്ദീന്‍ ഉവൈസി കുറ്റപ്പെടുത്തി. പള്ളിയുടെ നിര്‍മാണത്തിന്റെയും ഉടമസ്ഥാവകാശത്തിന്റെയും എല്ലാ രേഖകളും ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിച്ചിരുന്നു എന്ന് സഹാറന്‍പൂര്‍ കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദ് പറഞ്ഞു. തങ്ങളുടെ ഭരണഘടനാ അവകാശങ്ങളാണ് ലംഘിക്കപ്പെട്ടിരിക്കുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു.





Click it and Unblock the Notifications