പെണ്‍മക്കളെ കൊന്ന ശേഷം അമ്മ ഡാമില്‍ ചാടി ജീവനൊടുക്കി
മൈസൂര്‍: എട്ടും ആറും വയസ്സുള്ള രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തു. മൈസൂരിന് 60 കിലോമീറ്റര്‍ മാറി നുഗു ഡാമിലായിരുന്നു നാടിനെ നടുക്കിയ മരണങ്ങള്‍. കൊട്ടെ താലൂക്കിലെ ഹെഗ്ഗഡെദേവനില്‍ വ്യാഴാഴ്ച ഗീത എന്ന 30കാരി മക്കളെ കൊന്ന ശേഷം ജീവനൊടുക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് പോലീസ് സംഭവം അറിഞ്ഞത്.
ഗീതയുടെ മൃതദേഹം നുഗു ഡാമില്‍ ഒഴുകിനടക്കുന്നത് കണ്ട നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. തിരച്ചിലില്‍ പെണ്‍കുട്ടികളുടെ മൃതദേഹങ്ങളും കിട്ടി. മൂത്ത മകള്‍ അര്‍ച്ചന (8), സിഞ്ചന (6) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ഗീത ഡാമില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.

ബദഗല്‍പുരയിലെ വീട്ടില്‍ അച്ഛനമ്മമാര്‍ക്കൊപ്പമാണ് ഗീതയും കുട്ടികളും താമസിച്ചിരുന്നത് എന്ന് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ സുരേഷ് പറഞ്ഞു. ഏകദേശം 5 കിലോമീറ്റര്‍ ദൂരമാണ് ഇവിടെ നിന്നും ഡാമിലേക്ക് ഉള്ളത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ഗീത വീടുവിട്ടത്. പിന്നീട് ഇവരെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.
വ്യാഴാഴ്ച വൈകുന്നേരത്തോടെ മക്കളെ ഡാമില്‍ എറിഞ്ഞുകൊന്ന ശേഷം ഗീതയും ആത്മഹത്യ ചെയ്തതാകണം എന്നാണ് പോലീസ് കരുതുന്നത്. പത്ത് വര്‍ഷം മുമ്പാണ് ചന്നസ്വാമിയെ ഗീത വിവാഹം ചെയ്തത്. കര്‍ഷകനാണ് ഇയാള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവര്‍ക്ക് കുടുംബത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉള്ളതായി വിവരമുണ്ട്. ഗീതയുടെ ഭര്‍ത്താവിനെതിരെ ആരും പരാതിയുമായി രംഗത്ത് വന്നിട്ടില്ല എന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications